ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ പ്രവാസ ചരിത്ര ഇടങ്ങളിൽ അതിമനോഹരമായ അടയാളം പതിച്ച് ദമ്മാം നാടകവേദി അവതരിപ്പിച്ച ആറാമത് നാടകം അരങ്ങേറി. 91 ലെ ഹൈഫ് ഓഡിറ്റോറിയത്തിലെ തിങ്ങിനിറഞ്ഞ സദസ്സിന് മുന്നിൽ രണ്ട് നാടകത്തിന്‍റെ രണ്ട് ഷോകളാണ് അരങ്ങേറിയത്. മനുഷ്യന്‍റെ കഥ പറയാൻ ദൈവം ഭൂമിലേക്ക് നിയോഗിച്ച ചാരൻ വിശ്വവിഖ്യാത എഴുത്തുകാരൻ വില്ല്യം ഷേക്സ്പിയറിന്‍റെ ജീവിതത്തെ അടയാളപ്പെടുത്തിയ ‘ഇതിഹാസം’ നാടകം ഒരു കൂട്ടം കലാകാരന്മാരുടെ എട്ട് മാസത്തിലധികം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് വേദിയിലെത്തിയത്.
സംവിധാന മികവും, അഭിനയ ചാരുതയും ഒത്തുചേർന്ന നാടകത്തിന്‍റെ മിക്ക രംഗങ്ങളിലും കാണികൾ കയ്യടികളുമായി പിന്തുണ പകർന്നു. ബിജു പി. നിലേശ്വരം ആണ് നാടകം അണിയിച്ചൊരുക്കിയത്. ലണ്ടനിലെ സ്റ്റാർഡ്ഫോർഡിൽ മേയറായിരുന്ന ജോൺ ഷേക്സ്പിയറിന്‍റേയും, മേരി ആഡന്‍റേയും മകനായി ജനിച്ച വില്യം. തന്നെക്കാൾ എട്ട് വയസ്സ് മൂത്ത ആൺഹാത്ലയെ വിവാഹം ചെയ്ത വില്ല്യമിന് മൂന്ന് മക്കളുണ്ട്. പല ജോലികൾ ചെയ്തിട്ടും വിജയിക്കാൻ കഴിയാതെ തോറ്റുപോയ മനുഷ്യനെന്ന് വിലയിരുത്തുന്ന വില്ല്യം തൊട്ടടുത്ത ഫാമിൽ നിന്ന് ആറ് മാൻകുട്ടികളെ മേഷ്ടിക്കുന്നു. എല്ലാവരും കുറ്റവാളിയായി മൂദ്ര കുത്തി ഒറ്റപ്പെടുത്തുമ്പോഴും തന്‍റെ മകൻ പകൽ സൂര്യനെപ്പോലെ കത്തിജ്വലിച്ചും, രാത്രി ചന്ദ്രനെപ്പോലെ നിലാവ് പൊഴിച്ചും വിശ്വ വിഖ്യതനാകുമെന്ന് അമ്മ വിശ്വസിച്ചു. ഒമ്പത് നക്ഷത്രങ്ങൾ തിളങ്ങി നിൽക്കുന്ന കിരീടം വെച്ച മകനെ സ്വപ്നം കാണുന്ന അമ്മക്ക് വേണ്ടി വില്ല്യം മോഷണകുറ്റത്തിന്റെ ശിക്ഷയിൽ നിന്ന് രക്ഷപെടാൻ നാടുവിടുന്നു. ലക്ഷൻ നാടക വേദിയിൽ നാടകം കാണാൻ എത്തുന്നവരുടെ കുതിരവണ്ടികളുടെ കാവൽക്കാരനാകുന്നു. ഒടുവിൽ അമ്മ പറഞ്ഞുകൊടുത്ത നാടോടിക്കഥകളും, തനിക്ക് മുന്നിൽ കണ്ട ജീവിതങ്ങളേയും വില്ല്യം നാടകമാക്കുന്നു. ആത്മ സുഹൃത്ത് ‘ബാർബേജി’ന്‍റെ അഭിനയമികവു കൂടിച്ചേരുമ്പോൾ വില്ല്യം ഷേക്സ്പിയറിന്‍റെ നാടകങ്ങൾ പ്രേക്ഷക ലക്ഷങ്ങൾ ഏറ്റെടുക്കുന്നു.
