ദുബൈ: ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെ 220 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച് അപകടകരമായ സാഹചര്യം സൃഷ്ടിച്ച ഡ്രൈവറെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർക്ക് 50,000 ദിർഹം പിഴ ചുമത്തിയ പൊലീസ് വാഹനം പിടിച്ചെടുത്തു.
ഇവർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിൽ കാറിന്റെ ഡാഷ് ബോർഡിലെ സ്പീഡോമീറ്ററിൽ 220 കിലോമീറ്റർ വേഗം ദൃശ്യമാകുന്നുണ്ട്. ഈ ദൃശ്യങ്ങൾ ഡ്രൈവറുടെ സീറ്റിൽനിന്ന് മൊബൈൽ ഫോണിൽ എടുത്തതാണെന്ന് സംശയിക്കുന്നു. അങ്ങനെയെങ്കിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച കുറ്റത്തിന് കനത്ത പിഴയും ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
ഡ്രൈവറെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ട്രാഫിക് നിയമങ്ങൾ മനഃപൂർവം ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടം വരുത്തുന്ന രീതിയിലാണ് ഇവർ വാഹനമോടിച്ചിരുന്നത്.
ഇത്തരത്തിൽ നിരുത്തരവാദപരമായി വാഹനമോടിക്കുകയും അതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നവരെ പിടികൂടാനായി പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ വൈറലായ അഭ്യാസപ്രകടനങ്ങളുടെ വിഡിയോ പരിശോധിച്ച് ഇതിനകം നിരവധി പേരെ അറസ്റ്റ് ചെയ്തു.
ഇതിൽ ഒരാൾ മഴയിൽ കാർ ഡ്രിഫ്റ്റ് ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിനും മറ്റൊരാൾ എസ്.യു.വി ഉപയോഗിച്ച് രണ്ടു ചക്രത്തിൽ അഭ്യാസം കാണിച്ചതിനുമാണ് അറസ്റ്റിലായത്. ഇത്തരത്തിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ വിട്ടുകിട്ടാൻ 50,000 ദിർഹം പിഴ നൽകേണ്ടിവരുമെന്ന് ദുബൈ പൊലീസ് ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.