യാംബു: സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലും മഴയും തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച വരെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇടിമിന്നൽ ഉണ്ടാകുമെന്ന കാലാവസ്ഥ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പ്രദേശവാസികളോട് കൂടുതൽ ജാഗ്രത പാലിക്കാൻ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും താഴ്വരകളിലും താമസിക്കുന്നവർ സ്വന്തം സുരക്ഷ ഉറപ്പുവരുത്തണമെന്നും ജലാശയങ്ങളിൽ നീന്തൽ ഒഴിവാക്കണമെന്നും നിർദേശത്തിലുണ്ട്.
മക്ക മേഖലയിൽ ഇടത്തരവും കനത്തതുമായ മഴക്കും ഇടിമിന്നലിനുമാണ് സാധ്യത. പൊടിക്കാറ്റും വീശിയേക്കാം. ത്വാഇഫ്, മെയ്സാൻ, അദം, അൽ ലൈസ്, അൽ അർദിയാത്ത്, ജിദ്ദ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലും സമാന കാലാവസ്ഥ ആയിരിക്കും. റിയാദിലും പരിസര പ്രദേശങ്ങളിലും നേരിയതോ ശക്തമായതോ ആയ മഴ ലഭിക്കും.
കിഴക്കൻ പ്രവിശ്യ, നജ്റാൻ, അൽ ബാഹ, അസീർ, ജിസാൻ, നജ്റാൻ, അൽ ഖസീം, ഹാഇൽ, അൽ ജൗഫ്, മദീന, തബൂക്ക്, വാദി ദവാസിർ തുടങ്ങിയ പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയും തബൂക്കിൽ നേരിയ മഴയും വരും ദിവസങ്ങളിൽ അനുഭവപ്പെടും.
ഖുർമ, തർബ, റാനിയ, അൽ മുവായ്, അൽ ഖുൻഫുദ, മക്കയിലെ ചില ഭാഗങ്ങൾ, അൽ ജമൂം, അൽ കാമിൽ എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന പ്രവചനവും കേന്ദ്രം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.