ഷാർജ: അറബ് ലോകത്തെ ശാസ്ത്രീയവും കലാപരവും സാഹിത്യപരവുമായ നേട്ടങ്ങൾ പ്രതിപാദിക്കുന്ന സമ്പൂർണ അറബിക് വിജ്ഞാന കോശം ഷാർജയിൽ നിർമിക്കും. എക്സ്പോ സെന്ററിൽ ആരംഭിച്ച 43ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്യവേ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അറബിക് ഭാഷ, സാഹിത്യം, ശാസ്ത്രം, ചരിത്രം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സമഗ്രമായ പദ്ധതി. അതോടൊപ്പം അറബിക് ഭാഷയുടെ സമ്പൂർണ ചരിത്ര ഗ്രന്ഥം പൂർത്തിയായതായും അദ്ദേഹം പ്രഖ്യാപിച്ചു. ഭാഷയെ സംരംക്ഷിക്കുകയെന്നത് ജനങ്ങളെയും ചരിത്രത്തേയും സാഹിത്യത്തേയും സംരക്ഷിക്കുന്നുവെന്ന തന്റെ വിശ്വാസത്തിൽ നിന്നാണ് ഇത്തരമൊരു ആശയത്തിന്റെ പിറവി.
എഴുത്തുകാർ, എഡിറ്റർമാർ, നിരൂപകർ, മാനേജർമാർ, പ്രൊഡക്ഷൻ ജീവനക്കാർ എന്നിവരുൾപ്പെടെ 700ലധികം പേരടങ്ങുന്ന സംഘത്തിന്റെ നിരന്തര പ്രയത്നം മൂലമാണ് ആ സ്വപ്നം സാക്ഷാത്കരിക്കാനായത്. വർഷങ്ങളുടെ പ്രയത്നത്തിനൊടുവിലാണ് 127 വാള്യങ്ങൾ അടങ്ങിയ ഗ്രന്ഥം പൂർത്തീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘ഏറെ പ്രിയപ്പെട്ട രണ്ട് സംഭവങ്ങൾ ഷാർജയിൽ ആഘോഷിക്കപ്പെടുകയാണ്. അതിൽ ആദ്യത്തേത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയാണ്. പുസ്തകങ്ങൾ രാജ്യങ്ങളുടെ വിജയത്തിനും പുരോഗതിക്കും വികസനത്തിനും നിർണായകമായ പങ്കുവഹിക്കുന്നുണ്ട്. രണ്ടാമത്തെ സന്തോഷം അറബിക് ഭാഷയുടെ സമ്പൂർണ ചരിത്ര ഗ്രന്ഥം പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നതാണ്. ഈ ഉദ്യമത്തിൽ പങ്കാളികളായ എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അറബിക് ഭാഷയുടെ സമ്പൂർണ ചരിത്ര ഗ്രന്ഥം പൂർത്തിയാക്കുന്നതിൽ നിർണായകമായ സംഭാവന നൽകിയ അറബിക് ഭാഷ സ്ഥാപനങ്ങളെ ആദരിച്ചു. പുസ്തകോത്സവത്തിൽ ഈ വർഷത്തെ സാംസ്കാരിക വ്യക്തിത്വ പുരസ്കാരം അൽജീരിയൻ എഴുത്തുകാരിയും നോവലിസ്റ്റുമായ അഹ്ലൻ മൊസ്തേഗാനിമിക്ക് സമ്മാനിച്ചു.
പുസ്തകോത്സവത്തിൽ ഇത്തവണത്തെ അതിഥി രാജ്യമായ മൊറോക്കോയുടെ പ്രതിനിധികളെയും ചടങ്ങിൽ സുൽത്താൻ ആദരിച്ചു. ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൻ ശൈഖ് ബുദൂറും സുൽത്താനെ അനുഗമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.