ജിദ്ദ: ഒ.ഐ.സി.സി സൗദി വെസ്റ്റേൻ റീജനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസി ഭാരതീയ ദിവസ് ആഘോഷിച്ചു. മഹാത്മാഗാന്ധി സൗത്ത് ആഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തുകയും തുടർന്ന് ഇന്ത്യൻ സ്വാതന്ത്ര്യസമര നായകത്വത്തിലേക്ക് നടന്നടുക്കുകയും ചെയ്ത വീരേതിഹാസമായ ഓർമകൾ നിലനിർത്തുവാൻ ആഘോഷിക്കപ്പെടുന്ന പ്രവാസി ഭാരതീയ ദിവസ് കോൺഗ്രസ് യു.പി.എ സർക്കാറുകളുടെ കീഴിൽ വിപുലമായി കൊണ്ടാടുകയായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ബി.ജെ.പി സർക്കാർ അതിന്റെ പ്രാധാന്യം കുറച്ചു കാണിക്കുകയും ഗാന്ധിജിയെ തന്നെ വിസ്മൃതിയിൽ ആഴ്ത്താനുള്ള ഹിഡൻ അജണ്ടയുടെ ഭാഗമായി ഏതാനും ചില വി.ഐ.പികളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഓൺലൈൻ സംവിധാനത്തിലൂടെ സമ്മേളനം നടത്തുകയുമാണിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.
സാമൂഹിക, സാംസ്കാരിക രംഗത്ത് പ്രവാസ ലോകത്ത് ഇന്ത്യൻ ജനതയ്ക്കു വേണ്ടി സംഭാവനകളർപ്പിച്ചവരെ ആദരിക്കുന്ന ചടങ്ങും ഇതോടനുബന്ധിച്ചുണ്ടായിരുന്നു. ഇതെല്ലാം ഇന്ന് സർക്കാർ നിർത്തലാക്കിയിരിക്കുകയാണെന്ന് ചടങ്ങിൽ സംസരിച്ചവർ അഭിപ്രായപ്പെട്ടു. പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങൾ അധികാരികളുടെ മുന്നിൽ എത്തിക്കുവാനുള്ള വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് പ്രവാസി ദിനാഘോഷം നടത്തിയത്. കേരളത്തിൽ ഉദ്ഘാടന മേളകളും സി.പി.എം സമ്മേളനങ്ങളും ആയിരങ്ങൾ പങ്കെടുക്കുന്ന കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങളായി മാറുമ്പോൾ കേരളത്തിലെ പ്രവാസികൾക്ക് മാത്രം ഏഴു ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഏ൪പ്പെടുത്തിയ നടപടിയിൽനിന്നും കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പിന്മാറണം. യോഗം അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കോവിഡ് 19 പ്രതിസന്ധി കാരണം ജോലി നഷ്ടപ്പെടുകയോ വരുമാനം നിലക്കുകയോ ചെയ്ത പ്രവാസികളുടെ രണ്ടുവർഷത്തെ ബാങ്ക് പലിശകൾ എഴുതിത്തള്ളാൻ വേണ്ട നടപടികൾ സ്വീകരിക്കണം. മരണപ്പെട്ടവർക്ക് നഷ്ടപരിഹാരം കിട്ടാനുള്ള അവസരംപോലും പ്രവാസികൾക്ക് ഇല്ലാത്തതു ക്രൂരതയാണ്. സഹായം വേണ്ട സമയത്ത് കൂടുതൽ പ്രയാസങ്ങൾ സൃഷ്ടിക്കുന്ന സമീപനങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അവസാനിപ്പിക്കണം. പ്രവാസികൾ നാട്ടിൽനിന്നും തിരിച്ചെത്താൻ ചുരുങ്ങിയ നിരക്കിൽ വിമാന യാത്രാസൗകര്യം ഏർപ്പെടുത്തണം. കോവിഡിനെ തുടർന്ന് ആറുമാസത്തിലധികം നാട്ടിൽ കഴിഞ്ഞതിന്റെ പേരിൽ മിക്ക പ്രവാസികളുടെയും എൻ.ആർ.ഇ സ്റ്റാറ്റസ് നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്. ഇവരുടെ എൻ.ആർ.ഇ സ്റ്റാറ്റസ് നഷ്ടപ്പെടുത്താതെ നിലനിർത്തുവാനാവശ്യമായ നിയമഭേദഗതികൾ കേന്ദ്രസർക്കാർ കൊണ്ടുവരണം തുടങ്ങിയ ആവശ്യങ്ങൾ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രസിഡൻറ് കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു. ട്രഷറർ ശ്രീജിത്ത് കണ്ണൂ൪ പ്രവാസി ദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി നൗഷാദ് അടൂർ, റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി മാമദ് പൊന്നാനി എന്നിവർ പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഷുക്കൂർ വക്കം, ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുതോട് പ്രമേയത്തെ പിന്തുണച്ചു. സഹീർ മാഞ്ഞാലി, ലത്തീഫ് മക്റേരി, അനിൽകുമാർ പത്തനംതിട്ട, ഷമീർ നദ്വി, ടി.കെ അഷ്റഫ് വടക്കേക്കാട്, യൂനുസ് കാട്ടൂർ, അയ്യൂബ് പന്തളം, റഫീഖ് മൂസ, അനിൽകുമാർ കണ്ണൂർ, ഫസലുള്ള വെള്ളുവമ്പാലി, ജോർജ് ജോയ് പ്ലാത്തറവിള, അൻവർ കല്ലമ്പലം, നൗഷീർ കണ്ണൂർ, സിദ്ദിഖ് ചോക്കാട് മുതലായവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ എടവണ്ണ സ്വാഗതവും മുജീബ് മൂത്തേടത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.