റിയാദ്: വന്ദേഭാരത് മിഷെൻറ പുതിയ ഘട്ടത്തിൽ എയർ ഇന്ത്യയോടൊപ്പം സ്വകാര്യ വിമാന കമ്പനികളും സർവീസ് നടത്തുമെന്നും കൂടുതൽ വിമാനങ്ങളുണ്ടാവുമെന്നും സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ് സഇൗദ്. ശനിയാഴ്ച സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള 30 ഇന്ത്യൻ സാമൂഹികപ്രവർത്തകരുമായി ഒാൺലൈനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാസഡർ ഇക്കാര്യം അറിയിച്ചത്.
കോവിഡ് കാലത്ത് പ്രവാസികൾ നേരിടുന്ന നിരവധി വിഷയങ്ങൾ സാമൂഹികപ്രവർത്തകർ അംബാസഡറുടെ മുന്നിൽ അവതരിപ്പിക്കുകയും അദ്ദേഹം അതിനെല്ലാം മറുപടി നൽകുകയും ചെയ്തു. പ്രവാസികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായ മടക്കയാത്ര എന്ന വിഷയത്തിലൂന്നിയായിരുന്നു കൂടിക്കാഴ്ച. എയർ ഇന്ത്യയോടൊപ്പം ഏതാണ്ടെല്ലാ സ്വകാര്യ വിമാന കമ്പനികളും പുതിയ ഘട്ടത്തിൽ സർവീസ് നടത്തും. അതിനോടൊപ്പം ചാർട്ടർ വിമാന സർവീസുകൾക്കും അനുമതി നൽകിയിട്ടുണ്ട്.
റിയാദ്, ദമ്മാം, ജിദ്ദ എന്നീ കേന്ദ്രങ്ങളിൽ നിന്ന് മാത്രമല്ല അബഹ പോലുള്ള രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിൽ നിന്നും ചാർട്ടർ വിമാന സർവീസുണ്ടാകും. ചാർട്ടർ വിമാന സർവീസ് നടത്താൻ താൽപര്യമുള്ളവരെ സഹായിക്കാൻ എംബസി മുൻകൈയെടുക്കും. ചാർട്ടർ വിമാന സർവീസുകളും അതൊരുക്കുന്നതിനുള്ള വ്യവസ്ഥകളും സംബന്ധിച്ച് എംബസി വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യും. ഇതുവരെ 20 ചാർട്ടർ വിമാനങ്ങൾക്ക് വേണ്ടി അപേക്ഷകൾ ലഭിച്ചതായി അംബാസഡർ അറിയിച്ചു.
18 എണ്ണം രാജ്യത്തെ വിവിധ കമ്പനികൾ ഒരുക്കുന്നതാണ്. രണ്ടെണ്ണം സംഘടനകൾ സംഘടിപ്പിക്കുന്നതും. സൗദിയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് സർവീസ് നടത്താനുള്ള ശ്രമത്തിനോടൊപ്പം ഇന്ത്യയിലെ ചെറുതും വലുതുമായ ഏതാണ്ടെല്ലാ വിമാനത്താവളങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികളുമുണ്ടാകും.
യാത്രക്കാരുടെ രജിസ്ട്രേഷൻ 1,10,000 കടന്നു
നാട്ടിലേക്ക് തിരിച്ചുപോകാൻ ശനിയാഴ്ച വരെ എംബസിയിൽ രജിസ്റ്റർ ചെയ്തത് 1,10,000 പേരാണെന്ന് അംബാസഡർ യോഗത്തെ അറിയിച്ചു. ഇതിൽ 66 ശതമാനവും മലയാളികളാണ്. അതായത് 72,600 പേർ. രണ്ടാം സ്ഥാനത്ത് തമിഴ്നാട്ടുകാരാണ്. ഉത്തർപ്രദേശ്, തെലങ്കാന തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മറുള്ളവർ. ഇങ്ങനെ രജിസ്റ്റർ ചെയ്തവരിൽ 35 ശതമാനം പേരും ജോലി നഷ്ടപ്പെട്ട് തിരിച്ചുപോകാൻ നിൽക്കുന്നവരാണ്. സന്ദർശന വിസയിൽ വന്നവർ 25 ശതമാനമുണ്ട്. ഗർഭിണികളും വിവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്നവരുമായി 22 ശതമാനവും. രജിസ്റ്റർ ചെയ്തവരിൽ വന്ദേഭാരത് പദ്ധതിപ്രകാരം ഇതുവരെ നാട്ടിലേക്ക് മടങ്ങാനായത് 9,427 പേർക്കാണ്.
