ജിദ്ദ: സൻആയിലെ തന്റെ സന്ദർശനം യുദ്ധവിരാമവും വെടിനിർത്തലും തടവുകാരുടെ കൈമാറ്റവും ലക്ഷ്യമിട്ടാണെന്ന് യമനിലെ സൗദി അംബാസഡറും യമന്റെ പുനർനിർമാണത്തിനും വികസനത്തിനുമുള്ള സൗദി പദ്ധതിയുടെ ജനറൽ സൂപ്പർവൈസറുമായ മുഹമ്മദ് ബിൻ സഇൗദ് ആലു ജാബിർ പറഞ്ഞു.
ഒമാനിൽ നിന്നുള്ള പ്രതിനിധി സംഘത്തിന്റെ സാന്നിധ്യത്തിൽ നടത്തിയ സൻആ സന്ദർശനത്തെക്കുറിച്ച് ട്വിറ്ററിലാണ് ആലു ജാബിർ ഇക്കാര്യം പറഞ്ഞത്. യമൻ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും യമനിലെ രാഷ്ട്രീയ സ്ഥിരതക്കായി 2021ൽ സൗദി ആരംഭിച്ച സംരംഭത്തിന്റെ ഭാഗമാണ് തന്റെ സന്ദർശനമെന്നും ആലു ജാബിർ വ്യക്തമാക്കി.
സൗദി-ഇറാൻ ബന്ധം പുനരാരംഭിക്കുന്ന പശ്ചാത്തലത്തിൽ സൗദി അംബാസഡറുടെ യമൻ തലസ്ഥാന നഗരത്തിലെ സന്ദർശനത്തിന് വലിയ രാഷ്ട്രീയ പ്രധാന്യം കൽപിക്കപ്പെട്ടിരുന്നു. യമൻ വിമതരുടെ നിയന്ത്രണത്തിലായ സൻആയിൽ വളരെ അപൂർവമായേ സൗദി അംബാസഡർ പോയിട്ടുള്ളൂ. അതുകൊണ്ടുതന്നെ ഇത്തവണത്തെ സന്ദർശനം ശ്രദ്ധനേടി. അവിടെയെത്തിയ സൗദി പ്രതിനിധി സംഘം ഹൂതികളുമായി ചർച്ച നടത്തിയെന്നാണ് വിവരം.
ഞായറാഴ്ചയാണ് സൗദി, ഒമാൻ പ്രതിനിധി സംഘങ്ങൾ സൻആയിലെത്തിയത്. യുദ്ധവിരാമവും വെടിനിർത്തലും സ്ഥാപിക്കുക, തടവുകാരുടെ കൈമാറ്റ പ്രക്രിയയെ പിന്തുണയ്ക്കുക, യമനിലെ വിമത വിഭാഗങ്ങൾ തമ്മിലുള്ള സംഭാഷണ വഴികൾ ചർച്ച ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഒമാനിൽ നിന്നുള്ള പ്രതിനിധി സംഘത്തോടൊപ്പം ഞാൻ സൻആയിൽ പോകുന്നതെന്ന് തിങ്കളാഴ്ച ആലു ജാബിർ ട്വിറ്ററിൽ കുറിച്ചിരുന്നു. യമനിൽ സമഗ്രവും സുസ്ഥിരവുമായ ഒരു രാഷ്ട്രീയ പരിഹാരമാണ് വേണ്ടത്. സൗദി ഭരണകൂടവും ജനങ്ങളും പതിറ്റാണ്ടുകളായി യമനിലെ സഹോദരങ്ങൾക്കൊപ്പമാണ്.
ഏറ്റവും ഇരുണ്ട സാഹചര്യങ്ങളിലും രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികളിലും അവരോടൊപ്പം നിലകൊള്ളുന്നുണ്ട്. സുരക്ഷിതത്വത്തിന്റെയും സുസ്ഥിരതയുടെയും സാമ്പത്തിക അഭിവൃദ്ധിയുടെയും തിരിച്ചുവരവിനുവേണ്ടിയുള്ള യമനിലെ ജനതയുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ 2011 മുതൽ സൗദി അറേബ്യ ശ്രമങ്ങൾ നടത്തിവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യമൻ പ്രതിസന്ധി പരിഹരിക്കുന്നതിനും യമൻ പാർട്ടികൾ തമ്മിലുള്ള ഭിന്നത പരിഹരിക്കുന്നതിനും 2021-ൽ അവതരിപ്പിച്ച സംരംഭത്തെ പിന്തുണക്കുന്നതിനുമുള്ള ശ്രമങ്ങൾ സൗദി അറേബ്യ തുടരുകയാണ്. 2021 മാർച്ചിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനാണ് യു.എൻ പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ യമൻ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സമഗ്രസംരംഭം പ്രഖ്യാപിച്ചത്. സൻആ വിമാനത്താവളം തുറക്കാനും യമൻ പാർട്ടികൾ തമ്മിൽ രാഷ്ട്രീയ കൂടിയാലോചനകൾ ആരംഭിക്കാനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് വാർത്തസമ്മേളനത്തിൽ വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.