അജ്മാനില്‍ ഏറ്റവും വലിയ സൈകിളിംഗ് ട്രാക്ക് പണി പൂര്‍ത്തിയാകുന്നു. അജ്മാനിലെ അല്‍ സോറയിലാണ് 15.5 കിലോമീറ്റര്‍ നീളത്തില്‍ സൈക്കിള്‍ സവാരിക്കാര്‍ക്കായി ട്രാക്ക് ഒരുങ്ങുന്നത്. പ്രകൃതി രമണീയമായ സ്ഥലത്താണ് ഈ ട്രാക്ക് ഒരുങ്ങുനത്. വ്യായാമത്തിനായി സൈക്കിള്‍ സവാരി നടത്തുന്നവര്‍ക്ക് ഏറെ മനോഹരമായ രീതിയിലാണ് ഇവിടെ സൗകര്യം ഒരുക്കുന്നത്. നഗരത്തില്‍ നിന്നും ഏറെ അകലെയായി പ്രകൃതി മനോഹാര്യതയോടോപ്പം ശുദ്ധമായ വായു ശ്വസിക്കാന്‍ കഴിയുന്ന പ്രദേശമാണ് സ്വാഭാവിക ആവാസ വ്യവസ്ഥകൾ ആസ്വദിക്കുന്നതിനായി നിര്‍മ്മിക്കപ്പെട്ട ഇക്കോ - ടുറിസം പദ്ധതി കേന്ദ്രമായ അജ്മാന് അല്‍ സോറ. അജ്മാന് ഉമ്മുല്‍ഖുവൈന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്നതാണ് ഈ മനോഹര പ്രദേശം. പ്രകൃതിദത്ത റിസർവ് ഇക്കോ സിസ്റ്റത്തിന്റെയും വൈവിധ്യത്തിന്റെയും പ്രതീകമായ സംരക്ഷിത മേഖലയാണ് ഇത്. പ്രകൃതിക്ക് ഒട്ടും കോട്ടംതട്ടാത്ത വിധത്തിലാണ് ഈ പ്രദേശവും സൈക്കിൾ ട്രാക്കും ഒരുക്കിയിരിക്കുന്നത്. പ്രകൃതിദത്തമായ ഉപരിതലത്തിൽ വിശാലമായ ജലാശയം, കണ്ടല്‍കാടുകള്‍ എന്നിവയുള്ള ഈ പ്രദേശത്ത് ഒരുക്കിയിട്ടുള്ള സൈക്കിള്‍ പാത ആരോഗ്യ ജീവിതം ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രയോജനകരമാകും. പക്ഷികളുടെ ആരവത്തിന്റെ അകമ്പടിയോടെ പ്രകൃതി ഭംഗി ആസ്വദിച്ച് ശുദ്ധവായു ശ്വസിച്ച് വ്യായാമം ചെയ്യാം. ഈ ദീര്‍ഘദൂര പാതയോടനുബന്ധിച്ച് വ്യായാമ നടത്തക്കാര്‍ക്കും സൗകര്യം ഒരുക്കുന്നുണ്ട്. നീര്‍ക്കാക്ക, ചേരക്കോഴി, പാതിരാകൊക്ക് മുതലായവ അല്‍ സോറയിലെ കണ്ടല്‍ക്കാടുകളില്‍ കൂട്ടമായ് ചേക്കേറുന്നത് നയനമനോഹര കാഴ്ചയാണ്. കണ്ടല്കാടുകളോടനുബന്ധിച്ച് മുൻപ് സ്ഥാപിച്ച 2600 മീറ്റര്‍ നീളത്തിലുണ്ടായിരുന്ന പാതയാണ് ഇപ്പോള്‍ ദീർഘിപ്പിച്ചിരികുന്നത്. കുട്ടികള്‍ക്ക് കളിക്കാനുള്ള പാര്‍ക്ക്, ബോട്ടിങ്, കയാക്കിങ്, ചെറിയ മൃഗങ്ങളുടെ കേന്ദ്രം എന്നിവ ഇതിനോട് ചേര്‍ന്നുള്ളതിനാല്‍ കുടുംബവുമായി എത്തുന്നവര്‍ക്ക് ഏറെ ആസ്വാദ്യകരമായിരിക്കും. പത്തു ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള കണ്ടല്‍ കാടുള്ള പ്രദേശത്ത് പിങ്ക് ഫ്ലെമിംഗുകൾ ഉൾപ്പെടെ പ്രാദേശിക, ദേശാടന പക്ഷികളും ഉൾപ്പെടുന്ന 102 ഇനം പക്ഷികൾ വർഷം മുഴുവനും കാണപ്പെടുന്നു. സമുദ്ര വിമാനയാത്ര, അബ്ര, വാട്ടര്‍ സ്പോര്‍ട്സ്, സാഹസിക വിനോദങ്ങൾ, ഔട്ട്ഡോർ ഫിറ്റ്നസ് ക്ലബ്ബ്, ഗോള്‍ഫ് കോര്‍ട്ട് എന്നിവയും പദ്ധതിയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.