ലൂറെ അബൂദബി പൂര്‍ത്തിയാകുന്നു;  നിക്കോളാസ് സര്‍ക്കോസി സന്ദര്‍ശിച്ചു

അബൂദബി: അറബ് ലോകത്തെ ആഗോള മ്യൂസിയം ആയി ഉയരുന്ന അബൂദബിയിലെ ലൂറെ അബൂദബി മ്യൂസിയത്തിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍. ഈ വര്‍ഷം ഉദ്ഘാടനം ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. 
2007ല്‍ അബൂദബിയും ഫ്രഞ്ച് സര്‍ക്കാറും ഒപ്പുവെച്ച കരാറിന്‍െറ അടിസ്ഥാനത്തിലാണ് പാരീസിലെ പ്രശസ്തമായ ലൂറെ മ്യൂസിയത്തിന്‍െറ പിന്തുണയോടെ അബൂദബിയില്‍ ലോകോത്തര മ്യൂസിയം ഒരുങ്ങുന്നത്. അറബ് ലോകത്തെ തന്നെ കലാ- സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായി മാറാന്‍ പോകുന്ന ലൂറെ അബൂദബി മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ്  നിക്കോളാസ് സര്‍ക്കോസി സന്ദര്‍ശിച്ചു. 
മ്യൂസിയം കരാറിലും  നിര്‍മാണ ഉദ്ഘാടനത്തിലും പങ്കാളിയായിരുന്ന സര്‍ക്കോസി ബുധനാഴ്ച രാവിലെയാണ് ലൂറെ അബൂദബി സന്ദര്‍ശിച്ചത്. ഒഴുകി നീങ്ങുന്ന താഴികക്കുടത്തിന്‍െറ മാതൃകയില്‍ നിര്‍മിക്കുന്ന ലൂറെ അബൂദബി  വിനോദ സഞ്ചാര- സാംസ്കാരിക അതോറിറ്റി ചെയര്‍മാന്‍ മുഹമ്മദ് അല്‍ മുബാറക്കിനൊപ്പമാണ് സര്‍ക്കോസി സന്ദര്‍ശിച്ചത്. മ്യൂസിയം സ്ഥാപിക്കാനുള്ള കരാര്‍ ഒപ്പിടുമ്പോള്‍ ഫ്രഞ്ച് പ്രസിഡന്‍റ് സര്‍ക്കോസിയായിരുന്നു.  സ്ഥിരം ആര്‍ട്ട് വര്‍ക്കുകള്‍ക്കും 13 പ്രമുഖ ഫ്രഞ്ച് സ്ഥാപനങ്ങളില്‍ നിന്ന് വായ്പാ അടിസ്ഥാനത്തില്‍ ലഭിക്കുന്ന കലാ സൃഷ്ടികള്‍ക്കുമായി 12 ഗാലറികളാണ് ലൂറെ അബൂദബിയിലുണ്ടാകുക. 2009 മേയ് 26നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒൗപചാരികമായി തുടങ്ങിയത്.  മൊത്തം 24000 ചതുരശ്ര മീറ്ററിലാണ് നിര്‍മാണം. 6000 ചതുരശ്ര മീറ്റര്‍ സ്ഥിരം പ്രദര്‍ശനങ്ങള്‍ക്കും 2000 ചതുരശ്ര മീറ്റര്‍ താല്‍ക്കാലിക പ്രദര്‍ശനങ്ങള്‍ക്കുമായി മാറ്റിവെച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.