ജിദ്ദ: രാജ്യത്ത് 60 വയസ്സിന് മുകളിലുള്ളവരിൽ ഭൂരിപക്ഷവും കോവിഡിനെതിരിലുള്ള വാക്സിൻ സ്വീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചില പ്രദേശങ്ങളിൽ ഇത് 98 ശതമാനം വരെ പൂർത്തിയായിട്ടുണ്ട്. മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് ഹഫർ അൽബാത്വിനിലാണ് ഈ വിഭാഗത്തിലുള്ള ഏറ്റവും കൂടുതൽ പേർ വാക്സിനേഷൻ പൂർത്തിയാക്കിയത്.
60 വയസ്സിന് മുകളിലുള്ള 98 ശതമാനം പേരും ഇവിടെ വാക്സിൻ എടുത്തിട്ടുണ്ട്. അൽഅഹ്സ 93, ഖുറയാത്ത് 93, ബിഷ 86, റിയാദ് 83, ദമ്മാം ഉൾപ്പെടുന്ന കിഴക്കൻ പ്രവിശ്യ 80, ത്വാഇഫ് 80 എന്നിങ്ങനെയാണ് മറ്റു പ്രദേശങ്ങളിലെ ശതമാനക്കണക്ക്.
ചുരുങ്ങിയത് ഒരു ഡോസെങ്കിലും പൂർത്തിയാക്കിയ കണക്കാണിത്. കോവിഡിനെതിരെ വാക്സിൻ കുത്തിവെപ്പെടുക്കാൻ പ്രേരിപ്പിക്കുന്ന ദേശീയ കാമ്പയിൻ ആരംഭിച്ചത് മുതൽ തന്നെ സൗദിയിൽ പ്രായാധിക്യമുള്ളവർക്ക് വാക്സിൻ വിതരണത്തിന് മുൻഗണന നൽകിയിരുന്നു.
നിലവിൽ രാജ്യത്തെ സ്വദേശികളും വിദേശികളുമായ 75 വയസ്സിന് മുകളിലുള്ളവർക്ക് മുൻകൂട്ടി ബുക്കിങ്ങോ, കാത്തിരിപ്പോ ഇല്ലാതെ തന്നെ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി കുത്തിവെപ്പെടുക്കാവുന്നതാണ്. സൗദിയിൽ ഇതുവരെയായി 1,62,87,120 ഡോസ് കോവിഡ് വാക്സിൻ വിതരണം പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്വദേശികൾക്കും വിദേശികൾക്കുമായി 1,23,000 ഡോസ് വാക്സിൻ വിതരണം ചെയ്തു.
കഴിഞ്ഞ വർഷം ഡിസംബർ 17 നാണ് ആദ്യമായി സൗദിയിൽ കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചത്. ശേഷം ഈ വർഷം ഫെബ്രുവരി 18 മുതൽ രണ്ടാം ഘട്ട വാക്സിൻ വിതരണവും ആരംഭിച്ചു. ഫൈസര്‍ ബയോടെക്, ഓക്സ്ഫോർഡ് ആസ്ട്ര സെനക എന്നീ വാക്സിനുകളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.