ജിദ്ദ: മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്യുന്നവരെ കുറിച്ച് വിവരമറിയിക്കുന്നതിൽ സമൂഹത്തിന്റെ പങ്ക് പ്രധാനമാണെന്ന് സൗദിയിലെ വിവിധ പള്ളികളിലെ ഇമാമുമാർ പറഞ്ഞു. വെള്ളിയാഴ്ച ജുമുഅ പ്രസംഗത്തിനിടെയാണ് വിശ്വാസികളെ ഇക്കാര്യം ഉണർത്തിയത്. മയക്കുമരുന്നുകളുടെ അപകടവും അവയുടെ തരങ്ങളെയും പേരുകളെയും കുറിച്ച് അവബോധം യുവാക്കളിലും സമൂഹത്തിലും ഉണ്ടാക്കേണ്ടതിന്റെയും സമൂഹത്തിൽ സുരക്ഷയും സമാധാനവും നിലനിൽക്കേണ്ടതിന്റെയും ഭാഗമായി മതകാര്യവകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് രാജ്യത്തെ പള്ളികളിൽ ജുമുഅ പ്രസംഗത്തിൽ മയക്കുമരുന്ന് ബോധവത്കരണം നടന്നത്. മുഴുവൻ പള്ളികളിലെയും ജുമുഅ പ്രസംഗം മയക്കുമരുന്നിന്റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനായിരിക്കണമെന്ന് മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.
മയക്കുമരുന്നുകളുടെ അപകടവും വ്യക്തിയിലും സമൂഹത്തിലും അവ ചെലുത്തുന്ന സ്വാധീനവും അതിന്റെ കടത്തുകാരെയും പ്രമോട്ടർമാരെയും സംരക്ഷിക്കുന്നതിലും മറച്ചുവെക്കുന്നതിലുള്ള അപകടങ്ങൾ ഇമാമുമാർ വിശദീകരിച്ചു. സുരക്ഷ അധികാരികളുമായി സഹകരിക്കേണ്ടതിന്റെ ആവശ്യകതയും പ്രമോട്ടർമാരെയും കടത്തുകാരെയും കൂട്ടാളികളെയും കുറിച്ച് വിവരമറിയിക്കേണ്ടതിന്റെ പ്രധാന്യവും ഇമാമുമാർ ഊന്നിപ്പറഞ്ഞു. വിവിധ തരം പേരുകളുള്ള മയക്കുമരുന്നുകളുടെ വിപത്തിൽനിന്ന് കുടുംബങ്ങൾ അവരുടെ കുട്ടികളെ ശ്രദ്ധിക്കണമെന്നും ഇമാമുമാർ വിശ്വാസികളെ ഉണർത്തി.
സമൂഹത്തിനെതിരായ കുറ്റകൃത്യങ്ങൾ നടത്തുന്നതിന് മുമ്പ് എല്ലാ കഴിവുകളും ശക്തികളും ഉപയോഗിച്ച് എല്ലാതരം മയക്കുമരുന്നുകൾക്കും മയക്കുമരുന്ന് പ്രമോട്ടർമാർക്കും അത് കടത്തുന്നവർക്കും എതിരായി ഭരണകൂടം നടത്തുന്ന പോരാട്ടം പ്രശംസാർഹമാണ്. കസ്റ്റംസ് ഉദ്യോഗസ്ഥർ, മയക്കുമരുന്ന് നിർമാർജന വകുപ്പ് ഉദ്യോഗസ്ഥർ, സുരക്ഷ ഉദ്യോഗസ്ഥർ, എല്ലാത്തരം മയക്കുമരുന്നുകളുടെയും ലഹരിവസ്തുക്കളുടെയും ബാധയിൽനിന്ന് സമൂഹത്തെ സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന പൗരന്മാർ എന്നിവരുടെ പങ്കിനെയും ഇമാമുമാർ പ്രശംസിച്ചു. മയക്കുമരുന്ന് വിപത്തിൽനിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിന് സുരക്ഷ ഉദ്യോഗസ്ഥരുമായും സുരക്ഷ കാമ്പയിനുകളുമായും സഹകരിക്കേണ്ടതിന്റെ ആവശ്യകതയും ഇമാമുമാർ ഉദ്ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.