ദുബൈ: അധികാരത്തിലേറി 43ാം വാർഷികം ആഘോഷിക്കുന്ന അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമിയെ അഭിനന്ദനം അറിയിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
അജ്മാൻ ഭരണാധികാരിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ശൈഖ് മുഹമ്മദ് അഭിനന്ദനം അറിയിച്ചത്. ‘എന്റെ സഹോദരൻ, അജ്മാൻ ഭരണാധികാരിയായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമിക്ക് ഞങ്ങളുടെ ഊഷ്മളമായ ആശംസകളും അഗാധമായ അഭിനന്ദനങ്ങളും അറിയിക്കുന്നു.
ഒപ്പം നിങ്ങളുടെ ജനതക്കും ആശംസ നേരുന്നു. നിങ്ങളോടുള്ള അഗാധമായ സ്നേഹവും ബഹുമാനവും ഞങ്ങൾ കാത്തുസൂക്ഷിക്കുന്നു’ -ശൈഖ് മുഹമ്മദ് എക്സിൽ കുറിച്ചു.
യൂനിയന്റെ ആത്മാവും തത്വങ്ങളും കാത്തുസൂക്ഷിക്കാനും യു.എ.ഇയും അജ്മാനും കെട്ടിപ്പടുക്കാനും നയിക്കാനുമായി അനേകം വർഷങ്ങളാണ് നിങ്ങൾ സമർപ്പിച്ചത്. രാജ്യത്തിന്റെ സ്ഥാപകരുടെ ശരിയായ സുഹൃത്തും പിന്തുണക്കാരുമായി മാറിയ നിങ്ങളിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
1981 സെപ്റ്റംബർ ആറിനാണ് ശൈഖ് ഹുമൈദ് അജ്മാൻ എമിറേറ്റിലെ ഭരണാധികാരിയായി ചുമതലയേൽക്കുന്നത്. യുനൈറ്റഡ് അറബ് എമിറേറ്റിന്റെ സ്ഥാപകരിൽ ഒരാളാണിദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.