ജിദ്ദ: യമനി സയാമീസുകളായ 'മവദ്ദ, റഹ്മ' ഇരട്ടകളുടെ വേർപ്പെടുത്തൽ ശസ്ത്രക്രിയ വ്യാഴാഴ്ച റിയാദിൽ നടക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവ് ആവശ്യപ്പെട്ടതിനെ തുടർന്ന് യമനിലെ ഏദനിൽനിന്ന് ഒരു മാസം മുമ്പാണ് ഈ ഇരട്ടകളെ വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി റിയാദിലെത്തിച്ചത്.
വ്യാഴാഴ്ച നാഷനൽ ഗാർഡ് മന്ത്രാലയത്തിന്റെ റിയാദിലുള്ള കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിങ് അബ്ദുല്ല ചിൽഡ്രൻസ് സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് ശസ്ത്രക്രിയ. മവദ്ദയെയും റഹ്മയെയയും വേർപ്പെടുത്തുന്ന ശസ്ത്രക്രിയക്ക് ഡോ. അബ്ദുല്ല അൽറബീഅയാണ് നേതൃത്വം നൽകുക.
ശസ്ത്രക്രിയ ഏകദേശം 11 മണിക്കൂർ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ആറ് ഘട്ടങ്ങളിലായാണ് ശസ്ത്രക്രിയ നടക്കുക. 28 ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും ടെക്നീഷ്യൻമാരും നഴ്സിങ് സ്റ്റാഫും സംഘത്തിലുണ്ടാകും. സയാമീസ് ഇരട്ടകൾ പെൺകുട്ടികളാണ്. ജനിച്ചത് നെഞ്ചിലും അടിവയറ്റിലും ഒട്ടിപ്പിടിച്ച നിലയിലാണ്.
പരിശോധനകൾ അനുസരിച്ച് അവർ കരളും കുടലും പങ്കിടുന്നുവെന്നും ഡോ. റബീഅ പറഞ്ഞു. രാജ്യത്തെ മെഡിക്കൽ ടീമിനും ആരോഗ്യമേഖലയ്ക്കും മാനുഷിക സഹായം ആവശ്യമുള്ളവർക്കും സൽമാൻ രാജാവും കിരീടാവകാശിയും നൽകി വരുന്ന പിന്തുണക്ക് ഡോ. അൽറബീഅ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.