സഫ നൂറാ ഷെഫീർ, സംഹ നസീഹ്, ആലിയ മറിയം
റിയാദ്: വിസ്ഡം എജുക്കേഷൻ ബോര്‍ഡിന് കീഴില്‍ ഗൾഫ് സെക്ടറിൽ പ്രവര്‍ത്തിക്കുന്ന മദ്റസകളിലെ 2023-2024 അധ്യയന വര്‍ഷത്തെ അഞ്ച്, എട്ട് ക്ലാസുകളിലെ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു. അഞ്ചാം തരത്തിൽ റിയാദ് സുലൈ മദ്റസത്തു തൗഹീദിലെ സഫ നൂറാ ഷെഫീർ 99.66 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി.
പത്തനംതിട്ട സ്വദേശികളായ ഷെഫീർ ഷാഹുല്‍ - ഷെറീന ദമ്പതികളുടെ മകളാണ് ഈ മിടുക്കി. റിയാദ് മലസ് സലഫി മദ്റസയിലെ സംഹ നസീഹ് 98.66 ശതമാനം മാര്‍ക്കോടെ രണ്ടാം റാങ്കും ആലിയ മറിയം 97 ശതമാനം മാര്‍ക്കോടെ മൂന്നാം റാങ്കും കരസ്ഥമാക്കി.
കോഴിക്കോട് സ്വദേശികളായ നസീഹ് അബ്ദുറഹ്മാൻ, പി.കെ. ഫാത്തിമ ദമ്പതികളുടെ മകളാണ് രണ്ടാം റാങ്ക് നേടിയ സംഹ നസീഹ്. തലശ്ശേരി സ്വദേശികളായ അനീർ, ഐഫ ദമ്പതികളുടെ മകളാണ് മൂന്നാം റാങ്കുകാരി ആലിയ മറിയം. എട്ടാം തരത്തില്‍ ഖത്തർ ദോഹ അൽമനാർ മദ്റസയിലെ ഫാത്തിമ സഹ്റ ബത്തൂൽ 95 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി. അതേ മദ്റസയിലെതന്നെ എ.പി. ഫാത്തിമ റിസാ 88.75 ശതമാനം മാര്‍ക്കോടെ രണ്ടാം റാങ്കും എ.പി. ഫാത്തിമ റിദ 86.75 ശതമാനം മാര്‍ക്കോടെ മൂന്നാം റാങ്കും കരസ്ഥമാക്കി.
പരീക്ഷാർഥികൾക്ക് https://madrasa.wisdomislam.org എന്ന വെബ് പോർട്ടലിൽ അവരുടെ രജിസ്റ്റർ നമ്പർ നൽകി ഫലമറിയാനും മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യാനും സാധിക്കും. മതവിദ്യാഭ്യാസ രംഗത്ത് വിവിധ പ്രായങ്ങളിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അനുയോജ്യമായ വിവിധ മതപഠന കോഴ്സുകള്‍ ആര്.ഐ.സി.സി. എജുക്കേഷന്‍ വിങ്ങിന് കീഴില്‍ നടക്കുന്നുണ്ടെന്ന് മദ്റസ അധികൃതർ അറിയിച്ചു.
റിയാദിലെ മൂന്ന് ഏരിയകളിലായി നസീം മദ്റസത്തു അബ്ദുല്ലാഹ് ഇബ്നു മസ്ഊദ്, മലസ് സലഫി മദ്റസ, സുലൈ മദ്റസത്തു തൗഹീദ് എന്നിവയിൽ വെള്ളി, ശനി ദിവസങ്ങളിലാണ് അധ്യയനം നടക്കുന്നത്. ദാറുല്‍ ഫിത്റ ഇസ്ലാമിക് പ്രീ-സ്കൂളിൽ ആഴ്ചയില്‍ അഞ്ചു ദിവസവും ക്ലാസുകള്‍ നടക്കുന്നുണ്ട്.
ഹൈസ്കൂള്‍, പ്ലസ് ടു പ്രായത്തിലുള്ള കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏർപ്പെടുത്തിയ കണ്ടിന്യൂയിങ് റിലീജിയസ് എജുക്കേഷന്‍ (സി.ആര്.ഇ) കോഴ്സും റിയാദില്‍ നടന്നുവരുന്നു.
എജുക്കേഷന്‍ വിങ് ചെയര്മാന് ഷുക്കൂർ ചക്കരക്കൽ, ജനറല്‍ കണ്‍വീനര്‍ നസീഹ് കോഴിക്കോട്, കണ്‍വീനര്‍മാരായ ജാവീദ് ആലം, അജ്മൽ കള്ളിയൻ എന്നിവര്‍ പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടിയ എല്ലാ വിദ്യാർഥികളെയും അനുമോദിച്ചു.
സെപ്റ്റംബർ ആറിന് ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തെ മദ്റസയിലേക്കുള്ള അഡ്മിഷന് തുടരുകയാണെന്നും 0500373783, 0502261480, 0508157415 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും മദ്റസ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.