ജനമൊഴുകി; ഏജുകഫേ ചരിത്രത്തിലേക്ക്

ദുബൈ: ദുബൈ ഇതുവരെ കണ്ടിട്ടില്ലാത്ത സമ്പൂര്‍ണ വിദ്യഭ്യാസ കരിയര്‍ മേളക്ക് ആദ്യ ദിനത്തില്‍ തന്നെ ജനപ്രവാഹം. ഗള്‍ഫ് മാധ്യമം ഒരുക്കുന്ന പ്രഥമ എജുകഫെ മേള നടക്കുന്ന ഖിസൈസിലെ ബില്‍വ ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തില്‍  പ്രത്യേകം സജ്ജമാക്കിയ നഗരി, പ്രവാസികള്‍ മക്കളുടെ വിദ്യഭ്യാസത്തിന് എത്രമാത്രം പ്രാധാന്യം നല്‍കുന്നുവെന്ന് വിളിച്ചോതും വിധം തിങ്ങിനിറഞ്ഞു. വൈകിട്ട് മൂന്നു മണിക്ക് മേള നഗരി  തുറന്നുകൊടുത്തത് മുതല്‍ രാത്രി എട്ടു മണിക്ക് വിളക്കണക്കും വരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും നിന്നു തിരിയാനിടമില്ലാത്ത വിധം നിറഞ്ഞൊഴുകി. ഓണ്‍ലൈനില്‍  മുന്‍കൂട്ടി  രജിസ്റ്റര്‍ ചെയ്തവരും നഗരിയില്‍ രജിസ്റ്റര്‍ ചെയ്യാനത്തെിയവരും കൂട്ടത്തോടെ എത്തിയതോടെ കൗണ്ടറുകളും പ്രദര്‍ശന ഹാളും മുഖ്യവേദിയും ജനനിബിഡമായി. വിവിധ എമിറേറ്റുകളില്‍ നിന്ന് മിക്കവരും കുടുംബസമേതമായിരുന്നു എത്തിയത്. 

പത്മശ്രീ ഡോ. ആസാദ് മൂപ്പനാണ് ബിഗ് സ്ക്രീനില്‍ എജുകഫേ ലോഗോ റിമോട്ട് അമര്‍ത്തി തെളിയിച്ച് മേളയുടെ ഒൗപചാരിക ഉദ്ഘാടനം നിര്‍വഹിച്ചത്. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ.ഹംസ അബ്ബാസ് ആമുഖ പ്രഭാഷണം നടത്തി. മേളയുടെ മുഖ്യ പ്രായോജകരായ റെയ്സ് എന്‍ട്രന്‍സ് കോച്ചിങ് സെന്‍റര്‍ ഡയറക്ടര്‍ ഡോ. ദിലീപ് ഉണ്ണികൃഷണന്‍  ആശംസ നേര്‍ന്നു. കേരള പൊതുമരാമത്ത്, നഗരകാര്യ വകുപ്പ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്, മാധ്യമം ജനറല്‍ മാനേജര്‍ സിറാജ് അലി, ഗള്‍ഫ് മാധ്യമം എക്സിക്യൂട്ടീവ് കമ്മിററി അംഗം അബ്ദുസ്സലാം ഒലയാട്ട് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

വിശിഷ്ട കുടുംബങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ്  ആല്‍ മക്തൂം പുരസ്കാരം നേടിയ മലയാളികളായ ഡോ. സംഗീത് ഇബ്രാഹിമിനെയും കുടുംബത്തെയും വിനോദ് കുമാര്‍ പാലയില്‍ ഭാസ്കരന്‍ പിള്ളയെയൂം കുടുംബത്തെയും ചടങ്ങില്‍ ആദരിച്ചു. മാധ്യമം ജനറല്‍ മാനേജര്‍ സിറാജ് അലി ഇവരെ പൊന്നാട അണിയിക്കുകയും പ്രശംസാ ഫലകം നല്‍കുകയും ചെയ്തു.  ഷാര്‍ജ ടെലിവിഷന്‍െറ അറബിക് സംഗീത റിയാലിറ്റി ഷോയില്‍ ഒന്നാമതത്തെിയ മലയാളി സ്കൂള്‍ വിദ്യാര്‍ഥിനി മീനാക്ഷിയും ‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറ ആദരവ് ഏറ്റുവാങ്ങി. ഗള്‍ഫ് മാധ്യമം ദുബൈ ബ്യൂറോ ചീഫ് എം.ഫിറോസ്ഖാന്‍ മീനാക്ഷിയെ പൊന്നാട അണിയിച്ച് പ്രശംസാഫലകം നല്‍കി. 

