ജിദ്ദ: അടുത്ത മാസം ഖത്തറിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങൾ വീക്ഷിക്കാൻ വരുന്ന തന്റെ ആരാധകരോട് സൗദി അറേബ്യ കൂടി സന്ദർശിക്കണമെന്ന് അർജന്റീന നായകൻ ലയണൽ മെസ്സി.
വെള്ളിയാഴ്ച താരത്തിന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നേരത്തെ സൗദി അറേബ്യ സന്ദർശിച്ച വേളയിൽ ജിദ്ദയിലെ കോർണിഷ് ബീച്ചിൽ നിന്നു എടുത്ത ചിത്രവും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
'നിങ്ങൾ ലോകകപ്പിന് പോകുകയാണെങ്കിൽ, സൗദി അറേബ്യയിൽ സംഭവിക്കുന്ന എല്ലാ അത്ഭുതകരമായ കാര്യങ്ങളും നഷ്ടപ്പെടുത്തരുത്' എന്നാണ് ഇൻസ്റ്റാഗ്രാം പോസ്റ്റ്. കഴിഞ്ഞ മെയ് 10ന് ലയണൽ മെസ്സിയെ സൗദിയുടെ ടൂറിസം അംബാസഡറായി സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പ്രഖ്യാപിച്ചിരുന്നു. ഖത്തറിൽ നടക്കുന്ന ലോകകപ്പിനുള്ള ഹയ്യ കാർഡ് കൈവശമുള്ളവർക്ക് വ്യവസ്ഥകൾക്കനുസൃതമായി സൗദിയിൽ പ്രവേശിക്കാൻ അനുവദിക്കുമെന്ന് സൗദി അറേബ്യ ആഗസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു.
ലോകകപ്പ് വീക്ഷിക്കാനുള്ള വിസ ഉള്ളവർക്ക് വിസയുടെ സാധുത കാലയളവിൽ നിരവധി തവണ സൗദിയിൽ പ്രവേശിക്കാനും പുറത്തുകടക്കാനും അർഹതയുണ്ട്. ഇവർ ആദ്യം ഖത്തർ സന്ദർശിക്കണം എന്ന് നിർബന്ധമില്ല. എന്നാൽ സൗദിയിൽ പ്രവേശിക്കുന്നതിന് മുമ്പ് മെഡിക്കൽ ഇൻഷുറൻസ് നേടേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.