ദുബൈ: 'നമ്മുടെ ഗൾഫ് ഒന്നാണ്' എന്ന സന്ദേശവുമായി സൗദി പൗരനായ സൈക്ലിസ്റ്റ് ആരംഭിച്ച ജി.സി.സി രാജ്യയാത്ര യു.എ.ഇയിൽ.സൗദി യാംബൂ സ്വദേശിയായ സാലിം ബിൻ സാലിഹ് അൽ ജുഹാനിയാണ് (50) കൊടുംചൂടിൽ മരുഭൂമികൾ മുറിച്ചുകടന്ന് സാഹസിക യാത്രക്കിറങ്ങിയത്. യാംബുവിൽ നിന്ന് കഴിഞ്ഞമാസം 21ന് ആരംഭിച്ച സൈക്കിൾ യാത്ര രണ്ടായിരം കിലോമീറ്റർ പിന്നിട്ടു.
ഗൾഫ് രാജ്യങ്ങളിൽ ചൂട് കൂടിയതിനാൽ യാത്ര സാഹസികമാണെന്ന് അറിഞ്ഞാണ് ഈ ഉദ്യമം. ഒരോയിടത്തും പ്രാദേശിക ബന്ധങ്ങൾ ഉപയോഗപ്പെടുത്തി വിശ്രമിക്കുകയും മറ്റു സഹായങ്ങൾ തേടുകയും ചെയ്യുന്നതാണ് രീതി. എല്ലാ രാജ്യങ്ങളുടെയും തലസ്ഥാന നഗരികൾ കടന്നുപോകുന്ന രീതിയിലാണ് യാത്ര.
യാംബുവിൽ നിന്ന് സൗദി തലസ്ഥാനമായ റിയാദ് വഴി അബൂദബിയിലെത്തിയ ഇദ്ദേഹം അടുത്ത ദിവസങ്ങളിൽ ദുബൈയിലെത്തും.
ഒരേ സംസ്കാരവും ജീവിതവുമുള്ള ഗൾഫ് രാജ്യങ്ങൾക്കിടയിൽ കൂടുതൽ ഉൗഷ്മള ബന്ധങ്ങൾ രൂപപ്പെടാനും ഐക്യം സുദൃഢമാകാനുമുള്ള ആഗ്രഹമാണ് യാത്രയിലൂടെ സാലിം പങ്കുവെക്കുന്നത്. എല്ലാ തലസ്ഥാന നഗരികളും പിന്നിടാൻ ഇനിയും ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടണം.
എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളും തനിക്ക് പ്രവേശനം അനുവദിക്കുമോ എന്നതിൽ ഇദ്ദേഹത്തിന് ആശങ്കയുണ്ട്. എങ്കിലും മുന്നോട്ടുപോകാനാണ് തീരുമാനം.
കഴിഞ്ഞ മൂന്നു വർഷമാണ് സൈക്ലിങ്ങിൽ ദീർഘയാത്രകൾ ചെയ്തത്. സൗദിയിൽ നിരവധി യാത്രകളിൽ പങ്കാളിയായ ഇദ്ദേഹം ആദ്യമായാണ് അതിർത്തി കടന്ന് സഞ്ചരിക്കുന്നത്. സൗദി മുഴുവൻ സഞ്ചരിച്ച 3600 കിലോമീറ്റർ നീണ്ട യാത്രയാണ് ഇക്കൂട്ടത്തിലെ ഏറ്റവും വലുത്. യാത്രകളുടെ ഫോട്ടോകളും വിഡിയോകളും തെൻറ ട്വിറ്റർ അക്കൗണ്ടിലൂടെ ഓരോ ദിവസും പുറത്തുവിടുന്നുണ്ട്. വിവിധ ദേശക്കാരായ സൈക്ലിങ് പ്രേമികൾ നല്ല പ്രോത്സാഹനമാണ് സാലിമിന് നൽകുന്നത്.ദുബൈയിലെത്തുന്ന ഇദ്ദേഹത്തിന് മലയാളി റൈഡേഴ്സ് കൂട്ടായ്മയായ കേരള റൈഡേഴ്സ് യു.എ.ഇ സ്വീകരണം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.