റിയാദ്: ശസ്ത്രക്രിയയെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ മൂന്നുമാസം അബോധാവസ്ഥയിൽ കഴിഞ്ഞ തിരുവനന്തപുരം കഠിനംകുളം സ്വദേശി കൃഷ്ണൻ വിജയൻ ആരോഗ്യം വീണ്ടെടുത്ത് നാട്ടിലേക്ക് മടങ്ങി. റിയാദിലെ കൺസ്ട്രക്ഷൻ സ്കിൽസ് കമ്പനിയിൽ 24 വർഷമായി ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു വിജയൻ. തോളെല്ലിലെ വേദനയെ തുടർന്ന് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയ വിജയനോട്, സാരമായ പ്രശ്നം ഉണ്ടെന്നും തുടർചികിത്സക്കായി ആശുപത്രിയെ സമീപിക്കണമെന്നും ഡോക്ടർ നിർദേശിച്ചു.
തുടർന്ന് കമ്പനി നിർദേശപ്രകാരം കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ പരിശോധന നടത്തുകയും ഡോക്ടർ ശസ്ത്രക്രിയ ആവശ്യമാണെന്ന് അറിയിക്കുകയും ചെയ്തു. ഇവിടെ തന്നെ ശസ്ത്രക്രിയ നടത്തിയെങ്കിലും ബോധം തിരിച്ചുകിട്ടിയില്ല. രണ്ടു മാസത്തോളം വിജയനെ കുറിച്ച വിവരം ലഭിക്കാഞ്ഞതിനാൽ നാട്ടിൽനിന്ന് ബന്ധുക്കൾ റിയാദിലെ കേളി കലാ സാംസ്കാരിക വേദി രക്ഷാധികാരി സെക്രട്ടറിയും ലോക കേരളസഭാ അംഗവുമായ കെ.പി.എം. സാദിഖുമായി ബന്ധപ്പെട്ട് ആളെ കണ്ടെത്താൻ സഹായം അഭ്യർഥിക്കുകയായിരുന്നു.
കേളി പ്രവർത്തകർ ഇന്ത്യൻ എംബസിയിൽ വിവരം ധരിപ്പിച്ചു. അന്വേഷണത്തിൽ അബോധാവസ്ഥയിൽ ശുമൈസിയിലെ കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയുന്നതായി കണ്ടെത്തി. തുടർന്ന് ഇദ്ദേഹത്തെ കേളി ഏറ്റെടുത്തു. ഡോക്ടർമാരുമായി സംസാരിച്ച് രോഗവിവരങ്ങൾ മനസ്സിലാക്കി കുടുംബത്തിന് കൈമാറി. ശസ്ത്രക്രിയക്കിടയിൽ പക്ഷാഘാതം സംഭവിച്ചത് കൊണ്ടാണ് അബോധാവസ്ഥയിൽ ആയതെന്നും ഏത് സമയവും ബോധം തിരിച്ചു കിട്ടിയേക്കാമെന്നും ഡോക്ടർമാർ പറഞ്ഞു.
പിന്നീട് ഒരു മാസത്തോളം തൽസ്ഥിതി തുടർന്നു. മൂന്ന് മാസത്തെ തുടർച്ചയായ ചികിത്സക്കൊടുവിൽ വിജയന് ബോധം തിരിച്ചുകിട്ടി. പക്ഷേ, പക്ഷാഘാതത്തിന്റെ ഭാഗമായി എഴുന്നേൽക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. കേളി പ്രവർത്തകർ സഹായങ്ങളുമായി വിജയനോടൊപ്പം നിന്നു. തുടർചികിത്സയുടെ ഭാഗമായി രണ്ടു മാസത്തിനുശേഷം പൂർണാരോഗ്യം വീണ്ടെടുത്തു. അഞ്ചുമാസത്തെ ആശുപത്രി വാസത്തിനൊടുവിൽ ഡിസ്ചാർജ് ചെയ്ത് കേളി പ്രവർത്തകരോടൊപ്പം താമസിച്ചു.
തുടർന്ന് കമ്പനിയുമായി സംസാരിച്ച് മുടങ്ങിയ ശമ്പള കുടിശ്ശികയും നാട്ടിലേക്ക് അവധിയിൽ പോകുന്നതിനുള്ള രേഖകളും വിമാനടിക്കറ്റും വാങ്ങിയെടുത്തു. കമ്പനി ആറുമാസത്തെ അവധി അനുവദിച്ചതിനെ തുടർന്ന് എയർ ഇന്ത്യയുടെ വീൽചെയർ ടിക്കറ്റിൽ ചൊവ്വാഴ്ച വിജയൻ നാട്ടിലേക്ക് മടങ്ങി. കേളി ജീവകാരുണ്യ വിഭാഗം കൺവീനർ നസീർ മുള്ളൂർക്കര, മലസ് ഏരിയ കൺവീനർ പി.എൻ.എം. റഫീഖ്, അനിൽ അറക്കൽ, കേളി മലസ് ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലി എന്നിവർ റിയാദ് എയർപോർട്ടിൽ നിന്ന് യാത്രയാക്കി. ഭാര്യയും മകളും ചേർന്ന് തിരുവനന്തപുരം എയർപോർട്ടിൽ വിജയനെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.