ജിദ്ദ: യമനിൽ ഹൂതികൾ ബന്ധികളാക്കിയ രണ്ട് അമേരിക്കൻ യുവതികളെ മോചിപ്പിച്ചതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള യമൻ തലസ്ഥാനമായ സൻആയിലാണ് പെൺകുട്ടികൾ തടങ്കലിൽ കഴിഞ്ഞത്. സൗദി അറേബ്യയുടെ ശ്രമഫലമായാണ് മോചനം.
അമേരിക്കയും സൗദിയും തമ്മിലുള്ള സൈനിക സഹകരണത്തിന്‍റെയും സുരക്ഷ ഏകോപനത്തിന്‍റെയും ഭാഗമായാണ് പ്രത്യേക സുരക്ഷാനടപടികളിലൂടെ പെൺകുട്ടികളെ മോചിപ്പിച്ചത്. സൻആയിൽ നിന്ന് കുട്ടികളെ യമന്‍റെ താൽക്കാലിക തലസ്ഥാനമായ ഏദനിലേക്കും അവിടെ നിന്ന് പിന്നീട് റിയാദിലേക്കും എത്തിച്ചു. കുടുംബ സന്ദർശനത്തിനായി സൻആയിൽ എത്തിയപ്പോഴാണ് ഈ പെൺകുട്ടികളെ തടഞ്ഞുനിർത്തി യമൻ വിമത സായുധ സംഘമായ ഹൂതികൾ ബന്ദികളാക്കിയത്. അവരോട് ഹൂതികൾ മോശമായാണ് പെരുമാറിയതെന്നും വക്താവ് വിശദീകരിച്ചു.
സൗദി എയർഫോഴ്സ് വിമാനത്തിലാണ് ഏദനിൽ നിന്ന് പെൺകുട്ടികളെ റിയാദിലെത്തിച്ചത്. ഇരുവർക്കും വേണ്ട ആരോഗ്യ പരിചരണം നൽകിയ ശേഷം അവരെ സ്വീകരിക്കാനെത്തിയ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് കൈമാറി. യമനിൽ നിന്ന് അമേരിക്കൻ പൗരന്മാരെ ഒഴിപ്പിക്കാൻ സൗദിയും അമേരിക്കയും നടത്തുന്ന ഈ സംയുക്ത പ്രവർത്തനം ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമാണെന്നും ബ്രിഗേഡിയർ അൽമാലികി പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന സുരക്ഷാ സഹകരണത്തിന്‍റെ തുടർച്ച കൂടിയാണിത്. യമനിലെ ഭീകരണ സംഘടനകളെ ചെറുക്കുന്നതിനുള്ള സുരക്ഷ, രഹസ്യാന്വേഷണ സഹകരണത്തിന്‍റെ ചട്ടക്കൂടിലാണ് ഈ പ്രവർത്തനങ്ങളെന്നും ബ്രിഗേഡിയർ അൽമാലികി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.