ദുബൈ: ഈ ആഴ്ച ദുബൈ വിമാനത്താവളത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നത് 20 ലക്ഷം യാത്രക്കാർ. സ്കൂളുകളുടെ ശൈത്യകാല അവധി അവസാനിച്ചതും ക്രിസ്മസ്-പുതുവത്സര ആഘോഷത്തിനായി സന്ദർശകർ എത്തുന്നതുമാണ് തിരക്കേറാൻ കാരണം.
ജനുവരി മൂന്നു വരെയാണ് വൻ തിരക്ക് പ്രതീക്ഷിക്കുന്നത്. ഈ സമയത്ത് യാത്രക്കാർ നേരത്തേ വിമാനത്താവളത്തിൽ എത്തണമെന്ന് അധികൃതർ
നിർദേശം നൽകി.
ദിവസവും 2.45 ലക്ഷം യാത്രക്കാർ ദുബൈ വിമാനത്താവളം വഴി സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പ് ഫുട്ബാൾ കഴിഞ്ഞ് ദോഹയിൽനിന്ന് മടങ്ങിയ യാത്രക്കാരും ദുബൈയിൽ എത്തിയിട്ടുണ്ട്. യു.എ.ഇയിലെ സന്ദർശനത്തിനുശേഷം ഇവർ മടങ്ങുന്നതും ഈ ആഴ്ചയാണ്. ശൈത്യകാല അവധിക്കുശേഷം യു.എ.ഇയിൽ സ്കൂളുകൾ തിങ്കളാഴ്ചയാണ് തുറക്കുന്നത്. നാട്ടിലേക്ക് മടങ്ങിയ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ഈ ആഴ്ചയിലാണ് തിരിച്ചെത്തുന്നത്. ഏറ്റവും കൂടുതൽ യാത്രക്കാർ എത്തുന്ന വിമാനത്താവളം എന്ന നേട്ടം ദുബൈ തന്നെ നിലനിർത്തിയിരുന്നു. ഡിസംബറിലെ കണക്കിൽ ലണ്ടനിലെ ഹീത്രൂവിനേക്കാൾ അന്താരാഷ്ട്ര യാത്രക്കാർ എത്തിയത് ദുബൈയിലാണ്.
ഈ വർഷം 64.3 ദശലക്ഷം യാത്രക്കാർ ദുബൈ വഴി സഞ്ചരിക്കുമെന്നാണ് കരുതുന്നത്. നേരത്തേ കണക്ക് കൂട്ടിയതിനേക്കാൾ കൂടുതലാണിത്. ലോകകപ്പ് സമയത്തുണ്ടായ കുതിപ്പാണ് യാത്രക്കാരുടെ എണ്ണം വർധിക്കാൻ ഒരു കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.