ഗള്‍ഫ് മാധ്യമം സംഘടിപ്പിച്ച വിദ്യഭ്യാസ,കരിയര്‍ മേളയായ എജുകഫെയുടെ ഉദ്ഘാടന ചടങ്ങില്‍ തിങ്ങിനിറഞ്ഞ സദസ്സ്
 

തുടര്‍ന്ന് നടന്ന ആദ്യ സെഷനില്‍ കേരള പൊതുമരാമത്ത്, നഗരകാര്യ വകുപ്പ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് ‘സ്വപ്നങ്ങളെ എങ്ങനെ കീഴടക്കാം’ എന്ന വിഷയത്തില്‍ സംസാരിച്ചു. തുടര്‍ന്ന് ‘ മിടുക്കരാകാന്‍ വിജയമന്ത്രം’ എന്ന വിഷയത്തില്‍  ഡോ.സംഗീത് ഇബ്രാഹിമും ഭാര്യ സുനൈന ഇഖ്ബാലും  മക്കളും സ്കൂള്‍ വിദ്യാര്‍ഥികളുമായ അമാന്‍ ഇഖ്ബാലും ജഹാന്‍ ഇബ്രാഹിമും പങ്കെടുത്ത പ്രത്യേക സെഷനുമുണ്ടായിരുന്നു. വെള്ളിയാഴ്ച നടന്ന ഈ രണ്ടു പൊതുപരിപാടിയും സ്ത്രീകളും കുട്ടികളുമടക്കം നിറഞ്ഞ സദസ്സിന് മുമ്പാകെയായിരുന്നു. ഇരിപ്പിടം ലഭിക്കാത്തവരുടെ നിര മേളയുടെ പ്രദര്‍ശന ഹാളിലേക്ക് വരെ നീണ്ടു. ആദ്യ ദിനത്തിലെ വന്‍ ജന പങ്കാളിത്തം പ്രദര്‍ശകരായി എത്തിയ  വിദ്യഭ്യാസ സ്ഥാപനങ്ങളിലെ പ്രതിനിധികളെപോലും അദ്ഭുതപ്പെടുത്തി. 

ഇന്ത്യയില്‍ നിന്നും യു.എ.ഇയില്‍ നിന്നുമുള്ള വിദേശസര്‍വകാലാശാലകളടക്കം 30 ഓളം വിദ്യഭ്യാസ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമായും  പത്തു മുതല്‍ 12 വരെ ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ഉദ്ദേശിച്ച് നടത്തുന്ന മേളയില്‍ മറ്റു ക്ളാസുകളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കള്‍ക്കൊപ്പം എത്തിയിരുന്നു. ശനിയാഴ്ച രാവിലെ 10 മണി മുതല്‍ പ്രദര്‍ശനം തുടങ്ങും. രാത്രി എട്ടു മണിക്ക് തിരശ്ശീല വീഴും. വിദ്യഭ്യാസ-തൊഴില്‍ മേഖലയിലെ ഏറ്റവും പുതിയ കോഴ്സുകളും സാധ്യതകളും  അറിയാനും വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കാനുമുള്ള സൗകര്യത്തോടൊപ്പം കുടുംബത്തോടൊപ്പം ഉല്ലാസകരമായ അന്തരീക്ഷത്തില്‍ പഠന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും മനസ്സിലാക്കാനുമുള്ള അവസരമാണ് ഗള്‍ഫ് മാധ്യമം ഒരുക്കിയിരിക്കുന്നത്.

കൂടുതൽ ചിത്രങ്ങൾ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.