ദുബൈ: ശനിയാഴ്ച എജുകഫെ പൂര്‍ണാര്‍ഥത്തില്‍ സജീവമാകും. വിശിഷ്ട വ്യക്തികളുടെയും വിദഗ്ധരുടെയും സാന്നിധ്യത്തില്‍ പ്രചോദക പ്രഭാഷണങ്ങള്‍, കൗണ്‍സലിങ്, മാതൃകാ പ്രവേശ പരീക്ഷ, ആരോഗ്യ-മാനസിക പരിശോധന തുടങ്ങിയ വിവിധ പരിപാടികള്‍ ഇന്ന് മുഖ്യവേദിയിലും അനുബന്ധ ഹാളുകളിലുമായി നടക്കും. ശനിയാഴ്ച രാവിലെ മുതല്‍ മുഖ്യവേദിയിലെ പരിപാടികള്‍ക്ക് സമാന്തരമായി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സൈക്കോളജിക്കല്‍ കൗണ്‍സലിങും കരിയര്‍ കൗണ്‍സലിങ്ങും നടക്കും. പ്ളസ് വണ്‍, പ്ളസ് ടു വിദ്യാര്‍ഥികള്‍ക്ക് കേരള മെഡിക്കല്‍,എന്‍ജിനീയറിങ് പ്രവേശ പരീക്ഷയുടെ സിലബസ് അടിസ്ഥാനമാക്കിയുള്ള മാതൃകാ പ്രവേശ പരീക്ഷ ശനിയാഴ്ച 11 മണിക്ക് മേള നഗരിയില്‍ നടക്കും. വിസ്ഡം എജുക്കേഷനുമായി സഹകരിച്ചാണ് പരീക്ഷ നടത്തുന്നത്.
ശനിയാഴ്ച രാവിലെ 10 മണിക്ക് തുടങ്ങുന്ന മേളയില്‍ മുഖ്യവേദിയില്‍ 10.20നാണ് ആദ്യ സെഷന്‍. പ്രശസ്ത കരിയര്‍ ഗൈഡന്‍സ് കൗണ്‍സലര്‍ സൂസന്‍ മാത്യു പുതിയ കാലത്തെ കോഴ്സുകളെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചും സംസാരിക്കും. 11.05ന് പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. ബിനു കൗമാരക്കാര്‍ നേരിടുന്ന പഠന,സ്വഭാവ വൈകല്യങ്ങളെക്കുറിച്ച് വിശദീകരിക്കും. 12 മണിക്ക് ജോജോ സി കാഞ്ഞിരക്കാടന്‍െറ ഓര്‍മശക്തി പരിശീലന പരിപാടിയാണ്. ഉച്ചക്ക് ശേഷം 2.30ന് മുഖ്യവേദി വീണ്ടും ഉണരും. കുട്ടികള്‍ക്ക് അനുയോജ്യമായ ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ച് സുലേഖ ആശുപത്രിയിലെ ക്ളിനിക്കല്‍ ന്യൂട്രിഷനിസ്റ്റ് ഡോ. സൈദ അര്‍ഷിയ ബീഗം സംസാരിക്കും. മൂന്നു മണിക്ക് കേരളത്തിലെ പ്രമുഖ കരിയര്‍ ഉപദേശകനും മാര്‍ഗദര്‍ശിയുമായ എം.എസ്.ജലീല്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കൗണ്‍സലിങ് ക്ളാസ് നയിക്കും.
നാലു മണിക്കാണ് അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാമിന്‍െറ സന്തത സഹചാരിയായിരുന്ന ഡോ.വി.കതിരേശന്‍ കലാമിനൊപ്പമുള്ള അനുഭവങ്ങള്‍ സദസ്സുമായി പങ്കുവെക്കുക. അഞ്ചു മണിക്ക് എം.ജി.വാഴ്സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ മിടുക്കരെ കാത്തിരിക്കുന്ന വിവിധ സ്കോളര്‍ഷിപ്പുകളെക്കുറിച്ച് ക്ളാസെടുക്കും. ആറു മണിക്ക് ടി.വി അവതാരകനും മജീഷ്യനുമായ രാജ് കലേഷിന്‍െറ ‘മാജിക്കല്‍ ചാറ്റ്’. രാത്രി എട്ടു മണിക്ക് എജുകഫേക്ക് ഒൗപചാരികമായി തിരശ്ശീല വീഴും. ഇതിന് സമാന്തരമായി ശനിയാഴ്ച രാവിലെ മുതല്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സൈക്കോളജിക്കല്‍ കൗണ്‍സലിങും കരിയര്‍ കൗണ്‍സലിങ്ങും നടക്കും.
മുന്‍കൂട്ടി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കേ വ്യക്തിഗത കൗണ്‍സലിങ്ങിനും മോക് പ്രവേശ പരീക്ഷക്കും അവസരം ലഭിക്കൂ. രജിസ്ട്രേഷന്‍ കൗണ്ടറില്‍ നിന്ന് ഇതിനുള്ള കൂപ്പണ്‍ നേരത്തെ വാങ്ങണം. ആരോഗ്യ പരിശോധനക്കും ബ്രെയിന്‍ പ്രൊഫൈലിങ്ങിനും മേള നഗരിയില്‍ സൗകര്യമുണ്ടാകും. പ്രമേഹം, രക്തസമ്മര്‍ദ്ദം, ബി.എം.ഐ പരിശോധനകള്‍ സൗജന്യമായി നടത്തും. ദുബൈയിലെ ഏറ്റവും പ്രശസ്തമായ സ്റ്റുഡിയോ ഗ്രൂപ്പായ ‘ലെന്‍സ്മാന്‍’ സന്ദര്‍ശകരുടെ ഓര്‍മ ചിത്രങ്ങള്‍ സൗജന്യമായി പകര്‍ത്തും. ഫോട്ടോയോടൊപ്പം കിട്ടുന്ന ബാര്‍കോഡ് സ്കാന്‍ ചെയ്താല്‍ ഡിജിറ്റല്‍ ഫോട്ടോ എജുകഫെ ഫേസ്ബുക് പേജിലുടെ ഷെയര്‍ ചെയ്യാനുമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.