ദുബൈ: യു.എ.ഇയിൽ ആദ്യമായി എച്ച്.ആർ ഡിപ്പാർട്ട്മെന്റിനെ ‘ഹ്യൂമൻ ഹാപ്പിനസ് സെന്റർ’ എന്ന് പുനർനാമകരണം ചെയ്ത് ബ്രോണറ്റ് ഗ്രൂപ്. ജീവനക്കാരുടെ സന്തോഷത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്ന തൊഴിൽ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഒക്ടോബർ ആറു മുതൽ പുതിയ പേരിലാണ് എച്ച്.ആർ ഡിപ്പാർട്ട്മെന്റ് അറിയപ്പെടുന്നതെന്ന് ബ്രോണറ്റ് ഗ്രൂപ് വാർത്താക്കുറിപ്പിൽ അറിയിച്ചു. യു.എ.ഇയിലുടനീളമുള്ള തൊഴിലാളികളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2016ൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഹ്യൂമൻ ഹാപ്പിനസ് സെന്റർ എന്ന ആശയം പ്രഖ്യാപിച്ചത്.
ഈ ആശയത്തോട് ചേർന്നുനിൽക്കുന്നതാണ് ബ്രോണറ്റ് ഗ്രൂപ്പിന്റെ പ്രഖ്യാപനമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. ദേശീയ പുരോഗതിയിലും കൂട്ടായ വിജയത്തിലും സന്തോഷത്തിന്റെ പ്രാധാന്യം വലുതാണ്. ശൈഖ് മുഹമ്മദ് ഇതിന്റെ വക്താവാണ്. വിജയത്തിലേക്ക് ചവിട്ടുപടിയാണ് ജീവനക്കാരുടെ സന്തോഷമെന്ന് ബ്രോണറ്റ് ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.പി.എ. സഹീർ പറഞ്ഞു.
എച്ച്.ആർ ഡിപ്പാർട്ട്മെന്റിൽ വിപ്ലവകരമായ പുതിയ മാറ്റം കൊണ്ടുവരുന്നതിൽ വളരെ ആകാംക്ഷഭരിതരാണെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ സന്തോഷത്തിനായി വ്യത്യസ്തമായ പരിപാടികളാണ് രൂപകൽപന ചെയ്തിരിക്കുന്നത്. വിരമിക്കൽ പദ്ധതി, ആരോഗ്യസംരക്ഷണ ശീലം പ്രോത്സാഹിപ്പിക്കൽ, താങ്ങാവുന്ന രീതിയിലുള്ള ഇൻഷുറൻസ് പദ്ധതികൾ, വർക്ക് ലൈഫ് ബാലൻസ് സംരംഭങ്ങൾ, മാനസികാരോഗ്യത്തിനായുള്ള പിന്തുണ, വ്യക്തിഗത വികസന അവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവയാണ് പുതിയ സംരംഭത്തിലൂടെ നടപ്പാക്കുന്നതെന്നും കെ.പി.എ. സഹീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.