ചാർട്ടേർഡ് വിമാനങ്ങൾ: ട്രാവല്‍ ഏജന്‍സികളുടെ പണശേഖരണം തിരിമറിക്കുള്ള ആസൂത്രിത ശ്രമമെന്ന്​ ആക്ഷേപം

ജിദ്ദ: പ്രവാസലോകത്ത് ദുരിതത്തിലകപ്പെട്ടു കഴിയുന്ന പ്രവാസികളെ ചൂഷണം ചെയ്ത് ട്രാവല്‍ ഏജന്‍സികളുടെ തട്ടിപ്പും വ്യാപകമാവുന്നു. സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടക്കുന്ന വിമാനസർവീസുകളിൽ നാട്ടിലേക്ക് പോവാൻ കഴിയാത്തവർക്കായി ചാർട്ടേർഡ് വിമാനങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്നും ഇതിൽ യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ ടിക്കറ്റിനായി മുൻകൂട്ടി പണം അടക്കണം എന്നുമാവശ്യപ്പെട്ട് ചില ട്രാവൽ ഏജൻസികൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. 

ജിദ്ദയിൽ നിന്നും മെയ് 30,31 തിയ്യതികളിൽ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് പ്രത്യേകം ചാർട്ടർ ചെയ്ത വിമാനസർവീസുകൾ ഉണ്ടാവുമെന്നും അധികൃതരുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നുമാണ് മെസേജുകളിൽ പറയുന്നത്. 2350 മുതല്‍ 2800 വരെ റിയാലാണ് ടിക്കറ്റ് നിരക്കെന്നും ആവശ്യക്കാർ ഉടനെ തങ്ങളുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യണമെന്നും ആവശ്യപ്പെട്ട് അക്കൗണ്ട് നമ്പർ അടക്കം മെസേജുകളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. പറയപ്പെട്ട തിയ്യതികളിൽ വിമാനം ഓപ്പറേറ്റ് ചെയ്യാൻ പറ്റാതെ വരികയാണെങ്കിൽ അടച്ച തുക യാത്രക്കാരുടെ ബാങ്ക് അക്കൗണ്ടിലേക് തിരിച്ചയക്കുമെന്നും അതിനായി യാത്രക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തങ്ങൾക്കയക്കണം എന്നും ട്രാവൽ ഏജൻസികൾ അയക്കുന്ന സന്ദേശത്തിൽ പറയുന്നുണ്ട്. 

എംബസിയിൽ പേര് രജിസ്റ്റർ ചെയ്തവർക്കായിരിക്കും ടിക്കറ്റ് എടുക്കാനുള്ള അനുമതി എന്നുകൂടി മെസേജിൽ പറയുന്നതിനാൽ ടിക്കറ്റ് തീർന്നുപോയേക്കുമോ എന്ന് ഭയന്ന് നൂറുകണക്കിനാളുകളാണ് ഈ കെണിയിൽ കുടുങ്ങി പണം അയച്ചുകൊടുക്കുന്നത് എന്നാണ് അറിയുന്നത്. എന്നാൽ സൗദിയില്‍നിന്ന് ഇന്ത്യയിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള അനുമതി ഇതുവരെ ആയിട്ടില്ലെന്നാണ് എംബസി, കോൺസുലേറ്റ് അധികാരികളിൽ നിന്നും അറിയുന്നത്. ഇത്തരത്തിൽ ഒരു സ്ഥിരീകരണവുമില്ലാതെ ആളുകളിൽ നിന്നും പണം നേരത്തെ ശേഖരിക്കുന്നതിന് പിന്നിൽ ചില തട്ടിപ്പ് ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ജിദ്ദയിലെ സാമൂഹ്യ പ്രവർത്തകരടക്കം പങ്കുവെക്കുന്നത്. 

ഇങ്ങിനെ ഒന്നിച്ചു ലഭിക്കുന്ന പണം തിരിമറി നടത്താനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് പുതിയ പ്രചാരണം എന്നാണ് ആക്ഷേപം. പല ട്രാവൽ ഏജൻസികളും നേരത്തെ നിരവധി ടിക്കറ്റുകൾ വിൽപ്പന നടത്തുകയും യാത്രാ നിരോധം വന്നതിനാൽ ടിക്കറ്റുകളെല്ലാം റിട്ടേൺ വരികയും ചെയ്തിരുന്നു. എന്നാൽ ഇങ്ങിനെ റിട്ടേൺ വന്ന ടിക്കറ്റുകളുടെ പണം മുഴുവനായും തിരിച്ചുകൊടുക്കാൻ അന്ന് സാധിക്കാതിരുന്നവർ ഇപ്പോൾ കർഫ്യു ഇളവുകളുടെ പശ്ചാതലത്തിൽ തങ്ങളുടെ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാനൊരുങ്ങുമ്പോൾ നേരത്തെ റിട്ടേൺ ചെയ്‌ത ടിക്കറ്റുകളുടെ കാശ് മടക്കികൊടുക്കാനുള്ള ശേഖരണമായും ഇതിനെ വിലയിരുത്തുന്നവരുണ്ട്. നൂറുകണക്കിനാളുകളിൽ നിന്നും ഈ രീതിയിൽ പണം ശേഖരിച്ചാല്‍ ലക്ഷക്കണക്കിന് റിയാൽ ട്രാവല്‍ ഏജന്‍സികളുടെ അക്കൗണ്ടിലെത്തും. 

അതേസമയം ചാർട്ടേഡ് വിമാനങ്ങൾക്കുള്ള അനുമതി അന്തിമ ഘട്ടത്തിലാണെന്നാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്ന ട്രാവൽ ഏജൻസികളുടെ വാദം. ഉടൻ സർവീസ് ഉണ്ടായേക്കുമെന്നും വിമാനകമ്പനിക്ക് യാത്രക്കാരുടെ ലിസ്റ്റിനോടൊപ്പം അഡ്വാൻസായി കാശ് കൂടി നൽകേണ്ടതുള്ളതിനാലാണ് യാത്രക്കാരെ കാശ് വാങ്ങി ബുക്ക് ചെയ്യുന്നതെന്നും എന്തെങ്കിലും കാരണത്താൽ വിമാനം സർവീസ് നടത്തിയില്ലെങ്കിൽ ഈ കാശ് തിരിച്ചുകൊടുക്കുമെന്നുമാണ് അവർ ആവർത്തിച്ചു പറയുന്നത്. എന്നാൽ വിമാനസർവീസ് നടക്കാതിരുന്നാൽ പണം തിരികെ കിട്ടുമോ, കിട്ടിയാൽ തന്നെ അതിന് എത്ര നാൾ കാത്തിരിക്കേണ്ടിവരും തുടങ്ങിയ കാര്യങ്ങളിൽ ഒരു ഉറപ്പുമില്ലാത്തതിനാൽ വിമാന സർവീസ് ആരംഭിക്കുന്നുവെന്ന് ഉറപ്പാകാതെ ട്രാവൽ ഏജൻറുമാരുടെ കെണിയിൽ കുടുങ്ങി ആർക്കും കാശ് അയച്ചുകൊടുക്കരുതെന്നാണ് സാമൂഹ്യ പ്രവർത്തകർ അഭിപ്രായപ്പെടുന്നത്.

Tags:    
News Summary - ​ Flight shedule issue in saudi arabia-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.