റിയാദ്: ന്യൂഡൽഹി അന്താരാഷ്ട്ര പുസ്തകമേളയിലെ സൗദി പവിലിയൻ ശ്രദ്ധേയമായി. ന്യൂഡൽഹിയിലെ പ്രഗതി എക്സിബിഷൻ സ്ക്വയറിൽ ഒമ്പത് ദിവസങ്ങളിൽ നടന്ന പുസ്തകമേളയിലെ സൗദി പവിലിയനിൽ പൊതുജനങ്ങളുടെ വലിയ സാന്നിധ്യമാണുണ്ടായത്.
സൗദി സംസ്കാരം, കലകൾ, പൈതൃകം എന്നിവയെക്കുറിച്ച് പഠിക്കാൻ ധാരാളം സന്ദർശകരാണെത്തിയത്. അന്തർ-സാംസ്കാരിക സംഭാഷണങ്ങൾ വികസിപ്പിക്കുന്നതിനും സൗദിയുടെ വൈജ്ഞാനികവും സാംസ്കാരികവുമായ വശങ്ങൾ ഇന്ത്യക്കാർക്കിടയിൽ ഉയർത്തിക്കാട്ടുന്നതിനും സൗദി പവിലിയൻ സംഭാവന നൽകി.
പുസ്തകമേളയിൽ സൗദി സംസ്കാരവും ഇന്ത്യൻ സംസ്കാരത്തിൽ അതിെൻറ സ്വാധീനവും പ്രസിദ്ധീകരണം, സിനിമ, വിവർത്തനം എന്നീ മേഖലകളിലെ സഹകരണവും വിളിച്ചോതുന്ന 13 ഡയലോഗ് സെമിനാറുകൾ ഉൾപ്പെട്ട വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറി.
ദേശീയ വിഭവങ്ങൾ ആഘോഷിക്കാൻ സൗദി ഡിന്നർ നൈറ്റ്, സൗദി സംഗീതവും പെർഫോമിങ് കലകളും പരിചയപ്പെടുത്താൻ മ്യൂസിക് നൈറ്റ് എന്നിങ്ങനെ രണ്ട് ആഘോഷങ്ങളും അരങ്ങേറി. ഇന്ത്യൻ മന്ത്രിമാർ, ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർ, അകാദമിക് വിദഗ്ധർ, മാധ്യമപ്രവർത്തകർ തുടങ്ങിയ നിരവധിപേർ ആഘോഷങ്ങൾക്ക് സാക്ഷിയായി.
സൗദി ഫാഷനുകളുടെയും സംഗീതോപകരണങ്ങളുടെയും മിനി പ്രദർശനങ്ങൾ, സൗദി കോഫി ,ആതിഥ്യമര്യാദയുടെ പൈതൃക സെഷൻ, സൗദിയിലെ വിവിധ പ്രദേശങ്ങളെ അവയുടെ സ്വഭാവം, പൈതൃകം, പാരമ്പര്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പുസ്തകങ്ങളുടെ അവതരണം, സൗദിയിൽ കണ്ടെത്തിയ, ആയിരക്കണക്കിന് വർഷം പഴക്കമുള്ള പുരാതന സാംസ്കാരിക പൈതൃകത്തെ പരിചയപ്പെടുത്തുന്ന പുരാവസ്തുക്കളുടെ പ്രദർശനം എന്നിവയും ശ്രദ്ധേയമായി.
ഈ വർഷത്തെ പുസ്തകമേളയിലെ വിശിഷ്ടാതിഥിയായിരുന്നു സൗദി അറേബ്യ. അന്താരാഷ്ട്ര സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാംസ്കാരിക മന്ത്രാലയത്തിെൻറ പരിപാടികളുടെ ഭാഗമായാണ് പുസ്തകമേളയിലെ പങ്കാളിത്തം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.