രാജ്യത്ത് ചൂട് കനക്കുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധര്‍

ദുബൈ: ജനങ്ങളുടെ അകവും പുറവും ഒരുപോലെ പൊള്ളിച്ച് യു.എ.ഇ യില്‍ ചൂടിന്‍െറ കാഠിന്യം കൂടിവരുന്നു. 
കഴിഞ്ഞ രണ്ടാഴ്ചയായി  രാജ്യത്തിന്‍െറ പല ഭാഗങ്ങളിലും ക്രമേണ കടുത്തു വന്ന ചൂടില്‍ നാടും നഗരവും വിയര്‍ത്തൊലിക്കാന്‍ തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിലെ അന്തരീക്ഷ ഊഷ്മാവ് ഉച്ച സമയങ്ങളില്‍ 35 മുതല്‍ 41 ഡിഗ്രി വരെ എത്തി.  അല്‍ ഐന്‍, റാസല്‍ഖൈമ, ഫുജൈറ ഭാഗങ്ങളിലാണ് താപനില കൂടുതല്‍. ഇടക്കിടെ ഉണ്ടാകുന്ന പൊടിക്കാറ്റും ജന ജീവിതത്തെ ബാധിക്കുന്നുണ്ട്.
കടുത്ത ചൂടിലേക്ക് പോകുന്നതോടെ  ഇത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും സാധ്യതയേറി. എല്ലാ വിഭാഗം ജനങ്ങളും, പ്രത്യേകിച്ച് തുടര്‍ച്ചയായി വെയിലുകൊള്ളുന്ന നിര്‍മാണത്തൊഴിലാളികളും മറ്റു പുറം ജോലിക്കാരും  അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആളുകള്‍ ധാരാളം തണുത്ത വെള്ളം കുടിക്കാന്‍  ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചുപറയുന്നു. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ക്ഷീണം അനുഭവപ്പെടാതിരിക്കാനും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുന്നത് അനിവാര്യമാണ്. 
പഴവര്‍ഗങ്ങളിലടങ്ങിയ ജലാംശവും മറ്റു പോഷകാംശവും ക്ഷീണത്തില്‍നിന്നും മുക്തിനേടാന്‍ കഴിയും. 
ചിക്കന്‍, മട്ടന്‍, ബീഫ് പോലുള്ള മാംസാഹാരം കുറച്ച് സസ്യാഹാരം കഴിക്കുന്നതാണ് ചൂടുകാലത്ത് നല്ലതെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. 
മണിക്കൂറുകളോളം ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് കഠിനമായ ചൂടില്‍ ജോലിചെയ്യുന്നവര്‍ക്ക്  ചര്‍മരോഗങ്ങള്‍ പിടിപെടുന്നതായി കാണപ്പെടുന്നു. ചൂട് കാരണം പൈപ്പില്‍ സദാ  ചൂടുവെള്ളമായതിനാല്‍ നേരത്തെ  വെള്ളം സംഭരിച്ചുവെച്ചുവേണം കുളിക്കാനും മറ്റും. 
അല്ലാത്തപക്ഷം തൊലിയില്‍ പാടുകള്‍ പ്രത്യക്ഷപ്പെടാനും മുടി കൊഴിയാനും സാധ്യതയുണ്ട് . ചൂടുവെള്ളത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ച ഐസുകട്ടകള്‍ ലയിപ്പിച്ച് കുളിക്കുന്നവരും കുറവല്ല. ഇത് ശരീരത്തിന് ഗുണകരമല്ളെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
പുറത്തെ വെയിലിന്‍െറചൂടും അകത്തെ എ.സിയുടെ കൃത്രിമത്തണുപ്പും ഓഫീസുകളിലും മറ്റു വ്യാപാരസ്ഥാപനങ്ങളിലും ജോലിചെയ്യുന്നവര്‍ക്ക് വിട്ടുമാറാത്ത ജലദോഷത്തിനും പനിക്കും കാരണമാവുന്നതായി  ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. കഠിനമായ ചൂടില്‍നിന്ന് നേരെ എ.സി.യുടെ തണുപ്പിലേക്ക് വരുമ്പോഴും വൈറല്‍പ്പനി പോലുള്ള അസുഖങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. 
ഈ അവസരങ്ങളില്‍ ശ്വസനേന്ദ്രിയങ്ങളില്‍ ബാക്ടീരിയ വളരാനും ഫംഗസ് ബാധക്കും സാധ്യത ഏറെയാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ആന്‍റി ബയോട്ടിക്കുകള്‍ കഴിച്ചാല്‍ ഇതിന് ശമനമുണ്ടാകും. എ.സി.യുടെ ഫില്‍ട്ടറില്‍നിന്നും വരുന്ന പൊടിപടലങ്ങള്‍ ശ്വസിക്കേണ്ടിവരുന്നത് രോഗത്തിനൊരു കാരണമാണ്. അതിനാല്‍ എ.സി ഫില്‍ട്ടര്‍ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കണം. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.