ദുബൈ: യുദ്ധക്കെടുതിയിൽ വലയുന്ന ഗസ്സയിൽ അടിയന്തിര പോളിയോ വാക്സിനേഷൻ കാമ്പയിനിനായി 50ലക്ഷം ഡോളർ നൽകാൻ നിർദേശിച്ച് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. പ്രദേശത്ത് പോളിയോ വീണ്ടും ഉയർന്നുവരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ അടിയന്തിര നടപടി സ്വീകരിക്കുന്നത്. ഫലസ്തീനി ജനതക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് യു.എ.ഇ നൽകിവരുന്ന സഹായത്തിന്റെ തുടർച്ചയെന്ന നിലയിലാണ് കാമ്പയിനിന് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
ആഗസ്റ്റ് 23ന് ലോകാരോഗ്യ സംഘടന ഗസ്സയിൽ ഒരു കുട്ടിക്കെങ്കിലും ടൈപ്പ് 2 പോളിയോ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. 25 വർഷത്തിനിടെ ഈ പ്രദേശത്ത് ആദ്യമായിട്ടാണ് ഇത്തരമൊന്ന് സ്ഥിരീകരിക്കുന്നത്. ലോകാരോഗ്യ സംഘടന, യൂനിസെഫ്, എ.എൻ.ആർ.ഒ.എ എന്നിവയുടെ സഹകരണത്തോടെയാണ് പ്രദേശത്ത് നടത്തുന്ന കാമ്പയിൻ, വൈറസ് പടരുന്നത് തടയാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയിൽ ഗസ്സയിലെ 10 വയസ്സിന് താഴെയുള്ള 6,40,000-ത്തിലധികം കുട്ടികൾക്ക് രണ്ട് ഡോസ് പോളിയോ വാക്സിൻ നൽകും. ഞായറാഴ്ച മധ്യ ഗസ്സയിൽ തുടങ്ങി സൗത്തിലേക്കും പിന്നീട് വടക്കൻ ഗാസയിലേക്കും എത്തുന്ന രീതിയിലാണ് വാക്സിനേഷൻ കാമ്പയിൻ നടക്കുക. കുട്ടികൾക്കും കുടുംബങ്ങൾക്കും ആരോഗ്യ കേന്ദ്രങ്ങളിൽ എത്താൻ സഹായിക്കുന്നതിന് നിർദ്ദിഷ്ട സ്ഥലങ്ങളിൽ കാമ്പയിൻ സമയങ്ങളിൽ വെടിനിർത്തൽ ഇടവേളകളുണ്ടാകും.
ഗസ്സയിൽ യുദ്ധക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കാൻ യു.എ.ഇ ആരംഭിച്ച ഫ്ലോട്ടിങ് ആശുപത്രിയിൽ 1,263 സർജറികൾ പൂർത്തിയാക്കിയതായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ഓപ്പറേഷൻ ഗാലന്റ് നൈറ്റ്-3യുടെ ഭാഗമായാണ് ഈജിപ്തിലെ അൽ ആരിഷിൽ ഫ്ലോട്ടിങ് ആശുപത്രി പ്രവർത്തനമാരംഭിച്ചത്.
ഗസ്സയിൽ യുദ്ധം ആരംഭിച്ചത് മുതൽ വിവിധ ജീവകാരുണ്യ സംരംഭങ്ങൾ യു.എ.ഇയുടെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. ഫീൽഡ് ആശുപത്രി സ്ഥാപിച്ച് ചികിൽസ നൽകുന്നതും തുടരുന്നുണ്ട്. ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്ക് നിരവധി തവണകളിലായി ഭക്ഷണം അടക്കമുള്ള സഹായങ്ങളും എത്തിച്ചിട്ടുണ്ട്. ദൈംദിനാവശ്യങ്ങൾ മുൻനിർത്തിയുള്ള ഉൽപന്നങ്ങളാണ് കൂടുതലായും വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.