ദുബൈ: പരിസ്ഥിതിക്ക് നാശം വരുത്തുന്ന ബ്രാൻഡുകൾ ബഹിഷ്കരിക്കാൻ 58 ശതമാനം അറബ് യുവാക്കളും സന്നദ്ധരാണെന്ന് സർവേ റിപ്പോർട്ട്. ജി.സി.സി രാജ്യങ്ങളിൽ 65 ശതമാനമായി പേരും ഇതിന് തയാറാണ്. ബിസിനസ് രംഗത്തെ പ്രമുഖ കൺസൽട്ടിങ് ഏജൻസിയായ അസ്ദാഅ് അറബ് യുവാക്കൾക്കിടയിൽ നടത്തിയ സർവേയിലാണ് പുതിയ കണ്ടെത്തൽ.
കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് ലോകം നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് യുവാക്കൾക്കിടയിൽ ബോധവത്കരണം ശക്തമാകുന്ന സാഹചര്യത്തിൽ യുവാക്കളുടെ നിലപാടിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് സർവേ വിലയിരുത്തൽ.
കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ആശങ്കകളിൽ 66 ശതമാനം അറബ് യുവാക്കളും അസ്വസ്ഥരാണ്. അഞ്ചു വർഷത്തിനിടെ ഏറ്റവും ഉയർന്ന ശതമാനമാണിതെന്നും സർവേ വ്യക്തമാക്കുന്നു.
കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ച് യുവാക്കൾ മനസ്സിലാക്കുന്നുവെന്നത് പ്രോത്സാഹനജനകമായ കാര്യമാണെന്ന് അസ്ദാഅ് സ്ഥാപകനും ബി.സി.ഡബ്ല്യു മെന പ്രസിഡന്റുമായ സുനിൽ ജോൺ പറഞ്ഞു.
കാലാവസ്ഥയുടെ മാറ്റങ്ങൾ മൂലം ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് മെന മേഖലയിലാണ്.
ലോകത്തെ മറ്റു രാജ്യങ്ങളേക്കാൾ ഇരട്ടി വേഗത്തിലാണ് മെന മേഖലയിൽ താപനില വർധിക്കുന്നത്.
ഹരിതഗൃഹ വാതകങ്ങളുടെ വ്യാപനം നിലവിലെ നിരക്കിൽ വർധിച്ചാൽ 2050ഓടെ താപനില നാല് ഡിഗ്രി സെൽഷ്യസിലെത്തും.
മേഖലയിലെ ചുരുക്കം ചില രാജ്യങ്ങൾ, പ്രത്യേകിച്ച് യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഇറാഖ് എന്നിവ മാത്രമാണ് നെറ്റ് സീറോ ലക്ഷ്യങ്ങൾ മുന്നോട്ടുവെച്ചിട്ടുള്ളതെന്നും സർവേ റിപ്പോർട്ട് പറയുന്നു.
18 അറബ് രാജ്യങ്ങളിലെ 53 നഗരങ്ങളിൽ 18നും 24നും ഇടയിൽ പ്രായമുള്ള 36,000 പേരിലാണ് മുഖാമുഖം സർവേ നടത്തിയത്. ഇതിൽ 71 ശതമാനം അറബ് യുവാക്കളും ആഗോള താപനം നിലവിൽ അവരുടെ ജീവിതത്തെ ബാധിച്ചതായി വെളിപ്പെടുത്തിയപ്പോൾ ഉത്തരാഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള 76 ശതമാനം പേരും മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള 74 ശതമാനം പേരും ഇതിനെ അനുകൂലിച്ചു. അതേസമയം, 87 ശതമാനം അറബ് യുവാക്കളും തങ്ങളുടെ സർക്കാറുകൾ കാലാവസ്ഥ വ്യതിയാനം തടയുന്നതിനുള്ള നടപടികൾ എടുക്കുന്നതായി വിശ്വസിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.