റിയാദ്: വൻകിട പദ്ധതികൾക്കുള്ള ചെലവഴിക്കൽ തുടരാൻ സൗദി അറേബ്യ ബജറ്റിലൂടെ തീരുമാനിച്ചതോടെ പ്രവാസികളിലും പ്രതീക്ഷ. നേരത്തേ വൻകിട പദ്ധതികൾ നിർത്തിവെച്ചതോടെ നിരവധി പേർക്ക് തൊഴിൽ നഷ്ടമുണ്ടായിരുന്നു.
ദേശീയ വികസന നിധി വഴി സ്വകാര്യ മേഖലക്ക് പിന്തുണ നൽകാൻ തീരുമാനിച്ചതും ഗുണമാകും. ഒപ്പം, സൗദികളുടെ തൊഴിൽ വർധിപ്പിക്കാനുള്ള പദ്ധതികളും മന്ത്രാലയത്തിനുണ്ട്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയോടെ സൗദിയിലെ പല പ്രധാന പ്രോജക്ടുകളും നിർത്തിയിരുന്നു.
ഇവ പുനരാരംഭിക്കാനും ചെലവഴിക്കൽ തുടരാനുമാണ് പുതിയ ബജറ്റിൽ പറയുന്ന പ്രധാന പ്രഖ്യാപനം. സ്വകാര്യമേഖലക്ക് ഉത്തേജനം നൽകുന്നതിന് 150ഓളം പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കുകയും മതിയായ പണലഭ്യത ഉറപ്പാക്കുകയും ചെയ്തു.
അടുത്ത വർഷം 3.2 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതികൾ സ്തംഭിച്ചതോടെ നിരവധി പ്രവാസികൾക്കും തൊഴിൽ നഷ്ടമുണ്ടായിരുന്നു. തൊഴിലില്ലായ്മ കൂടുതലുള്ള സൗദിയിൽ ലക്ഷത്തിലേറെ ജോലികൾ സൗദികൾക്ക് കണ്ടെത്താനും ബജറ്റിൽ പദ്ധതിയുണ്ട്. ഇതു പ്രവാസികൾക്ക് വെല്ലുവിളിയാണ്. അതേസമയം, നേരത്തേ പ്രഖ്യാപിച്ച വൻകിട പദ്ധതികൾ സജീവമായാൽ പ്രവാസികൾക്കും അവസരങ്ങളുണ്ടാകും. വരുമാനം വർധിപ്പിക്കുന്നതിന് ഫ്രീലാൻസ് തൊഴിലുകളിൽ ഏർപ്പെടാൻ സ്വദേശികളെ പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റ് അനുബന്ധ ഫോറം വ്യക്തമാക്കുന്നു. അടുത്ത വർഷം സൗദി സാമ്പത്തിക പ്രതിസന്ധി മറികടന്ന് മുന്നേറുമെന്നും ബജറ്റ് കണക്കുകൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.