റിയാദ്: കോവിഡ് തുടങ്ങിയശേഷം സൗദി അറേബ്യയിൽനിന്ന് നാടുകടത്തിയ ഇന്ത്യൻ തടവുകാരുടെ എണ്ണം 1945 ആയി. ബുധനാഴ്ച 362 പേർ കൂടി ഇന്ത്യയിലേക്ക് തിരിച്ചതോടെയാണ് അഞ്ചുമാസത്തിനിടെ നാടണഞ്ഞ തടവുകാരുടെ എണ്ണം ഉയർന്നതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. റിയാദിൽനിന്ന് 211ഉം ജിദ്ദയിൽനിന്ന് 151ഉം തടവുകാരെയും വഹിച്ചുള്ള സൗദി എയർലൈൻസ് വിമാനം വ്യാഴാഴ്ച ഡൽഹിയിലെത്തി.
വിവിധ സംസ്ഥാനക്കാരായ ഇവർ കോവിഡ് പ്രോേട്ടാകോൾ പ്രകാരമുള്ള ക്വാറൻറീൻ കാലയളവ് പൂർത്തിയാക്കി സ്വന്തം വീടുകളിലേക്ക് തിരിക്കും. ഡൽഹി, ഉത്തർപ്രദേശ്, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളാണ് ഇവർക്കായി ക്വാറൻറീനുൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കിയത്. വിവിധ നിയമലംഘനങ്ങൾക്ക് പിടിയിലായി നാടുകടത്താൻ ശിക്ഷിക്കപ്പെട്ട് സൗദി അറേബ്യയിലെ വിവിധ നാടുകടത്തൽ (തർഹീൽ) കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്നതാണ് 1945 പേരും.
മലയാളികളടക്കം എല്ലാ സംസ്ഥാനങ്ങളിൽനിന്നുള്ളവരുമുണ്ട്. മറ്റിടങ്ങളിലെ തർഹീലുകളിൽ നിന്നുള്ളവരെ റിയാദിലെയും ജിദ്ദയിലെയും തർഹീലുകളിൽ എത്തിച്ച ശേഷമാണ് ഒരുമിച്ച് കയറ്റിവിടുന്നത്. രണ്ടിടത്തും കൂടി ഇനി വളരെ കുറച്ചുപേരെ അവശേഷിക്കുന്നുള്ളൂ എന്നും ഇന്ത്യൻ എംബസി അറിയിച്ചു.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് അന്താരാഷ്ട്ര വിമാനസർവിസ് നിർത്തിവെച്ച സാഹചര്യത്തിൽ തടവുകാരുടെ തിരിച്ചയക്കൽ തടസ്സപ്പെട്ടിരുന്നു. ഇതോടെ റിയാദിലും ജിദ്ദയിലും തർഹീലുകളിൽ ഇന്ത്യൻ തടവുകാരുടെ എണ്ണംപെരുകി. തുടർന്ന് ഇന്ത്യൻ എംബസി സൗദി കാര്യാലയങ്ങളുമായി ഇടപെട്ട് മേയ് മാസത്തിൽ 421 പേരെ റിയാദിൽനിന്നും ഹൈദരാബാദിലേക്ക് കയറ്റി അയച്ചു. അതിന് ശേഷം നീണ്ട ഇടവേളയുണ്ടായി.
സെപ്റ്റംബർ 23നാണ് വീണ്ടും കയറ്റി അയക്കൽ നടപടി തുടങ്ങിയത്. അന്ന് റിയാദിൽനിന്ന് 231 പേർ ചെന്നൈയിലേക്കും 27ന് ജിദ്ദയിലെ തർഹീലിൽ നിന്ന് 351 പേർ ഡൽഹിയിലേക്കും പോയി. ഒക്ടോബർ ആറിന് 580 പേരെ റിയാദിൽനിന്ന് രണ്ട് വിമാനങ്ങളിലായി ഡൽഹിയിലേക്കും ലഖ്നോവിലേക്കും കയറ്റിവിട്ടു.
ഏറ്റവും ഒടുവിൽ ബുധനാഴ്ച 362 പേർ കൂടി പോയതോടെയാണ് ആെക എണ്ണം 1945 ആയത്. ജിദ്ദയിൽനിന്നുള്ളവരെയും വഹിച്ചുള്ള വിമാനം റിയാദിലിറങ്ങി ഇവിടെനിന്നുള്ളവരെയും കൂടി കയറ്റിയാണ് ഡൽഹിയിലേക്ക് പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.