യാംബു: സൗദിയിലെ വിവിധ മേഖലകളിൽ വ്യത്യസ്തമായ കാലാവസ്ഥ മാറ്റങ്ങളാണിപ്പോൾ പ്രകടമാകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില ഇതിനകം ഉയരാൻ തുടങ്ങുമ്പോഴും ചില മേഖലകളിൽ മഴയും മണൽ കാറ്റും പ്രകടമാകുന്ന കാലാവസ്ഥ വ്യതിയാനമാണ് റിപ്പോർട്ട് ചെയ്യുന്നത്. വരും ദിവസങ്ങളിലും സൗദിയുടെ ഏഴ് മേഖലകളിൽ മഴയും സജീവമായ പൊടിക്കാറ്റും പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നൽകി. അസീർ, അൽബഹ, ജിസാൻ മേഖലകളുടെ ചില ഭാഗങ്ങളിലും,രാജ്യത്തിന്റെ കിഴക്ക് അതിർത്തി പ്രദേശങ്ങളിലും, നജ്റാൻ, മക്ക, മദീന എന്നിവയുടെ കിഴക്കൻ ഭാഗങ്ങളിലുമാണ് വെള്ളിയാഴ്ച മുതൽ നേരിയ മഴയും പൊടിക്കാറ്റും പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയ കാലാവസ്ഥ റിപ്പോർട്ടിൽ വ്യക്തമാക്കി. ചില പ്രദേശങ്ങളിൽ ഇടത്തരം മുതൽ ശക്തമായ ഇടിമിന്നൽ, ശക്തമായ കാറ്റിനൊപ്പം പേമാരി, പൊടിപടലങ്ങൾ ഇളക്കിമറിച്ചുകൊണ്ടുള്ള കാറ്റ് എന്നിവയും പ്രകടമാകുമെന്ന സൂചനയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ചെങ്കടലിലെ ഉപരിതല കാറ്റിന്റെ ചലനം വടക്കൻ ഭാഗത്ത് 25 മുതൽ 50 കിലോമീറ്റർ വേഗതയിലും മധ്യഭാഗത്ത് മണിക്കൂറിൽ 20 മുതൽ 40 കിലോമീറ്റർ വേഗതയിലും പടിഞ്ഞാറ് മുതൽ വടക്ക് പടിഞ്ഞാറ് ദിശയിലാണ് കാറ്റിന്റെ വേഗത കൂടുതൽ പ്രകടമാകുകയെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചു. തെക്ക് ഭാഗത്ത് മണിക്കൂറിൽ 15 മുതൽ 35 കിലോമീറ്റർ വേഗതയിലും കാറ്റുവീശും. തിരമാലയുടെ ഉയരം വടക്കൻ ഭാഗത്ത് ഒന്നര മീറ്റർ മുതൽ രണ്ടര മീറ്റർ വരെയും മധ്യഭാഗത്തും തെക്ക് ഭാഗത്തും ഒന്ന് മുതൽ ഒന്നര മീറ്റർ വരെയുമായിരിക്കും. ചെങ്കടലിന്റ വടക്കൻ ഭാഗത്ത് മിതമായ തിരമാലകളും മധ്യഭാഗത്തും തെക്കൻ ഭാഗത്തും നേരിയ തിരമാലകളുമാണ് പ്രതീക്ഷിക്കുന്നതെന്ന പ്രവചനവും കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കി.
അറേബ്യൻ ഗൾഫിലെ ഉപരിതല കാറ്റിന്റെ ചലനം വടക്കു കിഴക്ക് മുതൽ തെക്കുകിഴക്ക് വരെ വടക്ക് ഭാഗത്ത് മണിക്കൂറിൽ 25 മുതൽ 50 കിലോമീറ്റർ വേഗതയിലും തെക്ക് ഭാഗത്ത് മണിക്കൂറിൽ 10 മുതൽ 30 കിലോമീറ്റർ വേഗതയിലും ആയിരിക്കും. തിരമാലയുടെ ഉയരം ചിലയിടങ്ങളിൽ ഒരു മീറ്ററായിരിക്കും. വടക്കൻ ഭാഗത്ത് അര മീറ്റർ മുതൽ രണ്ടര മീറ്റർ വരെയും തെക്ക് ഭാഗത്ത് അര മീറ്റർ മുതൽ ഒരു മീറ്റർ വരെയുമായിരിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. ജൂൺ ആദ്യവാരമാകുമ്പോഴേക്കും സൗദിയുടെ കിഴക്കൻ മേഖലകളിലും മധ്യ മേഖലകളിലും താപനില ഉയരുമെന്ന സൂചന നേരത്തേ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരുന്നു.
സൗദിയുടെ കിഴക്കൻ മേഖലകളിൽ വേനൽക്കാലത്ത് സാധാരണ ലഭിക്കാറുള്ള മഴയെക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന നിഗമനത്തിലാണ് കേന്ദ്രം. സൗദിയുടെ കിഴക്കൻ മേഖലകളിൽ ശരാശരിയേക്കാൾ മഴ ഇപ്പോൾ തന്നെ കൂടുതൽ ലഭിച്ചിട്ടുണ്ട്. ഈ വർഷത്തെ വേനൽകാലത്ത് താപനില കൂടാനുള്ള സാധ്യതയാണ് പ്രാഥമികമായ നിരീക്ഷണത്തിൽ വ്യക്തമാകുന്നതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.