റിയാദ്: സൗദിയിലേക്കുള്ള ടൂറിസ്റ്റ് വിസയുടെ നിയമം അറിയാത്തത് മലയാളിക്ക് വിനയായി. ഒരു വർഷത്തിനിടെ രണ്ടാംതവണ ടൂറിസ്റ്റ് വിസയിലെത്തിയ മലയാളിക്ക് വൻതുക പിഴ. എറണാകുളം സ്വദേശി ഹമീദ് ഉമറിന് നാട്ടിലേക്ക് മടങ്ങണമെങ്കിൽ 10,000 ത്തോളം റിയാൽ പിഴയൊടുക്കണം. വിദേശസഞ്ചാരികൾക്ക് സൗദിഅറേബ്യ സന്ദർശിക്കാൻ ടൂറിസം മന്ത്രാലയം നൽകുന്ന ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയുടെ നിയമം അറിയാത്തതാണ് അദ്ദേഹത്തെ നിയമക്കുരുക്കിലാക്കിയത്. ഒരു വർഷം പരമാവധി 90 ദിവസം മാത്രമെ രാജ്യത്ത് തങ്ങാൻ അനുവാദമുള്ളൂ.
ഇതിനിടെ എത്ര തവണ വേണമെങ്കിലും രാജ്യത്തിന് പുറത്തുപോകുകയും തിരിച്ചുവരുകയുമാവാം. എന്നാൽ എല്ലാംകൂടി കണക്കുകൂട്ടിയാൽ 90 ദിവസത്തിൽ കൂടുതലാവരുത്. ഈ നിയമത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ ആദ്യമൊരു വിസയിൽ വന്ന് പരമാവധി തങ്ങി മടങ്ങിയ ശേഷം ഒരു വർഷം കഴിയുംമുമ്പ് രണ്ടാമതൊരു വിസയെടുത്ത് പരമാവധി ദിവസം തങ്ങിയതാണ് പിഴയിലേക്ക് നയിച്ചത്.
കഴിഞ്ഞ വർഷം ജൂലൈ മൂന്നിനാണ് ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയിൽ ആദ്യം ഹമീദ് സൗദിയിലെത്തിയത്. കൃത്യം 89 ദിവസം പൂർത്തിയായപ്പോൾ മടങ്ങുകയും ചെയ്തു. ഉടൻ അടുത്ത ടൂറിസം വിസക്ക് അപേക്ഷിച്ചു. 90 ദിവസത്തെ മൾട്ടിപ്പിൾ എൻട്രി വിസ ലഭിച്ചു. കഴിഞ്ഞ ഒക്ടോബർ 29ന് റിയാദ് എയർപോർട്ടിൽ ഇറങ്ങി. അസ്വാഭാവികത ഒന്നുമില്ലാതെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങുകയും ചെയ്തു.
മുൻ തവണത്തേതു പോലെ 89 ദിവസം പൂർത്തിയാക്കി മടക്കയാത്രക്ക് എയർപോർട്ടിലെത്തിയപ്പോൾ എക്സിറ്റ് നടപടി പൂർത്തിയാക്കാനായില്ല. 8,700 റിയാൽ പിഴയടച്ചുവരാൻ ഉദ്യോസ്ഥൻ സ്ലിപ്പ് നൽകി. കാര്യം അറിയാതെ അന്തം വിട്ടുപോയ ഹമീദ് എയർപോർട്ടിനകത്തെ പാസ്പോർട്ട് വിഭാഗത്തിലെത്തി വിശദമായി ചോദിച്ചറിഞ്ഞപ്പോഴാണ് തനിക്ക് പറ്റിയ അമളി തിരിച്ചറിഞ്ഞത്. ടൂറിസം വിസയിൽ പരമാവധി ഒരു വർഷം സൗദിയിൽ തങ്ങാനാകുക 90 ദിവസമാണ്.
ആദ്യ വിസയിൽ 89 ദിവസവും രണ്ടാം വിസയിൽ 88 ദിവസവും രാജ്യത്ത് തങ്ങിയ ഹമീദ് 87 ദിവസം സൗദിയിൽ അനധികൃതമായി അധികം തങ്ങിയതിനാണ് നിയമമനുസരിച്ച് ദിവസം 100 റിയാൽ പ്രകാരം 87 ദിവസത്തേക്ക് 8,700 റിയൽ പിഴയിട്ടത്. അതോടെ ജനുവരി 25ന് നിശ്ചയിച്ചിരുന്ന യാത്ര മുടങ്ങി. ഇനി ഓരോ ദിവസവും 100 റിയാൽ വീതം പിഴ ഇരട്ടിക്കുകയാണ്.
ഇത്രയും വലിയ തുക അടക്കാൻ കഴിയാത്തതിനാൽ യാത്ര വൈകുകയാണെന്നും പിഴ പെരുകുന്നതിൽ ആശങ്കാകുലനാണെന്നും ഹമീദ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വിസ നിയമത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ബന്ധപ്പെട്ട വെബ്സൈറ്റിൽ ലഭ്യമാണ്. അത് ശ്രദ്ധിക്കാതെ യാത്രക്ക് ഒരുങ്ങുന്നതാണ് ഇത്തരം നിയമക്കുരുക്കിൽ അകപ്പെടാനിടയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.