മദീന: ഉംറ ആൻഡ് സിയാറ ഫോറത്തിന്റെ ആദ്യ പതിപ്പും അനുബന്ധ പ്രദർശനവും മദീനയിൽ ആരംഭിച്ചു. മദീനയിലെ കിങ് സൽമാൻ അന്താരാഷ്ട്ര കൺവെൻഷൻ സെൻററിൽ ‘ഗസ്റ്റ്‌സ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാമി’ന്റെ പങ്കാളിത്തത്തോടെ ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഫോറം സംഘടിപ്പിച്ചത്. പരിപാടികൾ മൂന്ന് ദിവസം നീണ്ടുനിൽക്കും. അബ്ദുൽ അസീസ് രാജാവിന്റെ കാലം മുതൽ തീർഥാടകർക്കും സന്ദർശകർക്കും മികച്ച സേവനങ്ങൾ നൽകാൻ ഭരണകൂടം നിരന്തരം പ്രവർത്തിച്ചുവരുന്നുണ്ടെന്ന് ഫോറം ഉദ്ഘാടനം ചെയ്ത മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ പറഞ്ഞു.
ദൈവം ഈ രാജ്യത്തിന് നൽകിയ ഈ മഹത്തായ ബഹുമതി നമുക്കെല്ലാവർക്കും അഭിമാനമാണ്. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും ഉംറ, സിയാറ മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും തീർഥാടകർക്ക് അത്യധികം ആശ്വാസം നൽകുന്നതിനും അവരുടെ അനുഭവം സമ്പന്നമാക്കുന്നതിനും ഉതകുന്ന ആശയങ്ങൾ അന്വേഷിക്കുന്നതിനും പഠനങ്ങൾ നടത്തുന്നതിനും ഉത്സാഹത്തോടെ പ്രവർത്തിക്കുന്നത് തുടരാൻ ഫോറം നമ്മെ പ്രേരിപ്പിക്കുന്നു. ഡയലോഗ് സെഷനുകളിലൂടെയും ചർച്ചാ പാനലുകളിലൂടെയും വിഗദ്ധർക്കിടയിൽ ആശയവിനിമയം നടത്താനും അനുഭവങ്ങൾ കൈമാറാനുമുള്ള അവസരമായ ഫോറത്തിന് വലിയ പ്രാധാന്യമുണ്ടെന്നും ഗവർണർ പറഞ്ഞു. ഫോറം സംഘടിപ്പിച്ചതിന് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅയ്ക്കും മന്ത്രാലയത്തിലെ എല്ലാ ജീവനക്കാർക്കും ഗവർണർ നന്ദി പറഞ്ഞു. തുടർന്ന് ഫോറത്തോടനുബന്ധിച്ച് ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഒരുക്കിയ 100ലധികം പവലിയനുകൾ ഉൾപ്പെടുന്ന പ്രദർശനം ഗവർണർ കണ്ടു.
വിഷൻ 2030ന്റെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് തീർഥാടകരെ സേവിക്കലെന്ന് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽറബിയ പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകളുടെ പ്രവാഹത്തിനാണ് ഇരുഹറം സാക്ഷ്യം വഹിക്കുന്നത്. ദൈവത്തിന്റെ അതിഥികളെ സേവിക്കുന്നതിനുള്ള പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് അവരുടെ അനുഭവത്തെ സമ്പന്നമാക്കുക എന്നതാണ്. ഈ ഫോറം അതിനുള്ള അവസരങ്ങൾ ചർച്ച ചെയ്യുന്നതിനും അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള സമഗ്ര വേദിയാക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ആറ് ചർച്ചാ വിഷയങ്ങളിലായി രാജ്യത്തിന് പുറത്തുനിന്നും അകത്തുനിന്നും 180 പ്രഭാഷകർ ഫോറത്തിൽ പങ്കെടുക്കും.
28 സർക്കാർ ഏജൻസികളും 3000ലധികം പ്രാദേശിക, അന്തർദേശീയ കമ്പനികളും ഫോറത്തിെൻറ പ്രവർത്തനങ്ങളിൽ ഭാഗമാകും. 1500ലധികം വ്യത്യസ്ത കരാറുകളിൽ ഒപ്പിടുന്നതിനും ഫോറം സാക്ഷ്യം വഹിക്കുമെന്നും ഹജ്ജ് ഉംറ മന്ത്രി പറഞ്ഞു. റൗദ അൽ ശരീഫ് സന്ദർശിക്കുന്നതിനുള്ള സംവിധാനം വികസിപ്പിച്ചതായി മന്ത്രി സൂചിപ്പിച്ചു. കൂടാതെ മക്കയിലും മദീനയിലും പ്രവാചക ജീവചരിത്രവുമായി ബന്ധിപ്പിച്ചിട്ടുള്ള നിരവധി അതുല്യ ചരിത്ര സൈറ്റുകൾ പുനരുദ്ധാരണം നടത്തുകയുണ്ടായെന്നും ഹജ്ജ് ഉംറ മന്ത്രി പറഞ്ഞു. മദീനയെക്കുറിച്ചുള്ള ഡോക്യുമെൻററി ഫോറത്തിൽ പ്രദർശിപ്പിച്ചു. ചടങ്ങിെൻറ സമാപനത്തിൽ ഉംറ മേഖലയിലെ നിരവധി കരാറുകളിൽ ഒപ്പുവെക്കുന്ന ചടങ്ങിനും സാക്ഷിയായി. ഫോറം പ്രവർത്തനങ്ങളിലെ സ്പോൺസർമാരെയും പങ്കാളികളെയും ഗവർണർ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.