ഒാൺലൈൻ ടിക്കറ്റിങ് സാധ്യത നോക്കും
വിമാന ടിക്കറ്റ് വാങ്ങാൻ എയർ ഇന്ത്യയുടെ സൗദി അറേബ്യയിലെ ഒാഫീസുകളിൽ പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സാമൂഹികപ്രവർത്തകർ ഉന്നയിച്ച വിഷയത്തിൽ ഉടൻ പരിഹാരം കാണുമെന്ന ഉറപ്പാണ് അംബാസഡർ നൽകിയത്. ഒരുസമയം ഒരു വിമാനത്തിലേക്കുള്ള ടിക്കറ്റുകൾ മാത്രം വിതരണം ചെയ്യാൻ എയർ ഇന്ത്യയോട് ക്രമീകരണം ഒരുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയാണെങ്കിൽ തിരക്ക് കുറക്കാനും ഏറെനേരം പുറത്തെ വെയിലിൽ വരി നിൽക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനും കഴിയും.
ടിക്കറ്റിങ്ങിന് ഒാൺലൈൻ സംവിധാനം ഒരുക്കാനുള്ള സാധ്യത നോക്കാൻ എയർ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അംബാസഡർ വ്യക്തമാക്കി. ടിക്കറ്റ് ചാർജ് കുറക്കണമെന്ന് സാമൂഹികപ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ അനുഭാവപൂർവം പരിഗണിക്കുന്നുണ്ട് എന്ന മറുപടിയാണ് അംബാസഡർ നൽകിയത്.
ആരോഗ്യമന്ത്രാലയത്തിെൻറ ശ്രദ്ധയിൽപെടുത്തും
നിലവിൽ കോവിഡ് ബാധിതർക്ക് ആശുപത്രികളിൽ അഡ്മിഷൻ ലഭിക്കാൻ നേരിടുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപെടുത്തിയപ്പോൾ ഇൗ വിഷയം സൗദി ആരോഗ്യമന്ത്രാലയത്തിെൻറ ശ്രദ്ധയിൽപെടുത്താനുള്ള നടപടികൾ സ്വീകരിച്ചുകഴിഞ്ഞതായി അംബാസഡർ വ്യക്തമാക്കി. ഇൗ പ്രശ്നങ്ങൾ മനസിലാക്കി പരമാവധി വിവരങ്ങൾ ശേഖരിച്ച് മന്ത്രാലയത്തെ അറിയിക്കുകയും പരിഹാരം തേടുകയും ചെയ്യും.
ആംബുലൻസ്, ക്വാറൻറീൻ സൗകര്യങ്ങൾ എന്നിവ സ്വന്തം നിലക്ക് ഒരുക്കാൻ എംബസിക്ക് സൗദി അധികൃതരിൽ നിന്ന് അനുവാദം ലഭിച്ചിട്ടില്ല. എക്സിറ്റ് വിസയുടെ കാലാവധി കഴിഞ്ഞവരുടെ പ്രശ്നങ്ങളും ബന്ധപ്പെട്ട സൗദി വകുപ്പുകളുടെ ശ്രദ്ധയിൽപെടുത്തി പരിഹാരം കാണാൻ ശ്രമം നടത്തും.
കോവിഡ് മൂലം മരിച്ചത് 167 ഇന്ത്യക്കാർ
കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഇതുവരെ മരിച്ചത് 167 ഇന്ത്യക്കാരാണെന്ന് അംബാസഡർ അറിയിച്ചു. ഇതിൽ 47 പേർ മലയാളികൾ ആണ്. 30 ഉത്തർപ്രദേശുകാരും 17 ബിഹാർ സ്വദേശികളും 13 തമിഴരും മരിച്ചവരിലുൾപ്പെടുന്നു. ബാക്കിയുള്ളവർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇൗ വർഷം ഇതുവരെ വിവിധ കാരണങ്ങളാൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 1,287 ആണ്. ഇന്ത്യൻ എംബസിയിൽ 788 ഉം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ 499ഉം മരണങ്ങളാണ് ഇൗ കാലയളവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ആശുപത്രി മോർച്ചറികളിലുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ സംബന്ധിച്ച അനന്തരനടപടികൾ വേഗത്തിലാക്കാനുള്ള ഇടപെടലുകളും നടത്തുന്നുണ്ട്. റിയാദിലെ ശുമൈസി മോർച്ചറിയിൽ മാത്രം 53 മൃതദേഹങ്ങളാണ് ഇന്ത്യക്കാരുടേതായുള്ളത്. രാജ്യത്താകെ 50 മൃതദേഹങ്ങൾ നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള കാർഗോ നടപടികൾ പുരോഗമിക്കുകയാണ്.
ക്ഷേമനിധി വിനിയോഗിക്കുന്നുണ്ട്
എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ ഫണ്ട് (സാമൂഹിക ക്ഷേമനിധി) അത്യാവശ്യ കാര്യങ്ങൾക്കായി വിനിയോഗിക്കുന്നുണ്ടെന്ന് സാമൂഹിക പ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി അംബാസഡർ പറഞ്ഞു. ഏറ്റവും അർഹതപ്പെട്ട അടിയന്തര കേസുകളിലാണ് നിധിയിൽ നിന്ന് പണം ചെലവഴിക്കുന്നത്.
