ജിദ്ദ: 2030ലെ ആഗോള വാണിജ്യ മേളക്ക് ആതിഥേയത്വം വഹിക്കാൻ സന്നദ്ധതയും താൽപര്യവും അറിയിച്ച് സൗദി അറേബ്യ. വേൾഡ് എക്സ്പോ 2030 റിയാദിൽ നടത്താൻ അവസരം തേടി അന്താരാഷ്ട്ര എക്സ്പോസിഷൻസ് ഓർഗനൈസിങ് ബ്യൂറോക്ക് (ബി.െഎ.ഇ) ഔദ്യോഗികമായി അേപക്ഷ സമർപ്പിച്ചു.
2031 ഒക്ടോബർ ഒന്നു മുതൽ ഏപ്രിൽ ഒന്നു വരെ 'മാറ്റത്തിെൻറ യുഗം: നമ്മുടെ ഗ്രഹത്തെ ഭാവിയിലേക്ക് നയിക്കുന്നു' എന്ന പ്രമേയത്തിൽ മേള നടത്താനാണ് അപേക്ഷ നൽകിയതെന്ന് സൗദി അറേബ്യ വ്യക്തമാക്കി. കിരീടാവകാശിയും റിയാദ് സിറ്റി റോയൽ കമീഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് ഇത് സംബന്ധിച്ച കത്ത് അന്താരാഷ്ട്ര എക്സ്പോസിഷൻസ് ബ്യൂറോ സെക്രട്ടറി ജനറൽ ദിമിത്രി കെർകെൻസെസിന് അയച്ചത്. അന്താരാഷ്ട്ര എക്സ്പോയുടെ ചരിത്രപരമായ പതിപ്പ് ഏറ്റവും ഉയർന്ന നവീനതകളോടെ നടത്താനും ചരിത്രത്തിൽ അഭൂതപൂർവമായ ആഗോള അനുഭവം നൽകാനും സൗദി അറേബ്യക്ക് കഴിവും പ്രതിബദ്ധതയുമുണ്ടെന്ന് കിരീടാവകാശി കത്തിൽ സൂചിപ്പിച്ചു. ആദ്യമായി അപേക്ഷിക്കുന്നവർക്ക് വേൾഡ് എക്സ്പോ സംഘടിപ്പിക്കാനുള്ള അവസരം നൽകുന്നത് സാംസ്കാരിക ധാരണക്കും മാനുഷിക വിനിമയത്തിനുമുള്ള ഒരു വേദി എന്ന നിലയിൽ ബി.ഐ.ഇയുടെ പങ്ക് ശക്തിപ്പെടുത്തുമെന്നും ഒപ്പം വികസിച്ചുകൊണ്ടിരിക്കുന്ന ലോകത്തിെൻറ മാറുന്ന സ്വഭാവത്തെ പ്രതിഫലിപ്പിക്കുമെന്നും വിശ്വസിക്കുന്നതായും കത്തിൽ സൂചിപ്പിച്ചു.
കാലാവസ്ഥ വ്യതിയാനം, നാലാം വ്യാവസായിക വിപ്ലവം, സാമൂഹിക നീതി, ആഗോള മഹാമാരി എന്നീ വെല്ലുവിളികളുടെ വെളിച്ചത്തിൽ മാനവികത ഒന്നിക്കേണ്ടതിെൻറ അഭൂതപൂർവമായ ആവശ്യത്തെ അഭിമുഖീകരിക്കുകയാണ് ലോകമെന്നും കിരീടാവകാശി വ്യക്തമാക്കി. എക്സ്പോ 2030 റിയാദിൽ സംഘടിപ്പിക്കുന്നത് രാജ്യത്തിെൻറ സമഗ്ര വികസന പരിവർത്തന പദ്ധതിയായ 'വിഷൻ 2030'െൻറ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളുടെ പര്യവസാനം ആഘോഷിക്കുന്ന ഒരു വർഷത്തോടൊപ്പമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.െഎ.ഇ സെക്രട്ടറി ജനറലിനുള്ള കിരീടാവകാശിയുടെ കത്ത് റിയാദ് സിറ്റി റോയൽ കമീഷൻ സി.ഇ.ഒ ഫഹദ് അൽറഷീദാണ് കൈമാറിയത്.
എക്സ്പോ 2030ന് ആതിഥേയത്വം വഹിക്കാനുള്ള പ്രവർത്തനങ്ങൾക്ക് റിയാദ് സിറ്റി റോയൽ കമീഷനായിരിക്കും മേൽനോട്ടം വഹിക്കുക. ഇൗ വർഷം ഡിസംബറിൽ അപേക്ഷ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പാരിസിലെ ബി.െഎ.ഇക്ക് സമർപ്പിക്കും. 1931 മുതൽ ബി.െഎ.ഇ ആണ് ആഗോള വാണിജ്യ മേളയായ വേൾഡ് എക്സ്പോയുടെ സംഘാടകർ.
ജിദ്ദ: 'എക്സ്പോ 2030' സംഘടിപ്പിക്കാൻ സൗദി അറേബ്യക്ക് പിന്തുണ നൽകുമെന്ന് യു.എ.ഇ പ്രഖ്യാപിച്ചു. ആഗോള മേള റിയാദിൽ സംഘടിപ്പിക്കാൻ സൗദി അപേക്ഷ നൽകിയ ഉടനെയാണ് യു.എ.ഇ വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തും എല്ലാ പിന്തുണയും നൽകുമെന്ന് ട്വീറ്റ് ചെയ്തത്.
സൗദി അറേബ്യ എക്സ്പോ 2030ന് ആതിഥ്യമരുളാൻ അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്, ഇന്നുമുതൽ സൗദിയുടെ അപേക്ഷക്ക് പിന്തുണ പ്രഖ്യാപിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. എക്സ്പോ 2020നുവേണ്ടി ഏഴുവർഷം തങ്ങൾ തയാറെടുപ്പ് നടത്തുന്നതിനിടെ തങ്ങൾ നേടിയ അറിവും അനുഭവവും സഹോദര രാജ്യമായ സൗദി അറേബ്യക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സ്പോയുടെ ഫലങ്ങൾ വർഷങ്ങളോളം നീണ്ടുനിൽക്കും. സൗദിയുടെ വിജയം മുഴുവൻ മേഖലയുടെയും വിജയമാണ്. ഇൗ പദ്ധതിക്ക് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന് എല്ലാ ആശംസകളും നേരുന്നുവെന്നും യു.എ.ഇ വൈസ് പ്രസിഡൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.