റിയാദ്: വയനാട് ജില്ലയിലെ ചൂരൽമലയിലും മുണ്ടക്കൈയിലും അട്ടമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ഇല്ലാതായ ഗ്രാമങ്ങളെ പുനർനിർമിക്കാൻ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയിലേക്ക് കേളി കലാസാംസ്കാരിക വേദി പ്രഖ്യാപിച്ച ഒരു കോടി രൂപ ധനസഹായത്തിന്റെ പകുതിയായ 50 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫിസിൽ നടന്ന ചടങ്ങിൽ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, രക്ഷാധികാരി മുൻ സെക്രട്ടറി കെ.ആർ. ഉണ്ണികൃഷ്ണൻ, രക്ഷാധികാരി സമിതി മുൻ അംഗം സതീഷ് കുമാർ, പ്രവർത്തകൻ അനിൽ കേശവപുരം എന്നിവർ ചേർന്ന് ഡ്രാഫ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനെ ഏൽപിച്ചു.
ദുരന്തത്തിൽ സമാനതകളില്ലാത്ത നാശനഷ്ടമാണ് കേരളത്തിന് സംഭവിച്ചിട്ടുള്ളത്. എന്നാൽ രക്ഷാപ്രവർത്തനങ്ങൾ മുതൽ 28 ദിവസത്തിനകം നടത്തിയ താൽക്കാലിക പുനരധിവാസം വരെ ഒരു പരാതിക്കും ഇട നൽകാത്ത തരത്തിലുള്ള കൃത്യമായ ഏകോപനവും നമുക്ക് കാണാൻ സാധിച്ചു. ദുരന്തം നടന്ന് രണ്ടാം ദിനം തന്നെ പ്രവാസലോകത്തുനിനുള്ള ആദ്യ സഹായമായി കേളി കലാസാംസ്കാരിക വേദി ആദ്യ ഗഡുവായി 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.
തുടർന്ന് കേളിയുടെയും കേളി കുടുംബവേദിയുടെയും മുഴുവൻ പ്രവർത്തകരെയും പുനഃരധിവാസ പദ്ധതിയിൽ പങ്കാളികളാക്കിക്കൊണ്ട് ഒരു കോടി രൂപനൽകുമെന്നും പ്രഖ്യാപിച്ചു.ഇതിന്റെ രണ്ടാം ഗഡുവിന്റെ ഡ്രാഫ്റ്റാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കൈമാറിയത്.
കേളി അംഗങ്ങൾക്ക് പുറമെ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കിയ വിവിധ രാജ്യക്കാരായ പ്രവാസികളും കേളിയോടൊപ്പം കൈകോർത്തു. കൊച്ചുകുട്ടികൾ കമ്മലും സമ്പാദ്യ കുടുക്കകളും പദ്ധതിയിലേക്ക് നൽകി. കേളി പ്രഖ്യാപിച്ച ഒരു കോടി രൂപ താമസിയാതെ മൂന്നാം ഘട്ടത്തിൽ പൂർത്തിയാക്കുമെന്ന് രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.