ദമ്മാം: ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന പ്രണയനൊമ്പരങ്ങളെ പാട്ടുകളാക്കിയപ്പോൾ മലയാള പാട്ട് ആസ്വാദകർ ഇരുകൈയും നീട്ടി സ്വീകരിച്ചെന്ന് പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ. കൗമാര ജീവിതങ്ങളുടെ പ്രതിഫലനമായിരുന്നു ആ പാട്ടുകൾ. ഇല്ലായ്മകളുടെ കാലത്ത് ജീവിതത്തിൽനിന്ന് വഴുതിപ്പോയ പ്രണയം തീർത്ത നൊമ്പരങ്ങൾ എനിക്ക് മാത്രമല്ലെന്ന് തിരിച്ചറിഞ്ഞത് ഈ പാട്ടുകളെ മലയാളത്തിന്റെ യുവ ഹൃദയങ്ങൾ ഏറ്റെടുത്തപ്പോഴായിരുന്നു. ഒരോ നഷ്ടവും മറ്റൊരു നേട്ടത്തിന്റെ പടികൂടിയാണെന്ന് ഞാൻ തിരിച്ചറിഞ്ഞതും ഈ പാട്ടുകളിലൂടെയാണ്.
ദമ്മാമിൽ ടീം ക്യൂസി സംഘടിപ്പിച്ച ‘അഹ്ലൻ ഖത്വീഫ്’ എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് മനസ്സു തുറക്കുകയായിരുന്നു. വളാഞ്ചേരിയിലെ അറബികോളജിൽ മതപഠനം നടത്തുന്ന കാലത്താണ് ‘ദഫ്’ പരിചയപ്പെടുന്നത്. ഇത് കോടത്തൂരിലെ മദ്റസകളിൽ കുട്ടികളെ പരിചയപ്പെടുത്തിയതോടെ അവർക്കതൊരു പുതുമയായി.
നബിദിനാഘോഷങ്ങളിൽ ദഫിന് വേണ്ടി പുതിയ പാട്ടുകളെഴുതിയാണ് എഴുത്തുവഴിയിൽ എത്തുന്നത്. അപ്പോഴും പാട്ടുണ്ടെങ്കിലും സ്റ്റേജിന്റെ പിന്നാമ്പുറത്ത് നിന്നുള്ള പാട്ടുമാത്രം. ഇതിനിടയിൽ ജീവിതത്തിലെ പ്രണയഭാവങ്ങളെക്കുറിച്ച് സുഹൃത്തുക്കളുടെ ഇടയിൽ പാട്ടുമൂളാൻ തുടങ്ങി. ദുഃഖം മറക്കാൻ കണ്ട മാർഗം പാട്ടുപാടുകയായിരുന്നു. കൂട്ടുകാർ മൂൻകൈയെടുത്തതോടെ ആൽബങ്ങൾ പിറക്കാൻ തുടങ്ങി. ‘അറേബ്യൻ’ എന്ന ആദ്യത്തെ ആൽബത്തിൽ ‘കള്ളിപ്പൂങ്കുയിലേ’ എന്ന പാട്ട് അഫ്സലാണ് പാടിയത്. അത് ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് അദ്ദേഹം തന്നെ പാടിയ ‘ഓ സജ്നാ’ എന്ന ആൽബത്തിലെ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടു. ‘എല്ലാം അറിയുന്നോനെ’ എന്ന ഹിറ്റ് പാട്ട് അതിലാണ് ഉൾപ്പെട്ടിട്ടുള്ളത്. തുടർന്ന് അഫ്സലും വിധു പ്രതാപും ഉൾപ്പെടെ പ്രധാന ഗായകർ പാടിയ നിരവധി പാട്ടുകൾ എഴുതി. അപ്പോഴെല്ലാം രചനയും സംഗീതവും മാത്രമേയുള്ളൂ.