ഹുറൂബ് കേസിൽ കഴിയവേ മരണമടയുന്നവരുടെ മൃതദേഹങ്ങൾ നാട്ടിൽ അയക്കാനും സ്പോൺസർമാർ കൈയ്യൊഴിഞ്ഞ രോഗികളായ ആളുകൾക്ക് നാട്ടിൽ പോകാനും അതുപോലുള്ള മറ്റ് കേസുകളിലും ആ ഫണ്ടിൽ നിന്ന് പണം അനുവദിക്കുന്നത് തുടരുന്നുണ്ട്. അതിനിയും തുടരും.
സ്കൂളുകളിൽ ട്യൂഷൻ ഫീസ് മാത്രം
സൗദിയിലെ ഇന്ത്യൻ സ്കൂളുകളോട് ട്യൂഷൻ ഫീസ് മാത്രമേ കുട്ടികളിൽ നിന്ന് ഇൗടാക്കാവൂ എന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അംബാസഡർ പറഞ്ഞു. മറ്റെല്ലാ ഇനങ്ങളിലുമുള്ള ഫീസുകളും ഒഴിവാക്കി ട്യൂഷൻ ഫീസ് മാത്രം ഇൗടാക്കാനാണ് നിർദേശം. ലാഭവും നഷ്ടവുമില്ലാത്ത രീതിയിൽ പ്രവർത്തനം ക്രമീകരിക്കാനാണ് സ്കൂളുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
ലാഭം പ്രതീക്ഷിച്ചുള്ള ഫീസ് ഇൗടാക്കൽ നടത്തരുത്. പ്രവർത്തന മൂലധനത്തിന് ആവശ്യമായ മിതമായ ഫീസ് മാത്രമേ ഇൗടാക്കാൻ പാടുള്ളൂ. ട്യൂഷൻ ഫീസ് അല്ലാതെ മറ്റെന്തെങ്കിലും ഫീസ് സ്കൂളുകളിൽ നിന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിൽ രക്ഷിതാക്കൾ അക്കാര്യം എംബസിയെ അറിയിക്കണം. വെർച്വൽ ക്ലാസ് നടത്തിപ്പിെൻറ ചെലവും ഇൗടാക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.
നീറ്റ് പരീക്ഷ: സാധ്യത അന്വേഷിക്കും
കോവിഡ് പ്രതിസന്ധിയിൽ നാട്ടിലെത്താനാകാതെ ഇവിടെ കുടുങ്ങിയ വിദ്യാർഥികൾക്ക് മെഡിക്കൽ എൻട്രൻസ് പരീക്ഷകൾ ഇവിടെയിരുന്ന് തന്നെ എഴുതാൻ സംവിധാനം ഒരുക്കാനാവുമോ എന്ന് അന്വേഷിക്കുന്നുണ്ട്. അതിനായി നീറ്റ് ബോർഡുമായി സംസാരിക്കുന്നുണ്ട്. ദമ്മാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ എൻട്രൻസ് പരീക്ഷാകേന്ദ്രങ്ങൾ ഏർപ്പെടുത്താനാവുമോ എന്നാണ് അന്വേഷിക്കുന്നത്. അതുപോലെ സൗദിയിലെ സ്കൂളുകളിൽ നിന്ന് പഠനം പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ വെർച്വൽ സംവിധാനം വഴി നടത്താനുള്ള സാധ്യതകളും ആരായുകയാണ്. വൈകാതെ അതിനും പരിഹാരം കാണും.
അംബാസഡറോടൊപ്പം യോഗത്തിൽ കോൺസൽ ജനറൽ നൂർറഹ്മാൻ ശൈഖ്, എംബസി ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ പ്രദീപ് സിങ് രാജ്പുരോഹിത്, എംബസി കമ്യൂണിറ്റി വെൽഫെയർ കോൺസുലർ ദേശ്ബന്ധു ഭാട്ടി, പൊളിറ്റിക്കൽ ആൻഡ് ഇൻഫർമേഷൻ സെക്രട്ടറി അസീം അൻവർ എന്നിവരുമുണ്ടായിരുന്നു.
വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 30 സാമൂഹികപ്രവർത്തകരാണ് യോഗത്തിൽ പെങ്കടുത്തത്. കേരളീയ സമൂഹത്തെ പ്രതിനിധീകരിച്ചത് ശിഹാബ് കൊട്ടുകാട്, അബ്ദുൽ ജലീൽ, ഇംറാൻ ഖൗസർ, പ്രവീൺ പിള്ള എന്നിവരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.