ജുബൈൽ: കുഞ്ഞുന്നാൾ മുതൽ കഥകളും കവിതകളും ജീവിതത്തിെൻറ ഭാഗമാക്കിയ ടോണി എം. ആൻറണിക്ക് പ്രവാസം നൽകിയത് സർഗാത്മകതയുടെ നാൾവഴികൾ.
ജോലിത്തിരക്കുകൾക്കിടയിലും ധാരാളം കഥകളും കവിതകളും വായിച്ചും എഴുതിയും പ്രകാശനം ചെയ്തും പുരസ്കാരങ്ങൾ നേടിയും പ്രവാസം ധന്യമാക്കുകയാണ് ചാലക്കുടിയിലെ ഈമണ്ടി കുടുംബത്തിലെ ആൻറണിയുടെയും ഓമനയുടെയും മകനായ ടോണി. സൗദി കിഴക്കൻപ്രവിശ്യയിലെ മന അൽഹമ്മാം കമ്പനിയിൽ ഓപറേഷൻസ് മാനേജറാണ് ഇദ്ദേഹം.
ഇരുപതാം വയസ്സിൽ ഖത്തറിലും പിന്നീട് ദുബൈയിലും തുടങ്ങിയ പ്രവാസം ഇപ്പോൾ സൗദിയിൽ എത്തിനിൽക്കുന്നു. ചാലക്കുടി കാർമൽ സ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം നേടിയ ടോണി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിൽനിന്ന് കെമിസ്ട്രിയിൽ ബിരുദം കരസ്ഥമാക്കി. ഖത്തറിലെ ജോലിക്കിടെ മാനവവിഭവശേഷി മാനേജ്മെൻറിൽ എം.ബി.എയും സ്വന്തമാക്കി. കുട്ടിക്കാലം മുതൽ തുടങ്ങിയതാണ് പുസ്തകങ്ങളുമായുള്ള പ്രണയം. ചിത്രകഥകളും കവിതകളും ഒരുപാട് ഇഷ്ടമായിരുന്നു. മലയാളത്തിലെ പ്രമുഖരായ പല എഴുത്തുകാരെ അടുത്തറിഞ്ഞിട്ടുണ്ട്. നാട്ടിൽ വെച്ചുതന്നെ എഴുതിത്തുടങ്ങിയിരുന്നുവെങ്കിലും പ്രവാസത്തിലാണ് ഗൗരവത്തിൽ എഴുത്തിലേക്ക് കടന്നത്.
‘എെൻറ കള്ളോർമകൾ’ എന്ന ആദ്യ ചെറുകഥാസമാഹാരം 2018ൽ പ്രസിദ്ധീകരിച്ചു. ‘പിന്നല്ല ഇപ്പൊ ശരിയാക്കി തരാം’(അനുഭവ കഥകൾ), ചിലന്തി, അവരെന്തു കരുതും (കവിത സമാഹാരങ്ങൾ) തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികൾ. 2022ലെ മുണ്ടൂർ കൃഷ്ണൻകുട്ടി കഥാപുരസ്കാരം, 2023ലെ നന്തനാർ സ്മാരക ഗ്രാമീൺ സംസ്ഥാന സാഹിത്യ ശ്രേഷ്ഠ പുരസ്കാരം, 2023ലെ സപര്യ രാമായണ കവിത പുരസ്കാരം (പ്രത്യേക ജൂറി) തുടങ്ങിയ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
ഓൺലൈൻ വായനയോടൊപ്പം അച്ചടിച്ച പുസ്തകങ്ങളും വാങ്ങി വായിക്കും. നല്ല കൃതികൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കും. നല്ല വായനകൾ നല്ല ചിന്തകളെ രൂപപ്പെടുത്തുകയും നല്ല മനുഷ്യരെ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് ടോണിയുടെ അഭിപ്രായം. അപരെൻറ വേദന അറിയാൻ അതുവഴി കഴിയുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. പ്രവാസികൾക്ക് ഒഴിവുസമയ ലഭ്യത വലിയ വെല്ലുവിളിയാണെങ്കിലും ധാരാളം എഴുത്തുകാർ ഉണ്ടാകുന്നുണ്ട് എന്നത് ശുഭസൂചനയാണ്.
കൂടുതൽ ആഴത്തിലുള്ള രചനകൾ അനുഭവങ്ങളുടെ തീച്ചൂളയിൽനിന്ന് സൃഷ്ടിക്കാൻ പ്രവാസിയെഴുത്തുകാർക്ക് കഴിയും. ബെന്യാമിനെ പോലെയുള്ള എഴുത്തുകാർ അതിന് ഉദാഹരണമാണ്. എല്ലാ കൃതികൾക്കും വിമർശന ബുദ്ധിയോടെ അഭിപ്രായങ്ങൾ അറിയിക്കാറുള്ള ഐ.ടി ബിരുദധാരിയായ ഭാര്യ സൗമ്യ തന്നെയാണ് എഴുതാനുള്ള പ്രചോദനം. ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ വിദ്യാർഥികളായ ഫെലിക്സും സ്റ്റീവുമാണ് മക്കൾ. കുട്ടികൾക്ക് ചിത്രകലയിലും താൽപര്യമുണ്ട്. ഏക സഹോദരി യു.കെയിൽ സ്ഥിരതാമസമാണ്. നവോദയ സാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനായ ടോണി കുടുംബവേദിയുടെ കേന്ദ്രകമ്മിറ്റി അംഗവും റഹിമ കുടുംബവേദിയുടെ സെക്രട്ടറിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.