അബൂദബി: ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തില്‍ നിന്ന് ഗള്‍ഫ് സെക്ടറിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളെയും ഗള്‍ഫിലെ വിവിധ രാജ്യങ്ങളെയും ബന്ധിപ്പിച്ചുള്ള സര്‍വീസുകളുടെ എണ്ണമാണ് കൂട്ടുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഗള്‍ഫിലേക്ക് നിലവില്‍ ആഴ്ചയില്‍ 96 സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. ഇത് 119 ആയാണ് വര്‍ധിപ്പിക്കുന്നത്. മാര്‍ച്ച് 28 മുതല്‍ പുതീയ സര്‍വീസുകള്‍ പ്രാബല്യത്തില്‍ വരും. കോഴിക്കോട്- ദുബൈ റൂട്ടില്‍ സര്‍വീസുകളുടെ എണ്ണം ഇരട്ടിയാക്കും. നിലവില്‍ ദുബൈയില്‍ നിന്ന് പ്രതിദിനം ഒരു വിമാനമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തുന്നത്. ഇത് രണ്ടാക്കും. കോഴിക്കോട് നിന്ന് രാത്രിയും രാവിലെയുമായിരിക്കും സര്‍വീസ്.
ഇതോടൊപ്പം കോഴിക്കോട് നിന്ന് ബഹ്റൈനിലേക്കും ദോഹയിലേക്കും നേരിട്ട് പുതിയ സര്‍വീസുകളും ആരംഭിക്കുന്നുണ്ട്. കോഴിക്കോട്- അല്‍ഐന്‍-റാസല്‍ഖൈമ-കോഴിക്കോട് റൂട്ടില്‍ തിങ്കള്‍, വെള്ളി ദിവസങ്ങളിലും കോഴിക്കോട്-റാസല്‍ഖൈമ-അല്‍ഐന്‍- കോഴിക്കോട് റൂട്ടില്‍ ബുധന്‍, ശനി ദിവസങ്ങളിലും സര്‍വീസ് നടത്തും.
രണ്ട് ദിവസം റാസല്‍ഖൈമയില്‍ നിന്ന് നേരിട്ടും രണ്ട് ദിവസം അല്‍ഐന്‍ വഴിയുമായിരിക്കും സര്‍വീസ് ഉണ്ടാകുക. നിലവില്‍ അല്‍ഐനില്‍ നിന്ന് കോഴിക്കോട്ടേക്ക് ആഴ്ചയില്‍ ഒരു സര്‍വീസ് മാത്രമാണുള്ളത്. റാസല്‍ഖൈമയില്‍ നിന്ന് എക്സ്പ്രസ് ആദ്യമായാണ് സര്‍വീസ് ആരംഭിക്കുന്നത്.
ദമ്മാം- കോഴിക്കോട് റൂട്ടില്‍ ആഴ്ചയില്‍ നാല് ദിവസം നേരിട്ടുള്ള സര്‍വീസുകളും നല്‍കുന്നുണ്ട്. കുവൈത്ത്- കോഴിക്കോട് റൂട്ടില്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യും. നിലവില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസ് ഉള്ളത് അഞ്ച് ആക്കുകയാണ് ചെയ്യുന്നത്.
ഇതോടൊപ്പം ദുബൈ- തിരുവനന്തപുരം റൂട്ടിലും സര്‍വീസ് വര്‍ധിപ്പിക്കുന്നുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറ റണ്‍വേ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വലിയ കമ്പനികള്‍ സര്‍വീസ് വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് പ്രയാസം അനുഭവിക്കുന്നവര്‍ക്ക് എക്സ്പ്രസ് സര്‍വീസ് വര്‍ധിപ്പിച്ചത് ഏറെ പ്രയോജനപ്പെടും.
ഇതോടൊപ്പം ഗള്‍ഫില്‍ മധ്യവേനല്‍ അവധി തുടങ്ങുന്നതോടെ ടിക്കറ്റ് നിരക്കില്‍ ഉണ്ടാകുന്ന വന്‍ വര്‍ധനക്കിടയില്‍ ആശ്വാസമാകാനും എക്സ്പ്രസിന്‍െറ പുതിയ സര്‍വീസുകളിലൂടെ സാധിക്കും. കേരളത്തിന് പുറമെ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നും എക്സ്പ്രസ് സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. ഡല്‍ഹി- ദുബൈ, ഡല്‍ഹി- ഷാര്‍ജ റൂട്ടുകളില്‍ പുതുതായി പ്രതിദിന സര്‍വീസുകള്‍ നടത്തും. മേയ് പത്ത് മുതല്‍ ആരംഭിക്കുന്ന ഈ സര്‍വീസുകള്‍ക്ക് എക്സ്പ്രസ് വാങ്ങുന്ന ആറ് പുതിയ ബോയിങ് 737 വിമാനങ്ങളില്‍ ഒന്ന് ഉപയോഗപ്പെടുത്തും. വേനല്‍ക്കാല ഷെഡ്യൂളില്‍ മുംബൈ- ദുബൈ, മുംബൈ- ഷാര്‍ജ സര്‍വീസുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ട് പുതിയ സര്‍വീസുകളാണ് ആരംഭിക്കുക. ഇത് ഏപ്രില്‍ ഏഴ് മുതല്‍ പ്രാബല്യത്തില്‍ വരും.
പത്ത് വര്‍ഷം പിന്നിട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് കൊച്ചിയിലേക്ക് സേവനം മാറ്റിയതിന് ശേഷം സര്‍വീസുകളുടെ നിലവാരം മെച്ചപ്പെട്ടിരുന്നു. രണ്ടര വര്‍ഷം മുമ്പ് സര്‍വീസ് റദ്ദാക്കലും വൈകലും മൂലം എക്സ്പ്രസ് യാത്രികര്‍ പ്രയാസപ്പെട്ടിരുന്നുവെങ്കില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി മികച്ച സേവനമാണ് എക്സ്പ്രസ് നല്‍കുന്നത്.
അപൂര്‍വം സാഹചര്യങ്ങളില്‍ മാത്രമാണ് സര്‍വീസ് റദ്ദാക്കിയിട്ടുള്ളത്. മിക്കവാറും ദിവസങ്ങളിലെല്ലാം കൃത്യസമയം പാലിക്കുകയും ചെയ്തിരുന്നു. സര്‍വീസ് റദ്ദാക്കലും വൈകലും അടക്കമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കി വന്‍കിട കമ്പനികളുടെ കാര്യക്ഷമതക്ക് ഒപ്പമത്തൊനും എക്സ്പ്രസിന് സാധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.