ലണ്ടൻ നാടക വേദിക്ക് പുറമെ തൈസ് നദിയുടെ കരയിൽ വില്ല്യം ഷേക്സപിയർ ‘ഗ്ലോബ്’ എന്ന നാടകശാല സ്ഥാപിക്കുന്നു. ചെറുപ്പത്തിൽ തന്‍റെ സുഹൃത്തായിരുന്ന ഒഥല്ലോ എന്ന കാപ്പിരിയുടേയും അവനെ സ്നേഹിച്ച ഡെസ്റ്റിമോണ എന്ന സുന്ദരിയുടേയും കഥ പറഞ്ഞ ഒഥല്ലോ ഗ്ലോബിൽ നാടകമാകുന്നു. അന്ന് സ്ത്രീ കഥാപാത്രങ്ങളായി ആണുങ്ങൾ പെൺവേഷം കെട്ടുകയാണ് പതിവ്. അതിന് വിരുദ്ധമായി തന്‍റെ ഹൃദയം തൊട്ട റൊക്സാന എന്ന പെൺകുട്ടി ഡെസ്റ്റിമോണയാകുന്നു. നാടകം കാണാനെത്തിയ എലിസബത്ത് രാജ്ഞി വില്ല്യം ഷേക്സപിയറെ അഭിനന്ദിക്കുന്നു. ആദ്യമായി നാടകത്തിൽ അഭിനയിച്ച സ്ത്രീയെ അഭിനന്ദിക്കുകയും, തുടർന്ന് സ്ത്രീകൾക്ക് നാടകത്തിൽ അഭിനയിക്കാൻ അനുവാദം നൽകുകയും ചെയ്യുന്നു. ഗ്ലോബ് നാടക ശാലക്ക് തീപിടിക്കുന്നതോടെ വില്ല്യം ഷേക്സ്പിയർ തന്‍റെ ഗ്രാമമായ സ്റ്റാർഡ് ഫോർഡിലേക്ക് തിരിച്ചുപോകുന്നു. തന്‍റെ കഥപറഞ്ഞ് വളർത്തിയ അമ്മയുടെ മരണം ഷേക്സ്പിയരെ തളർത്തുന്നു. പലിശക്കാരനായാണ് വില്ല്യം ഷേക്സപിയറെ പിന്നെ കാണുന്നത്. അവസാനം ഗ്ലോബ് തീപിടിച്ചപ്പോൾ പാതിവെന്തുപോയ ശരീരവുമായി മരണത്തെകാത്തുകിടക്കുന്ന റുകസ്ന കരുതിവെച്ചിരുന്ന ഷേക്സ്പിയറുടെ 32 നാടകങ്ങളുടെ കയ്യെഴുത്തു പ്രതി സ്വന്തം മകൾ സൂസന്നക്ക് നൽകി ഷേക്സ്പിയർ മരിക്കുന്നു.
ഒരു കാലഘട്ടത്തിലേക്കുള്ള യാത്രപോലെ അഭിനയ മുഹൂർത്തങ്ങളുടെ മികവുകൊണ്ട് പ്രേക്ഷകരും അതിനൊപ്പം യാത്രപോയി. വില്ല്യം ഷേക്സ്പിയറായി ജോബി ടി ജോർജ് നിറഞ്ഞാടി. അദ്ദേഹത്തിന്‍റെ ഭാര്യ ആൻ ഹാത്ലയായി ഡോ. നവ്യ വിനോദും, അമ്മയായി ജോബിയുടെ ഭാര്യയും, ആന്‍റമാൻകാരിയുമായ ജിഷയും പിതാവായി വേഷമിട്ട ഷിബിന ആറ്റുവയും കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കി. അന്‍ഷാദ് തകടിയേല്‍, മുനീര്‍ മുഴിപ്പിലങ്ങാട്, അഡ്വ. ആര്‍. ഷഹിന, ലാല്‍ജി വര്‍ഗീസ്, ഷാജി മതിലകം, മാത്തുകുട്ടി പള്ളിപ്പാട്, പി.എച്ച് അനീഷ്, ലിബി ജെയിംസ്, ഡോ. നവ്യ വിനോദ്, ഫാത്തിമ അഫ്സല്‍, സോണിയ മാക്സ്മില്ല്യന്‍, ഷിജു ഖാന്‍, ഹുസൈന്‍ ചംബോളില്‍, ഷിബിന്‍ ആറ്റുവ, മധു കൊല്ലം, റെമി ഫിലിപ്പോസ് എന്നിവരും അഭിനയമുഹുർത്തങ്ങളെ ഉജ്ജ്വലമാക്കി. എം.കെ അർജ്ജുനൻ സംഗീതം ചെയ്ത ഗാനങ്ങളും, കവിതകളും നാടകഹൃദയങ്ങളെ ചേർത്തുവെക്കുന്നതായി. അന്‍ഷാദ് തകടിയേല്‍, വിനോദ് കെ. കുഞ്ഞ് എന്നീ പ്രവാസി കലാകാരന്മാർ ഒരുക്കി രംഗപടവും പ്രത്യേക പരാമർശം അർഹിക്കുന്നതാണ്.
വൈകീട്ട് മൂന്ന് മണിക്ക് ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ സംവിധായകൻ ബിജു പി. നിലേശ്വരം ആമുഖ പ്രഭാഷണം നടത്തി. മാധ്യമ പ്രവർത്തകനും, എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ ആശംസകൾ നേർന്നു. കോർഡിറ്റേർ നൗഷാദ് മുത് ലിഫ് സ്വാഗതവും നന്ദിയും പറഞ്ഞു. ഡോ. അമിത ബഷീർ അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.