റിയാദ്: സാമൂഹിക പ്രവർത്തകനും അൽ റായ് ഫുഡ് ഇൻഡസ്ട്രീസ് കമ്പനിയിലെ സെയിൽസ്മാനുമായ ശിവരാമൻ എന്ന ശിവേട്ടനെ നേരിൽകണ്ട് യാത്രയാക്കാൻ കാതങ്ങൾ താണ്ടി പഴയ സുഹൃത്ത് ഷൈഡിയും ഭർത്താവ് ഷാജനും റിയാദിലെത്തി. രണ്ട് പതിറ്റാണ്ട് നീണ്ട സൗഹൃദത്തിെൻറ നിലക്കാത്ത സ്നേഹമാണ് അവർക്കിടയിലുള്ളത്. റിയാദിൽ നിന്നും 280 കിലോമീറ്റർ ദൂരെ കുവൈത്ത് അതിർത്തിയിലെ ‘ഷാവിയ’എന്ന പ്രദേശത്തെ ഗവൺമെൻറ് പൊതുജനരോഗ്യ കേന്ദ്രത്തിലെ നഴ്സാണ് ഷൈഡി.
പ്രവാസത്തിൽ പരസഹായമില്ലാതെ വിഷമിച്ച ആദ്യകാലത്ത് സഹായിയായി പ്രത്യക്ഷപ്പെട്ട മനുഷ്യസ്നേഹിയായിരുന്നു ഷൈഡിക്ക് ശിവരാമൻ. അത് സൗഹൃദമായി രണ്ട് ദശകമായി നീണ്ടു. ഇപ്പോൾ ശിവരാമൻ 30 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ്. ഒറ്റയാൾ പട്ടാളമായി സാമൂഹിക സേവനരംഗത്ത് സജീവമായിരുന്നു ശിവരാമൻ. ഉൾനാടൻ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ചിതറിക്കിടക്കുന്ന പ്രവാസികൾക്ക് അവശ്യസേവനങ്ങൾ എത്തിച്ചിരുന്നു അദ്ദേഹം.
രോഗികൾക്ക് മരുന്നായും അക്ഷരപ്രേമികൾക്ക് പത്രങ്ങളായും പുസ്തകമായും ഒക്കെയാണ് അദ്ദേഹം ആവശ്യക്കാരുടെ അടുത്ത് എത്ര ദൂരം താണ്ടിയും എത്തിക്കൊണ്ടിരുന്നത്. ഒരുകാലത്ത് നാട്ടിൽനിന്നുള്ള കത്തുകൾ മരുഭൂമിയിലെ വിദൂരദേശങ്ങളിലുള്ള മേൽവിലാസക്കാർക്കുപോലും എത്തിച്ചുകൊടുത്തതടക്കമുള്ള നിശ്ശബ്ദമായ സേവനമാണ് മൂന്ന് പതിറ്റാണ്ടുകൾക്കിടയിൽ അദ്ദേഹം നടത്തിയത്. ഒറ്റപ്പെടലിെൻറ നോവുകളിൽ മണലാരണ്യത്തിലെ കൃഷിയിടങ്ങളിലും ഒട്ടക ലായങ്ങളിലും കഴിഞ്ഞിരുന്ന നിരവധി ഭാഷക്കാർക്ക് ഒരു അത്താണിയായി അദ്ദേഹം മാറുകയായിരുന്നു.
പ്രശ്നങ്ങളിൽപെടുന്ന പ്രവാസി കുടുംബങ്ങൾക്കും പ്രാരബ്ദങ്ങളിൽ അകപ്പെട്ട തൊഴിലാളികൾക്കും വേണ്ടി നിരവധി സേവനങ്ങൾ നേരിട്ടും മറ്റ് സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെയും അദ്ദേഹം തുടർന്നു. ‘കൃപ’ എന്ന കൂട്ടായ്മയിൽ അംഗമായിരുന്നു. പരോപകാരപ്രദമായ പ്രവൃത്തിയിൽ മുഴുകുക എന്നതായിരുന്നു അദ്ദേഹത്തിെൻറ സ്വഭാവസവിശേഷതയെന്ന് സാമൂഹിക പ്രവർത്തകരും സുഹൃത്തുക്കളുമായ ബഷീർ പാണക്കാട്, സലീം എന്നിവർ അഭിപ്രായപ്പെട്ടു.
താമസസ്ഥലത്ത് കൃഷി ചെയ്തും മറ്റുള്ളവർക്ക് പ്രോത്സാഹനം നൽകിയും അവർക്ക് വിത്തും വളവുമെല്ലാം ലഭ്യമാക്കിയും ഒരു പ്രകൃതിസ്നേഹിയുടെയും കർഷകെൻറയും റോൾകൂടി അദ്ദേഹം നിർവഹിച്ചിരുന്നു. മരുഭൂമിയിലെ ജീവിതം അറിയാൻ സുഹൃത്തുക്കളെ ഗ്രാമീണതയുടെ ഉൾക്കാഴ്ചയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയെന്നതും അദ്ദേഹത്തിെൻറ ഇഷ്ടങ്ങളിലൊന്നായിരുന്നു. കായംകുളമാണ് സ്വദേശമെങ്കിലും കണ്ണൂർ ജില്ലയിലെ പെരളശ്ശേരിയിലാണ് സ്ഥിരതാമസം. കണ്ണൂർക്കാരിയായ ഭാര്യ ലത, ബംഗളൂരുവിൽ പ്രവാസിയായിരിക്കുേമ്പാഴാണ് ജീവിതസഖിയായത്. മൂത്തമകൻ ലിതിൻ രാജ് ബംഗളൂരുവിൽ സോഫ്റ്റ്വെയർ എൻജിനീയറാണ്. മകൾ അശ്വതി നാട്ടിൽ ടീച്ചർ. ഇരുവരും വിവാഹിതരാണ്. ഈ ഞായറാഴ്ച ശിവരാമൻ നാട്ടിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.