ജുബൈൽ: കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് ഗുരുതര രോഗങ്ങളെ തടയുകയും അണുബാധക്കുള്ള സാധ്യത കുറക്കുകയും ചെയ്യുമെന്ന് സൗദി ആരോഗ്യമന്ത്രാലയം.
രണ്ടാമത്തെ ഡോസ് എടുക്കുന്നതിലൂടെ രൂപപ്പെടുന്ന പ്രതിരോധശേഷിയുമായി താരതമ്യപ്പെടുത്തുമ്പോൾ ബൂസ്റ്റർ ഡോസ് ശരീരത്തിനുള്ളിലെ ആന്റിബോഡികളുടെ അളവ് വലിയ അളവിൽ ഇരട്ടിയാക്കുന്നു.
കോവിഡ് ബാധയിൽനിന്ന് കരകയറിയ എല്ലാവരും ബൂസ്റ്റർ സ്വീകരിക്കണം. ഇത് അവരുടെ ആരോഗ്യത്തിനും സുരക്ഷക്കും പരമപ്രധാനമാണ്. കോവിഡ് വന്നവർക്ക് വൈറസിനെതിരെയുള്ള പ്രതിരോധശേഷി പൂർണ അളവിൽ ഉണ്ടാകുമോ ഇല്ലയോ എന്നത് ഇപ്പോഴും അജ്ഞാതമാണെന്ന് മന്ത്രാലയം വെളിപ്പെടുത്തി. രോഗമുക്തി നേടിയവരിൽ വൈറസിനെതിരായ പ്രതിരോധകാലയളവിനെക്കുറിച്ച് പഠനങ്ങൾ നടന്നുവരുകയാണ്.
എല്ലാ സാഹചര്യങ്ങളിലും പ്രതിരോധനിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
കോവിഡ് മൂലം ഉണ്ടാകുന്ന പ്രതിരോധശേഷി ജനിതകമാറ്റമുണ്ടായ വൈറസിനെ പ്രതിരോധിക്കില്ലന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു. പാൻഡെമിക്കിന്റെ മുൻ ഘട്ടങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായി കണക്കാക്കപ്പെടുന്ന കോവിഡ് അണുബാധയുടെ കേസുകൾ കുറയുന്നതിന് രാജ്യം സാക്ഷ്യംവഹിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയ വക്താവ് വാർത്തസമ്മേളനത്തിൽ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.