ഒരു പാട്ട് മാറ്റിയ ജീവിതം; 72ലും ക്ഷുഭിത യൗവനവുമായി പരത്തുള്ളി രവീന്ദ്രന്‍ 

അബൂദബി: നാടകകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, കഥാകാരന്‍, കവി തുടങ്ങി വിവിധ വിശേഷണങ്ങള്‍ ഉണ്ടെങ്കിലും പരത്തുള്ളി രവീന്ദ്രന്‍ എന്ന 72കാരന്‍െറ ജീവിതം മാറ്റിമറിച്ചത് ഒറ്റപ്പാട്ടാണ്. തൂവെള്ള പോലെ വെളുത്ത് നീണ്ട താടിയുമായി ഇപ്പോഴും കലാരംഗത്ത് സജീവമായ ഇദ്ദേഹത്തിന്‍െറ ജീവിതത്തെ ഒരു പാട്ടിന് മുമ്പും ശേഷവും എന്നാക്കി തിരിക്കാം. 1977ല്‍ ഇറങ്ങിയ പല്ലവി എന്ന സിനിമയിലെ ‘ദേവീക്ഷേത്ര നടയില്‍, ദീപാരാധനാ വേളയില്‍’ എന്ന് തുടങ്ങുന്ന ഗാനമാണ് പരത്തുള്ളി രവീന്ദ്രന്‍െറ ജീവിതത്തില്‍ മാറ്റങ്ങള്‍ക്ക് വഴിവെച്ചത്. പല്ലവി എന്ന സിനിമയുടെ കഥയും തിരക്കഥയും എല്ലാം പരത്തുള്ളിയുടേത് ആയിരുന്നുവെങ്കിലും ഈ ഗാനമാണ് മേല്‍വിലാസമായി മാറിയത്. യേശുദാസിന് മികച്ച ഗായകനുള്ള ആദ്യത്തെ സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ഈ ഗാനമാണ് പരത്തുള്ളിയുടെ ജീവിതത്തിലും വഴിത്തിരിവായി മാറിയത്. ഈ സിനിമയുടെ കഥയും തിരക്കഥയും പരത്തുള്ളിയുടേത് തന്നെയായിരുന്നുവെങ്കിലും ഏറെ ശ്രദ്ധേയമായത് ഗാനമായിരുന്നു. പരത്തുള്ളിയുടെ ജീവിതാനുഭവങ്ങള്‍ തന്നെയാണ് പല്ലവിയെന്ന സിനിമയായതും. ഈ സിനിമയിലെ കൂടി അഭിനയം കണക്കിലെടുത്താണ് സോമന് മികച്ച അഭിനേതാവിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. 
പൊന്നാനിക്കളരിയുടെ ഗുണങ്ങളെല്ലാം ലഭിച്ച പരത്തുള്ളി രവീന്ദ്രന്‍ മലയാളി കൂട്ടായ്മകളുടെ ആദരം ഏറ്റുവാങ്ങുന്നതിനായാണ് ഇപ്പോള്‍ അബൂദബിയില്‍ എത്തിയിരിക്കുന്നത്. വേദനകള്‍ നിറഞ്ഞ ബാല്യവും അനാഥത്വത്തിന്‍െറ കൗമാരവും തീക്ഷ്ണ യൗവനവും എല്ലാം പിന്നിട്ട് 72 വയസ്സിന്‍െറ പാകതയിലത്തെുമ്പോഴും ചിന്തയിലും സംസാരത്തിലും ക്ഷുഭിത കാലത്തിന്‍െറ ഓര്‍മകളാണ്. മരുമക്കത്തായം നിലനിന്ന കാലത്ത് അമ്മാവനോടുള്ള വിയോജിപ്പിന്‍െറ പേരില്‍ അച്ഛനും അമ്മയും വേറിട്ട് താമസിച്ചിരുന്ന ഓര്‍മകളാണ് ബാല്യകാലത്തുള്ളത്. ആറ് വയസ്സ് പിന്നിട്ടപ്പോള്‍ നടത്തിയ ‘ഒളിച്ചോട്ട’മാണ് അമ്മയും അച്ഛനും ഒന്നിച്ചു ജീവിക്കാന്‍ കാരണമായത്. ഒളിച്ചോടി പോയ കുട്ടിയെ വിളിച്ചുകൊണ്ടുവന്ന അമ്മാവനില്‍ നിന്ന് അച്ഛന്‍ കൊണ്ടുപോകുകയായിരുന്നു. അമ്മാവനോടൊപ്പം കഴിഞ്ഞിരുന്ന അമ്മയും അച്ഛന്‍െറ വീട്ടിലത്തെിയപ്പോഴാണ് കുടുംബ ജീവിതത്തിന്‍െറ സുഖം അനുഭവിക്കുന്നത്. എന്നാല്‍, അധികം വൈകാതെ പിതാവ് രോഗിയായി മാറുകയും താന്‍ കൗമാരത്തിലേക്ക് എത്തും മുമ്പ് മരണപ്പെടുകയും ചെയ്തതായി പരത്തുള്ളി പറയുന്നു. പത്താം ക്ളാസ് രണ്ട് പ്രാവശ്യമായി എഴുതി വിജയിച്ചെങ്കിലും തുടര്‍പഠനത്തിന് പോകാന്‍ വീട്ടിലെ സാഹചര്യം അനുവദിച്ചില്ല. തുടര്‍ന്ന് അടയ്ക്കയും മറ്റുമെല്ലാം കച്ചവടം നടത്തുന്ന കടയില്‍ കണക്കപ്പിള്ളയായി. തുടര്‍ന്ന് ചിറ്റ്സ് സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിച്ചു. ഇവിടെ വെച്ചാണ് അടുത്ത സുഹൃത്തായി മാറിയ കെ.