ജിദ്ദ: ലോകത്തെ ഏറ്റവും വലിയ വെർച്വൽ ആശുപത്രി സൗദിയിൽ പ്രവർത്തനം തുടങ്ങി. പ്രതിവർഷം അഞ്ചു ലക്ഷം പേർക്ക് ആതുരസേവനം നൽകാൻ ലക്ഷ്യമിട്ടാണ് 'സിഹ്വ വെർച്വൽ ആശുപത്രി' ആരംഭിച്ചത്.
രാജ്യത്തെ 130ലധികം സാധാരണ ആശുപത്രികളുമായും നിരവധി അപൂർവ സ്പെഷാലിറ്റി സ്ഥാപനങ്ങളുമായും സഹകരിച്ചാണ് വെർച്വലായി ആശുപത്രി പ്രവർത്തിക്കുക. ഈ ആശുപത്രികളെയെല്ലാം ഒരേ ശൃംഖലയിൽ കോർത്ത് എല്ലാ ചികിത്സയും മറ്റു സേവനങ്ങളും ഓൺലൈനിൽ ലഭ്യമാക്കുകയാണ് വെർച്വൽ ആശുപത്രിയുടെ ദൗത്യം. അഡ്മിഷൻ സുഗമമാക്കുക, ശുശ്രൂഷ ഉറപ്പാക്കുക, സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുക എന്നിവയാണ് സിഹ്വ വെർച്വൽ ആശുപത്രിയിലൂടെ നടപ്പാക്കുക.
വെർച്വൽ ക്ലിനിക്കുകൾ, സ്ട്രോക്-ക്രിട്ടിക്കൽ കെയർ വെർച്വൽ സർവിസ്, വെർച്വൽ റേഡിയോളജി സർവിസ് തുടങ്ങിയവ ഈ സംവിധാനത്തിലൂടെ ലഭ്യമാകും. മെഡിക്കൽ റോബോട്ട് ഉൾപ്പെടെയുള്ള ഏറ്റവും പുതിയ ചികിത്സാ സാങ്കേതികവിദ്യകളാണ് വെർച്വൽ ആശുപത്രിയിൽ ഒരുക്കുന്നത്. ആശുപത്രിയുടെ പ്രവർത്തനോദ്ഘാടനം ആരോഗ്യമന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജിൽ, കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി എൻജി. അബ്ദുല്ല ബിൻ ആമിർ അൽസവാഹ, ഡിജിറ്റൽ ഗവൺമെൻറ് ജനറൽ അതോറിറ്റി ഗവർണർ എൻജി. അഹമ്മദ് ബിൻ മുഹമ്മദ് അൽ സുവയാൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
രാജ്യത്തിന്റെ സമഗ്ര ദേശീയപരിവർത്തന പദ്ധതിയായ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ചുവടുവെപ്പുകളിലൊന്നാണ് 'സിഹ്വ' വെർച്വൽ ആശുപത്രിയെന്ന് മന്ത്രി പറഞ്ഞു. പൗരന്മാർക്ക് മികച്ച ആരോഗ്യസേവനങ്ങൾ ഒരുക്കാൻ ഇതുവഴി സാധിക്കും.
കൃത്യസമയത്തും എളുപ്പത്തിലും ചികിത്സാസൗകര്യങ്ങൾ ലഭിക്കാൻ ആശുപത്രി സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ പദ്ധതിയിലൂടെ പ്രതിവർഷം അഞ്ചു ലക്ഷം പേർക്ക് ആരോഗ്യസേവനം നൽകാനാവും.
ആശുപത്രിയിലേക്കു വരുകയും പോകുകയും ചെയ്യുകയെന്ന ബുദ്ധിമുട്ട് ഒഴിവാക്കി ഡോക്ടർമാരുമായി വിദൂര സംവിധാനത്തിലൂടെ ആശയവിനിമയം നടത്തി ചികിത്സ നേടാൻ ഈ സംവിധാനത്തിലൂടെ കഴിയും. ഓൺലൈൻ കൺസൽട്ടേഷനിലൂടെ ആരോഗ്യപരിഹാരം നേടാനാകുന്നത് പൗരന് എളുപ്പമാക്കും. ഉദ്ഘാടനത്തിനു ശേഷം മന്ത്രിമാരും മറ്റു വിശിഷ്ടാതിഥികളും വെർച്വൽ ആശുപത്രിയിലെ വിവിധ വകുപ്പുകൾ സന്ദർശിച്ചു.
ജിദ്ദ: രാജ്യത്തെ പൗരന്മാരും വിദേശി താമസക്കാരും ഏറ്റവും മികച്ചതും അത്യാധുനിക സാങ്കേതികവിദ്യകളും ചേർന്നുള്ള ആരോഗ്യ സേവനങ്ങളാണ് ഇഷ്ടപ്പെടുന്നതെന്നും അതനുസരിച്ചുള്ള സൗകര്യങ്ങളാണ് സൗദിയിൽ ഒരുക്കുന്നതെന്നും ആരോഗ്യ സഹമന്ത്രിയും ഔദ്യോഗിക വക്താവുമായ ഡോ. മുഹമ്മദ് അബ്ദു അലി പറഞ്ഞു.
സേവനങ്ങൾ ലഭ്യമാക്കുന്നതിലും ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന കാര്യത്തിലും വെർച്വൽ ആശുപത്രി വേറിട്ടതും അതുല്യവുമായ സംരംഭമാണ്. അറബ് മേഖലയിലും പശ്ചിമേഷ്യയിലും ഇത്തരത്തിലുള്ള ആദ്യ ആശുപത്രിയാണിത്. സേവനങ്ങൾ നൽകുന്നതിന് സഹകരണത്തിന്റെയും സമന്വയത്തിന്റെയും വഴിതുറക്കാൻ ഇതു കാരണമാകും.
മികച്ച കൺസൽട്ടൻറുമാരുടെയും മുൻനിര ആരോഗ്യ വിദഗ്ധരുടെയും മേൽനോട്ടത്തിലായിരിക്കും ആശുപത്രി പ്രവർത്തിക്കുക. സേവനങ്ങൾ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലുമുള്ളവർക്കും ലഭിക്കും.
ആരോഗ്യ മേഖലയിൽ രാജ്യത്തിന്റെ വലിയ ചുവടുവെപ്പുകളിലൊന്നും ശ്രദ്ധേയ നേട്ടവുമായി ഇതിനെ കണക്കാക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.