ഉംറ തീർഥാടനം രണ്ടാം ഘട്ടം ഇന്ന്​

ജിദ്ദ: ഉംറ തീർഥാടനം രണ്ടാം ഘട്ടം ഞായറാഴ്​ച ആരംഭിക്കും. ഇൗ ഘട്ടത്തിൽ 2,20,000 പേരെ ഉംറ തീർഥാടനത്തിനും 5,60,000 പേരെ നമസ്​കാരത്തിനും മസ്​ജിദുൽ ഹറാമിൽ പ്രവേശിപ്പിക്കും. ദിനംപ്രതി 15,000 ഉംറ തീർഥാടകരെയാണ്​ അനുവദിക്കുന്നത്​. 40,000 പേർ പ്രതിദിനം​ നമസ്​കാരത്തിനും എത്തും.

കോവിഡ്​ മൂലം​ നിർത്തിവെച്ച ഉംറ തീർഥാടനം ഒക്​ടോബർ നാലിന്​ പുനരാരംഭിച്ചപ്പോൾ ആദ്യഘട്ടമായി പ്രതിദിനം 6000 തീർഥാടകരെയാണ്​ അനുവദിച്ചിരുന്നത്​. 14 ദിവസം നീളുന്നതാണ്​ രണ്ടാം ഘട്ടം. കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ചായിരിക്കും ഇൗ ഘട്ടത്തിലും തീർഥാടകരെ സ്വീകരിക്കുക. മദീന റൗദ സന്ദർശനം, റൗദയിലെ നമസ്​കാരം എന്നിവക്കും ഞായറാഴ്​ച മുതൽ അനുമതി നൽകും. റൗദ സന്ദർശനത്തിന്​ ഒരുദിവസം 11,880 പേർക്കാണ്​ അനുമതി നൽകുക​. ഹജ്ജ്​ മന്ത്രാലയം ഒരുക്കിയ ഇഅ്​തർമന ആപ്പിലൂടെ അനുമതിപത്രം നേടിയവർക്ക്​ മാത്രമായിരിക്കും ഉംറക്കും മസ്​ജിദുൽ ഹറാമിലെ നമസ്​കാരത്തിനും റൗദ സന്ദർശനത്തിനും അനുമതി നൽകുക.

ഇഅ്​തമർന ആപ്​ ഉപയോഗിക്കുന്നതിനും അനുമതിപത്രത്തിനും ഒരു ഫീസും ഇൗടാക്കില്ലെന്ന്​ ഹജ്ജ്​-ഉംറ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്​. മക്കയിൽ നിശ്ചിത പോയൻറുകളിലെത്തിയശേഷം ഹറമിലേക്ക്​ ഏർപ്പെടുത്തിയ ഗതാഗത സൗകര്യത്തിൽ മാത്രം യാത്രക്കൂലി​ ഇൗടാക്കും. ആവശ്യമുള്ളവർക്ക്​ ഇൗ സേവനം ഉപയോഗപ്പെടുത്താം. രണ്ടാം ഘട്ടത്തിൽ ഉംറ തീർഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വർധന​ കണക്കിലെടുത്തും നമസ്​കാരത്തിന്​ ആളുകളെത്തുന്നതിനാലും മക്ക ഹറമിൽ ആവശ്യമായ ഒരുക്കവും മുൻകരുതൽ നടപടികളും ഇരുഹറം കാര്യാലയം പൂർത്തിയാക്കിയിട്ടുണ്ട്​.

നമസ്​കരിക്കാനെത്തുന്നവർ പാലിക്കേണ്ട നടപടിക്രമങ്ങൾ ഇരുഹറം കാര്യാലയം പുറപ്പെടുവിച്ചിട്ടുണ്ട്​. മുഴുവനാളുകളും ആരോഗ്യ മുൻകരുതൽ പാലിക്കുക, ഇഅ്​തമർന ആപ്പിലെ സമയക്രമം പാലിക്കുക, മാസ്​ക്​ ധരിക്കുക, ഹറമിൽ പ്രവേശിക്കുന്നതിനുമുമ്പ്​ ശരീരോഷ്​മാവ്​ പരിശോധിക്കുക, നമസ്​കാര വിരിപ്പും മുസ്​ഹഫും കൂടെ​ കൊണ്ടുവരുക, ​സാമൂഹിക അകലം പാലിക്കുക, ജോലിക്കാരുടെ നിർദേശങ്ങൾ പാലിക്കുക, തിക്കും തിരക്കും ഒഴിവാക്കുക, നിശ്ചിത കവാടങ്ങളിലൂടെ മാ​ത്രം പ്രവേശിക്കുക, ഹറമിലേക്ക്​ പ്രവേശിക്കുന്ന സമയത്ത്​ കൈകൾ അണുമുക്തമാക്കുക തുടങ്ങിയവ നിർദേശങ്ങളിലുൾപ്പെടും. ഭക്ഷണ പാനീയങ്ങൾ കൊണ്ടുവരരുതെന്നും നമസ്​കാരത്തിന്​ നിശ്ചയിച്ച ഭാഗങ്ങളിൽ മാത്രമേ നമസ്​കരിക്കാവൂവെന്നും നിർദേശമുണ്ട്​.

മക്കയ​ുടെ പ്രവേശന കവാടങ്ങളിൽ നിരീക്ഷണം കർശനം

ജിദ്ദ: ഉംറ തീർഥാടനം രണ്ടാം ഘട്ടം ഞായറാഴ്​ച ആരംഭിക്കാനിരിക്കെ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ നിരീക്ഷണം കർശനമാക്കി. മസ്​ജിദുൽ ഹറാമിലേക്കുള്ള തീർഥാടകരുടെ പോക്കുവരവുകൾ വ്യവസ്ഥാപിതവും എളുപ്പവുമാക്കുന്നതിന്​ അനുമതി പത്രത്തിലൂടെയാണ്​ നിയന്ത്രിക്കുന്നത്​. ആരോഗ്യ മുൻകരുതൽ പാലിച്ചിട്ടുണ്ടോയെന്ന്​ ഉറപ്പുവരുത്താനും ഇത്​ സഹായിക്കുന്നു​. മക്കയുടെ വിവിധ ഭാഗങ്ങളിലായി അഞ്ചു​ ചെക്ക് ​പോയൻറുകളാണ്​ ഏർപ്പെടുത്തിയിരിക്കുന്നത്​. ഇവിടങ്ങളിൽ മുഴുസമയ പരിശോധനക്ക്​ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്​.

പട്രോളിങ്ങിനായി രഹസ്യ വിഭാഗവും രംഗത്തുണ്ട്​. അനുമതി​പത്രമില്ലാത്ത തീർഥാടകരെ മക്കയിലേക്ക്​ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന്​ മക്ക മേഖല റോഡ്​ സുരക്ഷ പ്രത്യേക​ സേന മേധാവി ബ്രിഗേഡിയർ അബ്​ദുൽ അസീസ്​ അൽഹമാദ്​ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.