റിയാദ്: ഗൃഹാതുരമായ ഓർമകളും നാട്ടിൻപുറങ്ങളിലെ സാധാരണ ജീവിതങ്ങളും കാൻവാസിൽ പകർത്തി സുജ പ്രശാന്ത് എന്ന ചിത്രകാരി. പ്രവാസത്തിലെ ഏകാന്തതയിൽ ഭാവനയുടെ ചിറകിലേറി സഞ്ചരിക്കുകയാണ് റിയാദിൽ അധ്യാപികയും മലപ്പുറം പൊന്നാനി സ്വദേശിയുമായ ഈ കലാകാരി. ഒറ്റപ്പെടുന്ന വാർധക്യത്തിലെ നൊമ്പരങ്ങൾ, വൈധവ്യത്തിെൻറ അവശതകൾ, അധ്വാനിക്കുന്ന ഗ്രാമീണതയുടെ ബഹുമുഖ ചിത്രങ്ങൾ, പ്രകൃതിയുടെ വിവിധ ഭാവങ്ങൾ എല്ലാംതന്നെ നിറക്കൂട്ടുകളിൽ സമ്പന്നമാണ് ഇവരുടെ വീട് നിറയെ.
15 വർഷമായി റിയാദിലെ എരിത്രിയൻ ഇൻറർനാഷനൽ സ്കൂളിലെ അധ്യാപികയാണ്. ഒരു കലാകാരിയെന്ന നിലയിൽ തെൻറ ആശയങ്ങളും നിരീക്ഷണങ്ങളും ഇഷ്ടമാധ്യമമായ പെയിൻറിങ്ങിലൂടെ അവർ പങ്കുവെക്കുന്നു. ഇന്നത്തെ സാംസ്കാരിക നിശ്ചലതയിൽ മൗനത്തിെൻറ ഭാഷയിൽ ഒരുപാട് സംസാരിക്കുന്നുണ്ട് ഓരോ ചിത്രങ്ങളും. നൈസർഗികമായ വാസനകൊണ്ട് ചെറുപ്പത്തിലേ ചിത്രം വരച്ചുതുടങ്ങിയ സുജക്ക് മാതാപിതാക്കളും അധ്യാപകരും നല്ല പ്രോത്സാഹനം നൽകിയിരുന്നു. കോളജ് വിദ്യാഭ്യാസ കാലത്ത് നിരവധി മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. കോയമ്പത്തൂരിലെ എസ്.എൻ.ജി കോളജിൽ നിന്ന് മൈക്രോബയോളജിയിൽ ബിരുദം നേടിയ ശേഷം വിവാഹിതയാവുകയും തുടർന്നു പ്രവാസത്തിലേക്ക് ജീവിതം പറിച്ചു നടുകയും ചെയ്തു.
അധ്യാപനത്തോടൊപ്പം പുറവാസത്തിലെ അനർഘ നിമിഷങ്ങളാണ് ഇൗ ചിത്രകാരിയെ കൂടുതൽ ഉത്തേജിപ്പിച്ചതും തേച്ചുമിനുക്കിയതും. റിയലിസ്റ്റിക്കായിട്ടുള്ള ചിത്രങ്ങൾ ചെയ്യാനാണ് താൽപര്യം. ദൈനംദിന ജീവിതത്തിൽ മനസ്സിൽ പതിഞ്ഞ കാര്യങ്ങൾ, ചുറ്റുപാടുകളിലെ വ്യത്യസ്തമാർന്ന മുഖങ്ങൾ, യാത്രകൾ നൽകുന്ന അനുഭൂതികൾ എല്ലാംതന്നെ വിഷയങ്ങളായി മാറാറുണ്ട്.
ആശയങ്ങൾ മൂർത്തമായ ശേഷം നാലോ അഞ്ചോ മണിക്കൂറുകൾ കൊണ്ട് കാൻവാസിൽ പകർത്തുകയാണ് ശൈലി. ആസ്വാദനം കൂടുതൽ മിഴിവേകാൻ ആവശ്യപ്പെടുന്ന നിറക്കൂട്ടുകളാണ് ഉപയോഗിക്കുക. വാട്ടർ കളറും എണ്ണച്ചായവും അക്രിലിക്കുമൊക്കെ ഇതിനായി തെരഞ്ഞെടുക്കുന്നു.
ഇടക്ക് പുതിയ രീതികളിലൊന്നായ പാലറ്റ് നൈഫ് ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും നടത്താറുണ്ട്. ആവശ്യപ്പെടുന്നതിന് അനുസരിച്ചു ചിത്രങ്ങൾ കാൻവാസിൽ ചെയ്തു കൊടുക്കുകയാണ് പതിവ്. സ്വദേശികളും വിദേശികളും ചിത്രങ്ങൾക്കായി സമീപിക്കാറുണ്ട്. തെൻറ നാട്ടുകാരായിരുന്ന ആർട്ടിസ്റ്റ് നമ്പൂതിരിയും പത്മിനിയും മറ്റു നിരവധി കലാകാരന്മാരുമൊക്കെ തനിക്ക് വലിയ പ്രചോദനമാണെന്ന് അവർ പറഞ്ഞു. നാട്ടിലെത്തിയാൽ ഒരു അക്കാദമി തുടങ്ങണമെന്നത് ഏറ്റവും വലിയ സ്വപ്നമാണ്.
റിയാദിലെ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനും പൊന്നാനി സ്വദേശിയുമായ പ്രശാന്താണ് ഭർത്താവ്.തൃശൂർ ചിന്മയാനന്ദ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി രോഹിത്, റിയാദ് അൽയാസ്മിൻ ഇൻറർനാഷനൽ സ്കൂൾ വിദ്യാർഥിനി ദിയ എന്നിവർ മക്കളാണ്. ഡിജിറ്റൽ പെയിൻറിങ്ങിനോടാണ് മകന് താൽപര്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.