‘എന്റെ സ്വന്തം’ എന്ന ആൽബത്തിലാണ് ഞാൻ ആദ്യമായി പാടുന്നത്. ആ ആൽബത്തിൽ ഷാഫി കൊല്ലത്തിനു വേണ്ടിയാണ് പാട്ടെഴുതിയത്. മാസങ്ങൾ കാത്തിരുന്നിട്ടും ഷാഫിയുടെ തിരക്ക് കാരണം പാടാനെത്താൻ സാധിച്ചില്ല. ‘ഖൽബിലാണ് റജ്ന, കരളിലാണ് റജ്ന എന്ന് എഴുതി ചിട്ടപ്പെടുത്തിയ ഗാനത്തിന്റെ ട്രാക്ക് പാടിയതും ഞാനാണ്. ഒടുവിൽ ഈ ട്രാക്ക് വെച്ച് അതിന്റെ ചിത്രീകരണം ചെയ്യാൻ തീരുമാനിച്ചു. ഇതുകേട്ട പലരും ഷാഫിയാണോ പാടിയതെന്ന് ചോദിച്ചതോടെ നിർമാതാവ് ഇത് സലീം തന്നെ പാടിയാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
‘എത്രനാൾ’ എന്ന പാട്ടും അഫ്സലിന് വേണ്ടിയാണ് എഴുതിയത്. ആ ആൽബത്തിലെ അഞ്ച് പാട്ടുകൾ പാടുന്നതും അഫ്സലാണ്. പക്ഷേ അന്ന് വിദേശത്തേക്ക് പോകേണ്ട അഫ്സൽ നാല് പാട്ടുകൾ പാടിയതിനു ശേഷം ഈ പാട്ട് തന്റെ സഹോദരൻ അൻസാറിനെക്കൊണ്ട് പാടിച്ചോളൂ എന്ന് പറയുകയായിരുന്നു.
എന്നാൽ മറ്റൊരു പാട്ട് അൻസാറിന് കൊടുത്തിട്ട് ‘എത്രനാൾ കാത്തിരുന്നു’ എന്ന പാട്ട് ഞാൻ തന്നെ പാടി. ഹിറ്റായ ‘മനസ്സിന്റെ മണിയറയിൽ’ എന്ന പാട്ടും ഷാഫി കൊല്ലത്തിന് വേണ്ടി എഴുതിയ പാട്ടാണ്. നബിദിനത്തിൽ യൂസുഫ് നബിയുടെ ചരിത്രമായി പാടിയ ആ പാട്ട് പിന്നീട് ഒരു പ്രണയ ഗാനമായി മാറ്റുകയായിരുന്നു. ആൽബം റിലീസ് ചെയ്യാൻ സമയമായിട്ടും തിരക്ക് കാരണം ഷാഫിക്ക് പാടാൻ എത്താൻ സാധിക്കാതെ വന്നതോടെ ആ പാട്ടും ഞാൻ പാടുകയായിരുന്നു. പക്ഷെ സലീം കോടത്തൂരെന്ന ഗായകനെ സൃഷ്ടിക്കാൻ പടച്ചവൻ കാത്തുവെച്ച പാട്ടുകളായിരുന്നു ഇതെന്ന് പറയാം.
പഴയ പാട്ടുകളോട് ചേർത്തുവെക്കാനുള്ള നല്ല പാട്ടുകളൊന്നും ഞങ്ങൾ പാടിയിട്ടില്ലെന്ന് പഴയ തലമുറയും മാപ്പിളപ്പാട്ടിലെ പാരമ്പര്യ വാദികളുമൊക്കെ വാദിക്കുമെങ്കിലും ഞങ്ങൾ പാടിയ പാട്ടുകൾ യുവതയുടെ സ്വപ്നങ്ങളായിരുന്നുവെന്ന് നിസ്സംശയം പറയാം. മോൾ ഹന്നയാണ് എന്റെ മറ്റൊരനുഗ്രഹം. അവൾ ജനിച്ചപ്പോൾ മണിക്കൂറുകൾ പോലും ജീവിക്കില്ലെന്ന് എല്ലാവരും പറഞ്ഞപ്പോഴും എനിക്ക് മാത്രം പ്രതീക്ഷയായിരുന്നു. എല്ലാവരും വേദനിച്ചപ്പോഴും ഞാൻ മാത്രം സന്തോഷിച്ചു. അത് പടച്ചവൻ എനിക്ക് തന്ന അനുഗ്രഹമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ന് ഹന്ന പാടുന്ന പാട്ടുകൾ കേൾക്കാനും അംഗീകരിക്കാനും ഒരു ലോകം കാത്തിരിക്കുന്നു. അതാണ് ജീവിതം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.