ജിദ്ദ: സൗദിയിൽ വിവിധ മേഖലകളിൽ വിദേശികൾക്കും സ്വദേശികൾക്കും കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു. ആഗസ്റ്റ് ഒന്ന് (ദുല്‍ഹജ്ജ് 22) മുതൽ വാക്സിനേഷൻ എടുത്തവർക്കുമാത്രം പ്രവേശനം നിർബന്ധമാക്കിയ മേഖലകൾ ഇവയാണ്:
-രാജ്യത്തെ ഏതെങ്കിലും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലേക്കോ വാണിജ്യകേന്ദ്രങ്ങളിലേക്കോ പ്രവേശിക്കണമെങ്കിൽ.
-വ്യാപാര, വാണിജ്യ, സാംസ്കാരിക, വിനോദ, കായിക പരിപാടികളിൽ പങ്കെടുക്കുന്നതിനും അത്തരം സ്ഥാപനങ്ങളില്‍ പ്രവേശിക്കാനും.
-വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന്.
-പൊതുഗതാഗതം ഉപയോഗിക്കുന്നതിന്.
ആഗസ്റ്റ് ഒന്ന് മുതൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക, അനധ്യാപക ജീവനക്കാർ ഹാജരാകണം. ഉയർന്ന ക്ലാസുകളിൽ പഠനം ആരംഭിക്കാനും ആലോചിക്കുന്നുണ്ടെന്നും എന്നാൽ, ഏതൊക്കെ ക്ലാസുകൾ ആരംഭിക്കണമെന്നത് വിദ്യാഭ്യാസ മന്ത്രാലയവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രാജ്യത്തുള്ള മുഴുവൻ വിദേശികളും സ്വദേശികളും സൗദി അറേബ്യ അംഗീകരിച്ച വാക്സിനേഷന് സ്വീകരിക്കല്‍ നിര്‍ബന്ധമാണ്.
ആഗസ്റ്റ് ഒന്നു മുതല്‍ എല്ലാ വിദേശികളും സ്വദേശികളും 'തവക്കല്‍നാ ആപ്ലിക്കേഷന്‍' ഉപയോഗിക്കലും നിര്‍ബന്ധമാക്കിയിട്ടുണ്ട്. കോവിഡ് മുൻകരുതലിെൻറ ഭാഗമായ മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, കൈകള്‍ ശുചീകരിക്കൽ തുടങ്ങിയവ എല്ലാവരും പാലിക്കണമെന്നും സ്ഥിതിഗതികൾ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് നിരീക്ഷിച്ചുവരുന്നതായും മന്ത്രാലയം അറിയിച്ചു.
ജിദ്ദ: തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും ആരോഗ്യ സുരക്ഷ സംരക്ഷിക്കുന്നതിനായി മാർക്കറ്റുകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, ഭക്ഷ്യവിൽപന കേന്ദ്രങ്ങൾ തുടങ്ങിയ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഫീൽഡ് പരിശോധനകൾ ശക്തമാക്കാൻ മുനിസിപ്പൽ, ഗ്രാമകാര്യ ഭവനമന്ത്രി മാജിദ് ബിൻ അബ്ദുല്ല അൽഹുഖൈൽ നിർദേശം നൽകി. വിവിധ മേഖലകളിലെ മേയർമാർ, മന്ത്രാലയത്തിെൻറ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി വിഡിയോ വഴി നടത്തിയ സംഭാഷണത്തിലാണ് മന്ത്രിയുടെ നിർദേശം.
പ്രതിരോധ മുൻകരുതൽ നടപടികൾ പാലിക്കുന്നതിനുള്ള ബോധവത്കരണം തുടരാനും നിയമലംഘനം നടത്തുന്നവർക്ക് ചട്ടങ്ങൾ പ്രകാരമുള്ള പരമാവധി ശിക്ഷ നൽകാനും നിർദേശിച്ചിട്ടുണ്ട്. മന്ത്രാലയത്തിെൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി പ്രവർത്തിച്ച മുനിസിപ്പൽ, ഭവന നിർമാണ മേഖലയിലെ എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. വികസനം കൈവരിക്കാനും സേവനങ്ങൾ മികച്ചതാക്കാനും എല്ലാവരും ശ്രമങ്ങൾ ഇരട്ടിയാക്കണമെന്നും മന്ത്രി പറഞ്ഞു.
റമദാനിൽ 5,75,000 ത്തിലധികം പരിശോധനകൾ നടത്തിയിട്ടുണ്ട്. മുനിസിപ്പാലിറ്റി നിയമങ്ങളും ആരോഗ്യമുൻകരുതൽ പ്രതിരോധ നടപടികളും പാലിക്കാത്ത 7,000 നിയമലംഘനങ്ങൾ പിടികൂടിയിട്ടുണ്ട്. ഇൗദുൽഫിത്ർ അവധി ദിവസങ്ങളിൽ 35,872 പരിശോധനകൾ നടത്തുകയും 360 നിയമലംഘനങ്ങൾ പിടികൂടുകയും ചെയ്തു. ഭവനമേഖലയിലും വലിയ വികസനത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. 2017ൽ ഭവനം ലഭിച്ച സ്വദേശി കുടുംബങ്ങളുടെ അനുപാതം 47 ശതമാനമായിരുന്നു. 2020ൽ 60 ശതമാനമെത്തിയതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.