വർഗീസ്

46 വർഷത്തെ പ്രവാസം; വർഗീസ് മടങ്ങുന്നു

അബൂദബി: പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് പാണ്ടിച്ചേരിൽ പാപ്പച്ച​െൻറ മകൻ വർഗീസ് (ബേബി) 46 വർഷത്തിലധികം നീണ്ട പ്രവാസ ജീവിതത്തിനുശേഷം 70ാം വയസ്സിൽ പ്രവാസം മതിയാക്കി മടങ്ങുന്നു. മുഹമ്മദ് അബ്​ദുൽ മുഹ്‌സിൻ കരാഫി കമ്പനിയിൽ ക്ലർക്ക് ടൈപിസ്​റ്റ്​ തസ്തികയിൽ ജോലിക്കായി 1975 ഏപ്രിൽ എട്ടിനാണ് അബൂദബിയിലെ പഴയ ബുത്തീൻ വിമാനത്താവളത്തിലെത്തിയത്. അബൂദബിയിലെ കൺസോളിഡേറ്റഡ് കോൺട്രാക്ടേഴ്‌സ് കമ്പനിയിൽ ലാൻഡ് സർവേയറായിരുന്ന സഹോദരൻ ജോസഫാണ് വിസ അയച്ചത്. ചങ്ങനാശ്ശേരി എസ്​.ബി കോളജിൽനിന്ന് ബി.എസ്​സി ഫിസിക്‌സിൽ ബിരുദം നേടിയശേഷം ടൈപ്റൈറ്റിങ് പരിശീലനം നേടിയ യോഗ്യതയുമായാണ് 24ാം വയസ്സിൽ പ്രവാസജീവിതം ആരംഭിച്ചത്. ക്ലർക്ക് ജോലിയിൽ തുടങ്ങി ഒരുവർഷത്തിനുശേഷം സെക്രട്ടറിയായി. കുവൈത്ത്​ കമ്പനിയിലെ അബൂദബി ബ്രാഞ്ച് മാനേജറായിരുന്ന ഫലസ്തീൻ സ്വദേശി റിയാദ് അൽ അസദിക്കൊപ്പമാണ് അന്നുമുതൽ 46 വർഷത്തിലേറെ പ്രവർത്തിച്ചതെന്നതും നേട്ടമായി വർഗീസ് പറയുന്നു. റിയാദ് അൽ അസദി ഈ കാലയളവിൽ മൂന്നു കമ്പനി മാറിയപ്പോഴും അദ്ദേഹത്തോടൊപ്പം സെക്രട്ടറിയായിരുന്ന വർഗീസും ജോലിമാറുകയായിരുന്നു. ആദ്യം അൽ മുഹൈരി ജനറൽ കോൺട്രാക്ടിങ് കമ്പനിയിലേക്കും അവിടെനിന്ന് സ്‌ക്വയർ ജനറൽ കോൺട്രാക്ടിങ്ങിലേക്കും അവിടെനിന്ന് അജിലിറ്റി കോൺട്രാക്ടിങ് കമ്പനിയിലേക്കും കൂടുമാറി. അജിലിറ്റി കോൺട്രാക്ടിങ് കമ്പനിയിൽ വൈസ് പ്രസിഡൻറായ റിയാദ് അൽ അസദിയുടെയും ജനറൽ മാനേജറുടെയും എക്​സിക്യൂട്ടിവ് സെക്രട്ടറിയായാണ് വിരമിച്ചത്.

നിർമാണമേഖലയിൽ പ്രവർത്തിച്ചിരുന്ന കമ്പനികളിലെ ഉദ്യോഗസ്ഥനായ വർഗീസിന് രണ്ടുവരിപ്പാത മാത്രമുണ്ടായിരുന്ന അബൂദബിയുടെ വികസനത്തോടൊപ്പമുള്ള ജീവിതയാത്രയിലെ ഓരോമാറ്റവും സ്വപ്‌നം പോലെയാണിപ്പോഴും. റോഡുകളുടെയും പാലങ്ങളുടെയും നിർമാണത്തിൽ കേന്ദ്രീകരിച്ചിരുന്ന കമ്പനികൾക്കൊപ്പമുള്ള നാലരപ്പതിറ്റാണ്ടിലേറെയുള്ള സേവനം 70ാം വയസ്സിലും ഇന്നലത്തെപ്പോലെയാണ് ഓർമകളിൽ മിന്നിമറയുന്നത്. 46 വർഷം മുമ്പ് ടാക്‌സി കാറുകളെ മാത്രം ആശ്രയിച്ചുള്ള ജീവിതമായിരുന്നു അബൂദബിയിൽ മിക്കവാറും പ്രവാസികളുടേത്. അബൂദബി കോർണിഷി​െൻറ നിർമാണജോലികൾ പൂർത്തീകരിച്ചശേഷം 1979ൽ യു.എ.ഇ ദേശീയ ദിനാഘോഷത്തിന് അന്നത്തെ യു.എ.ഇ പ്രസിഡൻറും അബൂദബി ഭരണാധികാരിയുമായ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാൻ കോർണിഷ് റോഡിലൂടെ നടത്തിയ പരേഡ് അടുത്തുനിന്ന്​ വീക്ഷിക്കാനായത്​ മഹാഭാഗ്യമായി ഓർക്കുന്നു. യു.എ.ഇ പൗരന്മാരുടെ സൗഹാർദപരമായ പെരുമാറ്റവും ആതിഥ്യമര്യാദയും ജീവിതത്തിൽ എന്നും ഓർമിക്കാനും മറ്റുള്ളവർക്ക് പകരാനും കഴിയുന്ന വലിയ സമ്പാദ്യമാണ്. അബൂദബിയിലെ സുദീർഘമായ പ്രവാസജീവിതത്തിനിടയിൽ 1985 മുതൽ 1997വരെ അബൂദബി മലയാളി സമാജത്തിൽ സജീവ പ്രവർത്തകനായിരുന്നു. അബൂദബി സെൻറ് ജോൽജ് ഓർത്തഡോക്‌സ് കത്തീഡ്രൽ ദേവാലയത്തിൽ അംഗമാണ്. അബൂദബിയിലെത്തി ആദ്യ അവധിക്ക്​ നാട്ടിൽ പോയപ്പോഴായിരുന്നു വിവാഹം. 1979 മുതൽ സഹധർമിണി 'ബായ്' കൂടെയുണ്ട്. നാട്ടിലേക്ക്​ മടങ്ങുന്നതും ഇവർ ഒരുമിച്ചാണ്. മൂത്ത മകൾ റിനു ഇതേ കമ്പനിയിൽ അക്കൗണ്ടൻറാണ്. മകൻ റിജുവും ഭാര്യ അഞ്ചുവും ഖത്തറിൽ ഡെൻറിസ്​റ്റുകളാണ്. നാട്ടിലെത്തിയശേഷം ചെറിയ തോതിൽ കൃഷിയുമായി ശേഷിക്കുന്ന ജീവിതം ആസ്വദിക്കണമെന്ന ആഗ്രഹത്തിലാണ് മടക്കം. ഒക്ടോബർ ഒന്നിന് രാത്രി 8.40ന് കൊച്ചിക്കുള്ള വിമാനത്തിലാണ്​ മടക്കയാത്ര.

Tags:    
News Summary - 46 years : Varghese sent off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.