ഫലം വൈകുന്നു; സൗദിയിൽ നിന്നും യാത്രക്ക് ഒരുങ്ങുന്നവർ കോവിഡ് പരിശോധന നേരത്തെ പൂർത്തിയാക്കണം

ജിദ്ദ: സൗദിയിൽ നിന്നും നാട്ടിൽ അവധിക്ക് പോകുന്നവർക്കും മറ്റുമായി യാത്രക്ക് നിർബന്ധമാക്കിയ കോവിഡ് ആർ.ടി.പി.സി.ആർ പരിശോധന പരമാവധി നേരത്തെ എടുക്കുന്നത് നല്ലതാണെന്ന് അനുഭവസ്ഥർ. യാത്രയുടെ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ഫലം ഉള്ളവർക്കാണ് യാത്രക്ക് അനുമതിയുള്ളത്.

വിമാന ടിക്കറ്റ് എടുത്ത് യാത്രക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി അവസാന മണിക്കൂറുകളിലാണ് പലരും കോവിഡ് പരിശോധന നടത്തുന്നത്. നേരത്തെ പല ക്ലിനിക്കുകളിലും ആശുപത്രികളിലും ആറ് മുതൽ പത്ത് മണിക്കൂറിനകം പരിശോധന ഫലം ലഭ്യമായിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ഫലം ലഭിക്കാൻ വൈകുന്നുണ്ട്. രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ കോവിഡ് പരിശോധനകളുടെ എണ്ണവും വർധിച്ചതാണ് ഫലം ലഭിക്കാൻ വൈകുന്നതെന്നാണ് സൂചന.

അതിനാൽ യാത്രക്കൊരുങ്ങുന്നവർ ആർ.ടി.പി.സി.ആർ പരിശോധന അവസാന നിമിഷത്തേക്ക് മാറ്റിവെക്കുമ്പോൾ അവർക്ക് യാത്ര സമയത്തിന് മുമ്പ് പരിശോധന ഫലം ലഭിക്കാതിരിക്കുകയും അത് വഴി യാത്ര മുടങ്ങുകയും ചെയ്യും. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ നിരവധി പേർക്കാണ് യാത്ര മുടങ്ങിയത്.

വിമാനടിക്കറ്റുകൾ പലതും മടക്കി നൽകിയാലും കാശ് തിരിച്ചുകിട്ടാത്തവ (നോൺ റീഫൻഡബിൾ) ആയതുകൊണ്ട് യാത്ര മുടങ്ങുന്നവർക്ക് ടിക്കറ്റിന്റെ തുകയും നഷ്ടപ്പെടുകയാണ്. അതിനാൽ യാത്രക്കൊരുങ്ങുന്നവർ യാത്ര സമയത്തിന്റെ പരമാവധി 72 മണിക്കൂർ (മൂന്ന് ദിവസം) ആരംഭിക്കുന്ന സമയത്ത് തന്നെ ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നതാണ് നല്ലതെന്ന് ഇത്തരം അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കൊരുങ്ങിയ പലരുടെയും ആർ.ടി.പി.സി.ആർ പരിശോധന ഫലം പോസിറ്റിവ് ആവുകയും യാത്ര മുടങ്ങുകയും ചെയ്തിട്ടുണ്ട്. ബൂസ്റ്റർ ഡോസ് വാക്സിൻ എടുത്ത് അടുത്ത ദിവസങ്ങളിൽ തന്നെ യാത്രക്കൊരുങ്ങി കോവിഡ് പരിശോധന നടത്തിയവർക്കാണ് ഇത്തരത്തിൽ പോസിറ്റീവ് ഫലം കൂടുതലായി കാണിക്കുന്നതെന്നും ബൂസ്റ്റർ ഡോസ് എടുത്ത് ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും കഴിഞ്ഞു ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നതാണ് നല്ലതെന്നും പലരും അഭിപ്രായപ്പെടുന്നു. എന്നാൽ ഇതിന് മറ്റു സ്ഥിരീകരണങ്ങളോ ശാസ്ത്രീയമായ തെളിവുകളോ ഒന്നുമില്ല. എന്തായാലും യാത്രക്കൊരുങ്ങുന്നവർ പരമാവധി കോവിഡ് മുൻകരുതലുകളെടുക്കാൻ ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു.

Tags:    
News Summary - Those preparing to travel from Saudi Arabia must complete the covid test early

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.