ചര്‍ച്ചയും ചിന്തയും വോട്ടുമാത്രം

ദുബൈ: മലയാളികളുടെ തെരഞ്ഞെടുപ്പ് ജ്വരം  ഗള്‍ഫില്‍ തന്നെ ഏറ്റവുമധികം ദൃശ്യമായത് യു.എ.ഇയിലായിരുന്നു. 20 ഓളം സ്ഥാനാര്‍ഥികള്‍ നേരിട്ട് വന്ന് വോട്ടു ചോദിച്ചതും കൂടുതല്‍ പ്രവാസികള്‍ വോട്ടുചെയ്യാന്‍ നാട്ടില്‍ പോയതുമാണ് യു.എ.ഇയെ വ്യത്യസ്തമാക്കുന്നത്. പത്രങ്ങളും ടെലിവിഷന്‍ ,റോഡിയോ ചാനലുകളും സാമൂഹിക മാധ്യമങ്ങളും വഴി ലഭിക്കുന്ന നാട്ടിലെ തെരഞ്ഞെടുപ്പാവേശം അതേപടി ആവാഹിക്കുകയാണ് പ്രവാസികള്‍.
മലയാളികള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിലെല്ലാം കേരളം അടുത്ത അഞ്ചു വര്‍ഷം ആരു ഭരിക്കുമെന്നതിനെക്കുറിച്ചാണ് ചര്‍ച്ച. പൊടിപാറുന്ന പേരാട്ടം നടക്കുന്ന വിവിധ മണ്ഡലങ്ങളിലെ ജയ സാധ്യതയെക്കുറിച്ചും ബി.ജെ.പി അക്കൗണ്ട് തുറക്കുമോ എന്നതിനെക്കുറിച്ചുമെല്ലാം വാശിയേറിയ ചര്‍ച്ചകളാണ് എല്ലായിടത്തും. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒത്തുകൂടുന്നിടത്ത് മാത്രമല്ല തൊഴിലിടങ്ങളിലും താമസകേന്ദ്രങ്ങളിലുമെല്ലാം കുറച്ചുദിവസമായി ഇതുതന്നെയാണ് സംസാരം. ഇനി 19 ന് ഫലം വരും വരെ അതു മുറുകിക്കൊണ്ടിരിക്കും.
നാട്ടില്‍ നേരിട്ട് പോയി തെരഞ്ഞെടുപ്പിന്‍െറ ചൂടേല്‍ക്കാനാകാത്തതിന്‍െറ വിമ്മിട്ടം പലരിലും പ്രകടമാണ്.  സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇവിടെ ഇരിപ്പുറക്കുന്നില്ല എന്നതാണ് സത്യം.
ഇത്തവണ ധാരാളം പേര്‍ വോട്ടുചെയ്യാന്‍ നാട്ടില്‍ പോയിട്ടുണ്ട്. പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ സജീവ പ്രവര്‍ത്തകരെല്ലാം നാട്ടിലത്തെിക്കഴിഞ്ഞു. പോകാന്‍ സാധിക്കാത്തവര്‍ കണ്‍വെന്‍ഷനുകളും യോഗങ്ങളും സംഘടിപ്പിച്ച് സംതൃപ്തിയടയുന്നു. വീട്ടിലും നാട്ടിലുമുള്ളവരുടെ പരമാവധി വോട്ടുകള്‍ തങ്ങളുടെ സ്ഥാനാര്‍ഥിക്ക് ഉറപ്പിക്കാനാവശ്യമായ എല്ലാ നീക്കവും നടത്തണമെന്ന ആഹ്വാനമാണ് ഇത്തരം കണ്‍വെന്‍ഷനുകളില്‍ മുഴങ്ങുന്നത്.
പ്രചാരണത്തിനുള്ള ഗള്‍ഫിലെ പരിമിതികള്‍ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകള്‍ വഴി മറികടക്കാന്‍ ശ്രമിക്കുന്നു വലിയൊരു വിഭാഗം.
നാട്ടില്‍ വരെ വൈറാലാകുന്ന പല പ്രചാരണ ആശയങ്ങളുടെയും പ്രഭവ കേന്ദ്രം ഗള്‍ഫാണെന്നതാണ് വാസ്തവം. വാട്ട്സ്അപ്പിലെ കുടുംബ ഗ്രൂപ്പുകളിലും സൗഹൃദകൂട്ടങ്ങളിലും നാട്ടുകൂട്ടായ്മകളിലും തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള മുന്നണിക്കും സ്ഥാനാര്‍ഥികള്‍ക്കും വേണ്ടി സജീവമാണ് പലരും. പലയിടത്തും വാതുവെപ്പും സജീവമാണ്. ഭക്ഷണത്തിനും മൊട്ടയടിക്കാനുമുള്ള പരമ്പരാഗത പന്തയ രീതികള്‍ക്കപ്പുറം ഉല്ലാസ യാത്രകളിലും സ്മാര്‍ട്ട് ഫോണുകളിലും ലാപ്ടോപ്പിലുമെല്ലാം എത്തിനില്‍ക്കുന്നു.
പ്രചാരണത്തിലും യോഗങ്ങളിലും കണ്‍വെന്‍ഷനിലുമെല്ലാം മുസ്ലിം ലീഗിന്‍െറ പ്രവാസി സംഘടനയായ കെ.എം.സി.സി തന്നെയാണ് മുന്നില്‍. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പല ഘട്ടങ്ങളിലായി നാട്ടിലത്തെിക്കഴിഞ്ഞു. ദുബൈയില്‍ നിന്ന് മാത്രം 500 ഓളം പേര്‍ പോയി. വിവിധ പഞ്ചായത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രത്യേക ഗ്രൂപുകളായി പോയിട്ടുള്ളത്. ദുബൈ കെ.എം.സി.സിയുടെ നേതൃത്വത്തിലുള്ള വോട്ടുവിമാനം ശനിയാഴ്ച പുറപ്പെട്ടു. ദുബൈ കെ.എം.സി.സി ഭാരവാഹികളുടെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച്ച നാട്ടിലത്തെിയ പ്രവര്‍ത്തകര്‍ നാട്ടില്‍ പ്രചാരണ ജാഥ,പാട്ട്വണ്ടി, കലാജാഥ എന്നിവയുമായി പ്രചാരണത്തില്‍ സജീവമായി. കോണ്‍ഗ്രസ് സംഘടനയായ ഇന്‍കാസും വിവിധ എമിറേറ്റുകളിലായി സജീവമായി രംഗത്തുണ്ട്. ഇടതു സംഘടനകള്‍ പ്രത്യക്ഷത്തില്‍ രംഗത്തില്ളെങ്കിലും സൈബര്‍ ഇടങ്ങളിലും വ്യക്തിഗത വോട്ടുപിടിത്തത്തിലും ഒട്ടും പിന്നിലല്ല. നിരവധി ഇടതു പ്രവര്‍ത്തകര്‍ ഇത്തവണ വോട്ടുചെയ്യാനായി നാട്ടിലേക്ക് പോയിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.