ഉംറ തീർഥാടനം രണ്ടാം ഘട്ടം ഇന്ന്
text_fieldsജിദ്ദ: ഉംറ തീർഥാടനം രണ്ടാം ഘട്ടം ഞായറാഴ്ച ആരംഭിക്കും. ഇൗ ഘട്ടത്തിൽ 2,20,000 പേരെ ഉംറ തീർഥാടനത്തിനും 5,60,000 പേരെ നമസ്കാരത്തിനും മസ്ജിദുൽ ഹറാമിൽ പ്രവേശിപ്പിക്കും. ദിനംപ്രതി 15,000 ഉംറ തീർഥാടകരെയാണ് അനുവദിക്കുന്നത്. 40,000 പേർ പ്രതിദിനം നമസ്കാരത്തിനും എത്തും.
കോവിഡ് മൂലം നിർത്തിവെച്ച ഉംറ തീർഥാടനം ഒക്ടോബർ നാലിന് പുനരാരംഭിച്ചപ്പോൾ ആദ്യഘട്ടമായി പ്രതിദിനം 6000 തീർഥാടകരെയാണ് അനുവദിച്ചിരുന്നത്. 14 ദിവസം നീളുന്നതാണ് രണ്ടാം ഘട്ടം. കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ചായിരിക്കും ഇൗ ഘട്ടത്തിലും തീർഥാടകരെ സ്വീകരിക്കുക. മദീന റൗദ സന്ദർശനം, റൗദയിലെ നമസ്കാരം എന്നിവക്കും ഞായറാഴ്ച മുതൽ അനുമതി നൽകും. റൗദ സന്ദർശനത്തിന് ഒരുദിവസം 11,880 പേർക്കാണ് അനുമതി നൽകുക. ഹജ്ജ് മന്ത്രാലയം ഒരുക്കിയ ഇഅ്തർമന ആപ്പിലൂടെ അനുമതിപത്രം നേടിയവർക്ക് മാത്രമായിരിക്കും ഉംറക്കും മസ്ജിദുൽ ഹറാമിലെ നമസ്കാരത്തിനും റൗദ സന്ദർശനത്തിനും അനുമതി നൽകുക.
ഇഅ്തമർന ആപ് ഉപയോഗിക്കുന്നതിനും അനുമതിപത്രത്തിനും ഒരു ഫീസും ഇൗടാക്കില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. മക്കയിൽ നിശ്ചിത പോയൻറുകളിലെത്തിയശേഷം ഹറമിലേക്ക് ഏർപ്പെടുത്തിയ ഗതാഗത സൗകര്യത്തിൽ മാത്രം യാത്രക്കൂലി ഇൗടാക്കും. ആവശ്യമുള്ളവർക്ക് ഇൗ സേവനം ഉപയോഗപ്പെടുത്താം. രണ്ടാം ഘട്ടത്തിൽ ഉംറ തീർഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വർധന കണക്കിലെടുത്തും നമസ്കാരത്തിന് ആളുകളെത്തുന്നതിനാലും മക്ക ഹറമിൽ ആവശ്യമായ ഒരുക്കവും മുൻകരുതൽ നടപടികളും ഇരുഹറം കാര്യാലയം പൂർത്തിയാക്കിയിട്ടുണ്ട്.
നമസ്കരിക്കാനെത്തുന്നവർ പാലിക്കേണ്ട നടപടിക്രമങ്ങൾ ഇരുഹറം കാര്യാലയം പുറപ്പെടുവിച്ചിട്ടുണ്ട്. മുഴുവനാളുകളും ആരോഗ്യ മുൻകരുതൽ പാലിക്കുക, ഇഅ്തമർന ആപ്പിലെ സമയക്രമം പാലിക്കുക, മാസ്ക് ധരിക്കുക, ഹറമിൽ പ്രവേശിക്കുന്നതിനുമുമ്പ് ശരീരോഷ്മാവ് പരിശോധിക്കുക, നമസ്കാര വിരിപ്പും മുസ്ഹഫും കൂടെ കൊണ്ടുവരുക, സാമൂഹിക അകലം പാലിക്കുക, ജോലിക്കാരുടെ നിർദേശങ്ങൾ പാലിക്കുക, തിക്കും തിരക്കും ഒഴിവാക്കുക, നിശ്ചിത കവാടങ്ങളിലൂടെ മാത്രം പ്രവേശിക്കുക, ഹറമിലേക്ക് പ്രവേശിക്കുന്ന സമയത്ത് കൈകൾ അണുമുക്തമാക്കുക തുടങ്ങിയവ നിർദേശങ്ങളിലുൾപ്പെടും. ഭക്ഷണ പാനീയങ്ങൾ കൊണ്ടുവരരുതെന്നും നമസ്കാരത്തിന് നിശ്ചയിച്ച ഭാഗങ്ങളിൽ മാത്രമേ നമസ്കരിക്കാവൂവെന്നും നിർദേശമുണ്ട്.
മക്കയുടെ പ്രവേശന കവാടങ്ങളിൽ നിരീക്ഷണം കർശനം
ജിദ്ദ: ഉംറ തീർഥാടനം രണ്ടാം ഘട്ടം ഞായറാഴ്ച ആരംഭിക്കാനിരിക്കെ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ നിരീക്ഷണം കർശനമാക്കി. മസ്ജിദുൽ ഹറാമിലേക്കുള്ള തീർഥാടകരുടെ പോക്കുവരവുകൾ വ്യവസ്ഥാപിതവും എളുപ്പവുമാക്കുന്നതിന് അനുമതി പത്രത്തിലൂടെയാണ് നിയന്ത്രിക്കുന്നത്. ആരോഗ്യ മുൻകരുതൽ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താനും ഇത് സഹായിക്കുന്നു. മക്കയുടെ വിവിധ ഭാഗങ്ങളിലായി അഞ്ചു ചെക്ക് പോയൻറുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ മുഴുസമയ പരിശോധനക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
പട്രോളിങ്ങിനായി രഹസ്യ വിഭാഗവും രംഗത്തുണ്ട്. അനുമതിപത്രമില്ലാത്ത തീർഥാടകരെ മക്കയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് മക്ക മേഖല റോഡ് സുരക്ഷ പ്രത്യേക സേന മേധാവി ബ്രിഗേഡിയർ അബ്ദുൽ അസീസ് അൽഹമാദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.