ദുബൈ: ഇസ്രായേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 86 പേർ ഉൾപ്പെടെ 210 രോഗികളെ ഗസ്സയിൽനിന്ന് യു.എ.ഇയിലെത്തിച്ചു. ലോകാരോഗ്യ സംഘടനയുമായി കൈകോർത്താണ് ഒഴിപ്പിക്കൽ നടപടി പൂർത്തീകരിച്ചത്. റാമൺ വിമാനത്താവളത്തിൽനിന്ന് അബൂദബി വിമാനത്താവളത്തിൽ ഇറങ്ങിയ രോഗികളെ വിദഗ്ധ ചികിത്സക്കായി ആശുപത്രികളിലേക്ക് മാറ്റി. ഗസ്സയിൽ നിന്ന് 22ാമത്തെ സംഘമാണ് കഴിഞ്ഞ ദിവസം എത്തിയത്.
ഗസ്സയിൽ യുദ്ധത്തിൽ പരിക്കേറ്റവരെയും അർബുദ ബാധിതർ ഉൾപ്പെടെയുള്ള രോഗികളേയും സഹായിക്കുന്നതിനായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച സംരംഭത്തിന്റെ ഭാഗമായാണ് മാനുഷിക പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. യുദ്ധത്തിൽ പരിക്കേറ്റ 1000ലധികം കുട്ടികളും 1000 അർബുദ ബാധിതരും യു.എ.ഇയിലെ ആശുപത്രികളിൽ ചികിത്സയിലാണ്.
രോഗികളും കുടുംബങ്ങളും അടക്കം ഇതുവരെ 2127 പേരെയാണ് യു.എ.ഇയിലെത്തിച്ചത്. യു.എ.ഇയും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള ശക്തമായ സഹകരണമാണ് പുതിയ സംരംഭത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ വികസനകാര്യ അസി. മന്ത്രി സുൽത്താൻ മുഹമ്മദ് അൽ ശംസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.