റിയാദ്: ഹൗസ് ഡ്രൈവർ വിസയിലെത്തി കബളിപ്പിക്കപ്പെട്ട് മരുഭൂമിയിൽ ഒട്ടകങ്ങൾക്കൊപ്പമായി ദുരിതജീവിതത്തിലായ ആന്ധ്രപ്രദേശ് സ്വദേശികളിൽ രണ്ടാമത്തെയാളെയും കണ്ടെത്തി. സാമൂഹിക പ്രവർത്തകരുടെ നിരന്തരമായ പരിശ്രമങ്ങൾ വിജയംകണ്ടു. ആന്ധ്രപ്രദേശിലെ രാജാംപെട്ട് എന്ന സ്ഥലത്തുനിന്ന് സൗദിയിലെത്തിയതായിരുന്നു വിനോദ് കുമാർ. എട്ടുവർഷം മുമ്പ് കൂടെ വന്ന ഭാര്യാപിതാവിനെ ദിവസങ്ങൾക്ക് മുമ്പ് മരുഭൂമിയിൽ ആടുകൾക്കൊപ്പം സാമൂഹികപ്രവർത്തകർ കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു. റിയാദ് വിമാനത്താവളത്തിൽ ഇറങ്ങിയ വിനോദ് കുമാറിനെയും ഭാര്യാപിതാവ് വെങ്കട്ട് രമണനെയും സ്പോൺസർ കൊണ്ടുപോയത് റിയാദിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള അൽജില എന്ന പ്രദേശത്തെ മരുഭൂമിക്കുള്ളിലെ കാലിത്തൊഴുത്തിലേക്കായിരുന്നു. ദിവസങ്ങൾക്കുശേഷം വിനോദ് കുമാറിനെ ഒട്ടകങ്ങളെ പരിചരിക്കാൻ മറ്റൊരിടത്തേക്ക് കൊണ്ടുപോയി. പിന്നെ വിനോദ് കുമാറിനെ കുറിച്ച് വിവരങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു.
എത്തിപ്പെട്ട സ്ഥലമോ ഭാഷയോ അറിയാത്ത വിനോദ് കുമാർ പൂർണമായും മരുഭൂമിക്കുള്ളിൽ ഒറ്റപ്പെട്ടു. എട്ടുവർഷമായി വിനോദ് കുമാർ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും കുടുംബത്തിന് അറിവുണ്ടായില്ല. ഇതിനിടയിൽ കുടുംബം ഇന്ത്യൻ എംബസിയെ വിവരമറിയിച്ചു. ആന്ധ്രപ്രദേശ് രാജാമ്പേറ്റിൽനിന്നുള്ള ലോക്സഭ അംഗം പി.വി. മിഥുൻ റെഡ്ഡി വിഷയത്തിൽ ഇടപെടുകയും കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ വിഷയം ധരിപ്പിക്കുകയുമായിരുന്നു. തുടർന്ന് റിയാദിലെ ഇന്ത്യൻ എംബസി വിനോദ് കുമാറിനെ കണ്ടെത്താനുള്ള ചുമതല സാമൂഹികപ്രവർത്തകനായ ഹുസൈൻ ദവാദ്മിയെ ഏൽപിച്ചു. ദിവസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ റിയാദിന് സമീപമുള്ള ദുർമ എന്ന മരുപ്രദേശത്തുനിന്ന് കഴിഞ്ഞദിവസം നൂറോളം ഒട്ടകങ്ങൾക്കൊപ്പം വിനോദ് കുമാറിനെ കണ്ടെത്തുകയായിരുന്നു. വർഷങ്ങളായി ശമ്പളമോ കൃത്യമായ ഭക്ഷണമോ ലഭിച്ചിരുന്നില്ലെന്ന് വിനോദ് കുമാർ പറയുന്നു. സാമൂഹിക പ്രവർത്തകൻ ഹുസൈൻ ദവാദ്മിക്കൊപ്പം കെ.എം.സി.സി പ്രവർത്തകനായ സുബൈർ പാലാഴി, സക്കീർ, പ്രവാസി സാംസ്കാരിക വേദി പ്രവർത്തകൻ നിഹ്മതുല്ലാഹ് തുടങ്ങിയവർ വിനോദ് കുമാറിനെ കണ്ടെത്തുന്നതിന് മുന്നിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.