സി. മുഹമ്മദിനെ പരിചയപ്പെടുന്നത്. തന്‍െറ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തില്‍ അടുപ്പക്കാരും ബന്ധുക്കളും എല്ലാം കൈയൊഴിഞ്ഞപ്പോള്‍ ചോദിക്കാതെ തന്നെ സഹായവുമായി എത്തിയത് മുഹമ്മദാണെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യയുടെ കാതിലെ ചിറ്റ് മുറിച്ചെടുത്ത് വിറ്റ് കാര്യങ്ങള്‍ ചെയ്യാന്‍ ഏല്‍പിക്കുകയായിരുന്നു. മുഹമ്മദുമായുള്ള സൗഹൃദത്തിന്‍െറ കഥയാണ് പല്ലവി എന്ന സിനിമയായത്.
 ശ്രദ്ധിക്കപ്പെടുന്ന പാട്ടുകള്‍ എഴുതിയിട്ടും സിനിമയില്‍ തുടരാന്‍ കഴിയാത്തത് തന്‍െറ നിലപാടുകളും ആശയങ്ങളും യോജിച്ചുപോകാത്തതിനാലായിരിക്കാമെന്ന് പരത്തുള്ളി രവീന്ദ്രന്‍ പറയുന്നു. കുടുംബ സാഹചര്യങ്ങള്‍ വഴി അപകര്‍ഷതാ ബോധവും ഉണ്ടായിരുന്നത് തിരിച്ചടിയായി. അവസരങ്ങള്‍ ചോദിച്ചുപോകാനും മടിയായിരുന്നു. താന്‍ എഴുതിയ പാട്ടുകളുടെ റെക്കോഡിങിന് പോലും സ്റ്റുഡിയോയില്‍ എത്തിയിരുന്നില്ല. അതേസമയം, നാടകവും റേഡിയോയും വലിയ അവസരങ്ങളാണ് ഒരുക്കിത്തന്നതെന്നും അദ്ദേഹം പറഞ്ഞു. 
ബാല്യത്തിലും കൗമാരത്തിലും വിഷമ വേളകളില്‍ വേദനകളോടെ പാടിയിരുന്നു. അതാണ് തന്നെ എഴുത്തുകാരനാക്കിയത്. ഏതൊരാള്‍ക്കും വിജയിക്കാന്‍ സാധിക്കുമെന്നതിന് തന്‍െറ ജീവിതം തന്നെയാണ് സാക്ഷ്യം. പത്താം ക്ളാസിന് അപ്പുറം പഠിക്കാത്ത എനിക്ക് ജീവിതമായിരുന്നു സര്‍വകലാശാല. അതിനാല്‍ തന്നെ പച്ച മനുഷ്യരുമായി അടുത്തിഴകാനും സാധിച്ചു- പരത്തുള്ളി രവീന്ദ്രന്‍ പറഞ്ഞു. 
കേരളത്തിന്‍െറ ഇന്നത്തെ അവസ്ഥയില്‍ ഏറെ ദു$ഖമുണ്ട്. മലയാളികളുടെ മനസ്സുകള്‍ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. തുരുത്തുകളിലേക്ക് മലയാളികള്‍ മാറിക്കൊണ്ടിരിക്കുന്നു. 
മതേതരത്വത്തിന് പേരു കേട്ട കേരളത്തില്‍ ഇത്തരം അവസ്ഥ ഉണ്ടാകുന്നത് നമ്മളെല്ലാം ചേര്‍ന്ന് ഒഴിവാക്കേണ്ടതുണ്ട്. ഓരോ വ്യക്തിയുടെയും പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ കലുഷിതമായി മാറുന്ന സാമൂഹിക സാഹചര്യത്തെ ഒഴിവാക്കാനും സൗഹാര്‍ദം നിലനിര്‍ത്താനും സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. എടപ്പാള്‍ സ്വദേശിയായ പരത്തുള്ളി രവീന്ദ്രന്‍ ഇപ്പോള്‍ ചേലേമ്പ്രയിലാണ് താമസം. ചന്ദ്രികയാണ് ഭാര്യ. മക്കള്‍: രാജീവ്, മജ്ഞുള, പ്രസൂണ്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.